പട്ടികവര്‍ഗക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പാ ഇളവ്

Thursday 10 September 2015 2:04 am IST

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി കടം എഴുതിത്തള്ളല്‍, ഇളവ് ചെയ്യല്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. 2006 ഏപ്രില്‍ 1 മുതല്‍ 2014 മാര്‍ച്ച് 31 വരെ കാലയളവില്‍ തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശ്ശികയായിട്ടുള്ളതും മുതലും പലിശയും പിഴപ്പലിശയുമുള്‍പ്പെടെ ഒരു ലക്ഷം രൂപയ്ക്ക് ഉള്ളിലുള്ളതുമായ വായ്പകള്‍ എഴുതിത്തള്ളും. ഇതില്‍ കൂടുതല്‍ തുക ഉണ്ടെങ്കില്‍ അപേക്ഷകന്‍ ആദ്യം ആ തുക അടച്ചുതീര്‍ത്ത് തെളിവ് ഹാജരാക്കണം. പദ്ധതിക്ക് 40 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷനാകും പദ്ധതിയുടെ ഡിസ്‌ബേഴ്‌സിങ് ഏജന്‍സി. പട്ടികജാതിവര്‍ഗ വകുപ്പിനു കീഴിലുള്ള നഴ്‌സറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിവരുന്ന ഫീഡിങ് ചാര്‍ജ് പ്രതിദിനം 10 രൂപയില്‍ നിന്ന് 30 രൂപയാക്കി.   രാവിലെ പാലും ബിസ്‌കറ്റും ഉച്ചയ്ക്ക് കഞ്ഞിയും പയറുമാണ് ഇപ്പോള്‍  കുട്ടികള്‍ക്കു നല്‍കുന്നത്. ഇതിനു പകരം രാവിലെ പാല്‍, ബിസ്‌കറ്റ്, ഉച്ചയ്ക്ക് ചോറ്, പരിപ്പ്, പയര്‍, പപ്പടം, മൂന്നു മണിക്ക് മുട്ട, പാല്‍, പഴവര്‍ഗങ്ങള്‍ എന്നിവ നല്‍കും. നിക്ഷേപതട്ടിപ്പ് നടന്ന തിരുവനന്തപുരം കെഎസ്എഫ്ഇ സ്റ്റാഫ് സഹകരണ സംഘത്തിലെ നിക്ഷേപകരുടെ പണം മടക്കി നല്‍കുന്നതിന് 11.80 കോടി രൂപ കെഎസ്എഫ്ഇ സ്റ്റാഫ് സഹകരണ സംഘത്തിന് അടിയന്തരമായി അനുവദിക്കാന്‍ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. ഇതിനു പുറമേ കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡില്‍ നിന്നും വായ്പയായി അനുവദിച്ച 6 കോടി രൂപ ബോര്‍ഡിന് മടക്കി നല്‍കുന്നതിന് കെഎസ്എഫ്ഇ സ്റ്റാഫ് സഹകരണ സംഘത്തിന് വായ്പയായി അനുവദിക്കാന്‍ കെഎസ്എഫ്ഇയോട് നിര്‍ദ്ദേശിക്കാനും തീരുമാനിച്ചു. തട്ടിപ്പ് സംബന്ധിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. ക്രമക്കേടു നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലുള്ള ഇഎസ്‌ഐ കോര്‍പ്പറേഷന്റെ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനുള്ള അന്തിമവ്യവസ്ഥകളും നിബന്ധനകളും കരട് ധാരണാപത്രവും അംഗീകരിച്ചു.  സംസ്ഥാന സര്‍ക്കാരിനുവേണ്ടി ധാരണാപത്രം ഒപ്പിടാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥാവകാശം 99 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. മൊത്തം പദ്ധതി ചെലവ് 540 കോടി രൂപയാണ്. ഇത് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ വഹിക്കും. ഈ  തുക റവന്യൂ ഷെയറിങ് മോഡലില്‍ 30 വര്‍ഷം കൊണ്ട് തിരികെ നല്‍കും. കണ്ണൂര്‍ സര്‍വകലാശാലയില്‍ 18 അനധ്യാപകരുടെ തസ്തിക സൃഷ്ടിക്കും. 12 അസിസ്റ്റന്റുമാര്‍,നാല് സെക്ഷന്‍ ഓഫീസര്‍മാര്‍, രണ്ട് അസി. രജിസ്ട്രാര്‍മാര്‍ എന്നിവയാണവ.  കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു പ്രൊഫഷണല്‍ ഏജന്‍സി മുഖേന ഒരു മാസത്തിനകം വര്‍ക്ക് സ്റ്റഡി നടത്തുകയും റിപ്പോര്‍ട്ട് ആറു മാസത്തിനകം സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്യണമെന്ന നിബന്ധനയ്ക്ക് വിധേയമായാണ്  നിയമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.