വായ്പ കുടിശിക: ജാമ്യക്കാരനില്‍ നിന്നു തുല്യതുക ഈടാക്കണം- സഹകരണ ഓംബുഡ്‌സ്മാന്‍

Wednesday 9 September 2015 10:52 pm IST

കൊച്ചി: വായ്പക്കാരനില്‍ നിന്നോ അയാളുടെ ആസ്തിയില്‍ നിന്നോ വായ്പാ കുടിശിക ഈടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജാമ്യക്കാരനില്‍ നിന്നു സഹകരണ സംഘങ്ങള്‍ക്ക് തുല്യതുക ഈടാക്കാമെന്നു സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പരാതികള്‍ക്കായി എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ ഇന്നലെ നടത്തിയ സിറ്റിംഗില്‍ ഓംബുഡ്‌സ്മാന്‍ എ. മോഹന്‍ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂവാറ്റുപുഴ ഗവ. സര്‍വെന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ പി. കെ. സതീഷ് നല്‍കിയ പരാതിയിലാണു വിധി. ആകെ 48 പരാതികളാണു ലഭിച്ചത്. ഇതില്‍ 26 എണ്ണത്തിന് തീര്‍പ്പു കല്പിച്ചു. ചേര്‍ത്തല പാണാവള്ളി സ്വദേശി സോമന്‍ ഗോപാലന്‍ പാണാവള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരേ നല്‍കിയ പരാതിയില്‍ കടാശ്വാസം ലഭ്യമാക്കാന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നു മത്‌സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഓംബുഡ്‌സ്മാനെ അറിയിച്ചു. കുടിശിക വായ്പാ ഇളവ്, മരണപ്പെട്ടവരുടെ വായ്പയ്ക്കു റിസ്‌ക് ഫണ്ട് ആനുകൂല്യം എന്നിവയുടെ കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പിഴ പലിശ ഒഴിവാക്കി പരാതികള്‍ തീര്‍പ്പാക്കി. സഹകരണ സംഘങ്ങളില്‍ അര്‍ഹതയുള്ളവര്‍ക്കു അംഗത്വം നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.