കൊച്ചി: സോമില്‍ അസോസിയേഷന്റെ വേബ്രിഡ്ജില്‍ വ്യാജ ബില്‍ നല്കി റബര്‍ തടി തൂക്കത്തില്‍ വന്‍ തട്ടിപ്പ്. പെരുമ്പാവൂരില്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള രണ്ട് വേബ്രിഡ്ജുകളിലാണ് വ്യാജ ബില്‍ നല്കി കോടികളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റബര്‍ തടി വില്‍പ്പനയ്ക്കായി എത്തുന്നത് പെരുമ്പാവൂരിലാണ്. പ്ലൈവുഡ്, വിനീര്‍ കമ്പനികളാണ് തടി വാങ്ങുന്നത്.
എംസി റോഡ് വട്ടക്കാട്ടുപടിക്കു സമീപവും അല്ലപ്രയിലുമാണ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള വേബ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ വ്യാജ ബില്ലുകളാണ് തടി തൂക്കുന്നതിനായി എത്തുന്നവര്‍ക്ക് നല്‍കുന്നത്. യഥാര്‍ത്ഥ തൂക്കത്തില്‍ നിന്നും ഒന്നു രണ്ട് ടണ്‍ കുറച്ച് കാണിച്ചാണ് തട്ടിപ്പ്. ഒരു ലോഡ് റബര്‍ തടിയില്‍ പതിനായിരത്തോളം രൂപയുടെ വെട്ടിപ്പാണ് നടക്കുന്നത്. നൂറ് ലോഡ് തടിയെങ്കിലും നിത്യേന പെരുമ്പാവൂരില്‍ എത്തുന്നുണ്ട്. ഒരു ദിവസം 25 ലോഡ് തടിയിലെങ്കിലും യഥാര്‍ത്ഥ തൂക്കത്തില്‍ നിന്നും കുറച്ച് കാണിച്ചുകൊണ്ടുള്ള വ്യാജബില്ലുകള്‍ നല്കുന്നു. ഒരു ലോഡ് 18 ടണ്ണോളം വരും. സൈസ് കുറഞ്ഞ തടിയാണെങ്കില്‍ ഒരു ലോഡ് 22 ടണ്‍ എങ്കിലും തൂക്കം വരും. ഒരു ടണ്‍ തടിക്ക് 4500 നും 5000 നും ഇടയിലാണ് വില വരുന്നത്. ഒരു ലോഡില്‍ രണ്ട് ടണ്‍ തൂക്കം കുറച്ചാല്‍ പതിനായിരത്തോളം രൂപയാണ് ലഭിക്കുന്നത്. സോമില്‍ അസോസിയേഷനിലെ ചിലരും രണ്ട് ബ്രോക്കര്‍മാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിവരുന്നത്. ഇതിന് ചില പ്ലൈവുഡ്, വിനീര്‍ കമ്പനിക്കാരുടെയും ഒത്താശയും ഉണ്ടെന്ന് പറയുന്നു. രണ്ട് വര്‍ഷമായി തൂക്കത്തിന് വ്യാജ ബില്‍ നല്കി തട്ടിപ്പ് തുടരുകയാണ്. 15 കോടിയോളം രൂപയുടെ തട്ടിപ്പ് ഇതുവരെ നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിനീര്‍, പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് പെരുമ്പാവൂര്‍ മേഖലയിലാണ്. കേരളത്തിന്റെ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ നിന്നും റബര്‍ തടി വില്‍പ്പനക്കായി എത്തുന്നത് പെരുമ്പാവൂരിലേക്കാണ്. 400 ഓളം പ്ലൈവുഡ്, വിനീര്‍ കമ്പനികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ധരാത്രിയോടെയാണ് റബര്‍ തടി കയറ്റിയ ലോറികള്‍ പെരുമ്പാവൂരില്‍ എത്തുന്നത്. ബ്രോക്കര്‍മാര്‍ മുഖേനെയാണ് തടി വില്‍പ്പന നടക്കുന്നത്. പെരുമ്പാവൂരില്‍ എത്തുന്ന റബര്‍ തടി ബ്രോക്കര്‍മാര്‍ വാങ്ങി കമ്പനികള്‍ക്ക് നല്‍കുകയാണ്. കമ്പനികള്‍ക്ക് തടിയുടെ തൂക്കത്തിന്റെ യഥാര്‍ത്ഥ ബില്ല് നല്കി ബ്രോക്കര്‍മാര്‍ പണം കൈപ്പറ്റുന്നു. തട്ടിപ്പിന് ചില ലോറി ഡ്രൈവര്‍മാരും കൂട്ടുനില്‍ക്കുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: