സിപിഎം സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യണം: കെ. സുരേന്ദ്രന്‍

Wednesday 9 September 2015 9:32 pm IST

കാസര്‍കോട്: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശ്രീമുദ്ര കലസാംസ്‌കാരിക കേന്ദ്രവും സിപിഎമ്മും ഈ വിഷയത്തില്‍ രണ്ട് പരാതികള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ആദ്യ പരാതിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത ഒരു സൂചന പോലുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീടിന് സമീപത്താണ് സംഭവം. കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയില്‍ ക്യാമ്പ് ചെയ്തതിന്റെ പിറ്റേന്നാണ് ഗുരുദേവ പ്രതിമ തകര്‍ത്തതായി പോലീസില്‍ പരാതി നല്‍കിയത്. ഇത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. ശ്രീമുദ്രാ കലാസാംസ്‌കാരിക കേന്ദ്രത്തില്‍ വര്‍ഷങ്ങളായി സൂക്ഷിച്ച് വെക്കുകയും ക്ലബ് നടത്തുന്ന ഘോഷയാത്രയിലും മറ്റും ഉപയോഗിക്കുകയും ചെയ്ത് വന്നിരുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിക്കപ്പെട്ട ഗുരുദേവ പ്രതിമയാണ് കൈകള്‍ ഛേദിക്കപ്പെട്ട നിലയില്‍ വഴിയരികില്‍ കണ്ടു എന്നാണ് എഫ്‌ഐആര്‍. എസ്എന്‍ഡിപിയോ ഗുരുദേവ ഭക്തരോ സ്ഥാപിച്ച പ്രതിമയല്ല തകര്‍ക്കപ്പെട്ടത്. പൂര്‍ണ്ണമായും സിപിഎം നിയന്ത്രണത്തിലുള്ള സംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ച പ്രതിമ മാത്രം അവിടെയുള്ള മറ്റ് വസ്തുക്കള്‍ക്ക് യാതൊരു കേടുപാടുകളും കൂടാതെ തകര്‍ക്കപ്പെട്ട നിലയില്‍ വഴിയരികില്‍ കാണപ്പെട്ടുവെന്നത് തന്നെ സംഭവത്തിലെ ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. വാതിലിന്റെ സ്‌ക്രൂ ഇളക്കി മാറ്റിയാണ് പ്രതിമയെടുത്തിരിക്കുന്നതെന്നതിനാല്‍ ഇത് രാഷ്ട്രീയ അക്രമണമല്ലായെന്ന് വ്യക്തമാണ്. രാഷ്ട്രീയാക്രമണമാണെങ്കില്‍ അവിടെയുള്ള വിലപിടിപ്പുള്ള ടിവി, സെല്‍ഫ് തുടങ്ങിയവ നശിപ്പിക്കപ്പെടും. എസ്എന്‍ഡിപിയും സിപിഎമ്മുമായി നിരന്തരമായ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണം സിപിഎം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തു. ബിജെപിയും എസ്എന്‍ഡിപിയുമായി യാതൊരു തര്‍ക്കവും നിലവിലില്ല.  മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രത്തില്‍ അവരുടെ തന്നെ സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ച പ്രതിമ ആര്‍എസ്എസ്സുകാര്‍ തകര്‍ത്തുവെന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാണെന്ന് കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.