കോഴിക്കോട്: ജന്മഭൂമി മുന്‍ ലേഖകനും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ ഗിരീഷ്കുമാര്‍ എന്ന ഗിരീഷ് മുള്ളങ്കണ്ടി (51) അന്തരിച്ചു. എരഞ്ഞിപ്പാലത്തെ വസതിയായ ‘രാഘവീയ’ത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ വൈസ് പ്രസിഡന്റ്, ആര്‍എസ്എസ് കോഴിക്കോട് മഹാനഗരം ബൗദ്ധിക് പ്രമുഖ്, എബിവിപി കോഴിക്കോട് മഹാനഗര്‍ പ്രസിഡന്റ്, വൈദ്യുതി മസ്ദൂര്‍ സംഘം ജില്ലാ സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1989 മുതല്‍ 1991 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ജന്മഭൂമി ലേഖകനായി പ്രവര്‍ത്തിച്ചു.
കോഴിക്കോട്ടെ സാംസ്കാരിക സദസ്സുകളിലെ സൗമ്യസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരും സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മാധ്യമരംഗത്തോട് വിടപറഞ്ഞ് കെഎസ്ഇബിയില്‍ ജോലി നേടിയ ശേഷവും ആ സൗഹൃദം തുടര്‍ന്നു. കെഎസ്ഇബി കാരപ്പറമ്പ് സെക്ഷനിലെ സീനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ചെത്തുകടവ് എസ്എന്‍ഇഎസ് സ്കൂളിലെ അദ്ധ്യാപിക സബിതയാണ് ഭാര്യ. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈശാഖ് രാഘവന് മകനാണ്. കോഴിക്കോട്ടെ ആദ്യകാല സംഘ പ്രവര്ത്തകന് പരേതനായ മുള്ളങ്കണ്ടിയില്‍ രാഘവനാണ് അച്ഛന്. അമ്മ: ജാനു. ഹേമന്ത്, ജീജ എന്നിവര്‍ സഹോദരങ്ങളാണ്.
അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഇന്നലെ രാവിലെ മുതല്‍ എരഞ്ഞിപ്പാലത്തെ വസതിയില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ എത്തി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്, പ്രാന്തീയ സഹപ്രചാരക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍മാരായ കെ. മോഹന്‍ദാസ്, കാവാലം ശശികുമാര്‍, കോഴിക്കോട് യൂണിറ്റ് മാനേജര്‍ വി. അനില്‍ കുമാര്‍, ജന്മഭൂമി കണ്ണൂര്‍ മുന്‍ റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.സുരേഷ്, തപസ്യ സംസ്ഥാന ട്രഷറര്‍ ലക്ഷ്മി നാരായണന്, സംസ്ഥാന സെക്രട്ടറി അനൂപ് കുന്നത്ത്, വിവേകാനന്ദ ട്രാവല്‍സ് എംഡി സി. നരേന്ദ്രന്, മുന്‍ പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വേലായുധന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, സി. വിനോദ് ചന്ദ്രന്, കമാല്‍ വരദൂര്‍, ടി.കെ. ബാലനാരായണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.പി. കുഞ്ഞിമൂസ, പി. ദാമോദരന്‍, എ. സജീവന്, എന്‍.പി. ചേക്കുട്ടി, ബാബുരാജ്, ഇബ്രാഹിം കോട്ടക്കല്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഭൗതികദേഹം മൂന്ന് മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: