സിപിഎം വെല്ലുവിളി: ടിപി 51 സിനിമാ പ്രദര്‍ശനം വഴിമുട്ടി

Thursday 10 September 2015 9:36 pm IST

  കോഴിക്കോട്: സിപിഎമ്മിന്റെ സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ 'ടി.പി 51' സിനിമയുടെ പ്രദര്‍ശനം വഴിമുട്ടി. വടകരയിലൊഴിച്ച് സംസ്ഥാനത്തെ 39 സിനിമാ കേന്ദ്രങ്ങളില്‍ ചിത്രം ഇന്ന് പ്രദര്‍ശിപ്പിക്കുമെന്നാണ് സംവിധായകന്‍ മൊയ്തു താഴത്ത് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ടി. പി. ചന്ദ്രശേഖരന്റെ ജന്മനാടായ ഒഞ്ചിയം ഉള്‍ക്കൊള്ളുന്ന വടകരയില്‍ ഒരു തിയറ്റര്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആദ്യം തയ്യാറായിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭീഷണിക്കു മുന്നില്‍ വഴങ്ങി അവര്‍ പിന്നീട് പിന്മാറുകയായിരുന്നു. ഇന്നലെ മറ്റ് തിയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. സിപിഎമ്മിന്റെ ജനവിരുദ്ധ രാഷ്ട്രീയം സഹിക്കവയ്യാതെയാണ് ടി. പി. ചന്ദ്രശേഖരന്‍ ആ സംഘടനയോട് വിട പറഞ്ഞത്. സിപിഎം നേതൃത്വത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി പിന്നീട് ആര്‍എംപി രൂപീകരിച്ചു. ഇതോടെ സിപിഎമ്മിന്റെ കടുത്ത ശത്രുതയ്ക്ക് പാത്രമായ ടി. പി. ചന്ദ്രശേഖരനെ വന്‍ ഗൂഢാലോചനയിലൂടെയാണ് സിപിഎം സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. എന്നാല്‍ മുന്‍ കൊലാപാതകങ്ങളെ അപേക്ഷിച്ച് ടി.പി ചന്ദ്രശേഖരന്‍ വധം സിപിഎം നേതൃത്വത്തെ ഒട്ടൊന്നുമല്ല കുഴപ്പത്തിലാക്കിയത്. ഈ പ്രതിസന്ധിയില്‍ നിന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുക്തമാകാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്തരമൊരവസ്ഥയിലാണ് ടി.പി. ചന്ദ്രശേഖരനെ കുറിച്ചുള്ള ടി.പി. 51 സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയുള്ള സിപിഎമ്മിന്റെ പടപുറപ്പാട്. അണികളെ നിരത്തി സിനിമാപ്രദര്‍ശനം തടയുന്നത് അപ്രായോഗികവും പാര്‍ട്ടിയെ കൂടുതല്‍ വിവാദത്തിലാക്കുമെന്നും മുന്‍കൂട്ടി കണ്ടാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന്തിയറ്ററുകളെ തടയുന്ന സാംസ്‌കാരിക ഫാസിസം സിപിഎം നടപ്പാക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിന് 39 തിയേറ്ററുകള്‍ ആദ്യം തയ്യാറായിരുന്നെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് തിയറ്ററുകള്‍ ഒഴിച്ച് മറ്റുള്ളവയെല്ലാം സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ്. ഇതിന് പ്രത്യേകിച്ചൊരു വിശദീകരണവും തിയറ്റര്‍ ഉടമകള്‍ നല്‍കുന്നില്ലെന്നതാണ് ദുരൂഹത. സിപിഎം ഭീഷണിക്ക് വഴങ്ങിയാണ് ടിപി 51 സിനിമ പ്രദര്‍ശിപ്പക്കുന്നതില്‍ നിന്ന് പിന്മാറിയതെന്ന് വെളിപ്പെടുത്താന്‍ തിയറ്റര്‍ ഉടമകള്‍ക്ക് കെല്പില്ലാത്ത അവസ്ഥയാണ്. അതു കൊണ്ടാണ് ഓണത്തിന് പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് നല്ല തിരക്കുണ്ടെന്ന കാരണം പറഞ്ഞ് ടിപി 51 സിനിമയെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഓണചിത്രങ്ങള്‍ക്ക് മിക്കതിനും കാഴ്ചക്കാരില്ലെന്നതാണ് വസ്തുത. തിയറ്റര്‍ ഉടമകളുടെ സംഘടനാ നേതാവും ഓണച്ചിത്രങ്ങളുടെ തിരക്കാണ് ടിപി 51 സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സമായി പറയുന്നത്. പ്രത്യേകിച്ചൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ചന്ദ്രശേഖരന്റെ കൊലപാതകമടക്കമുള്ള കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ടി.പി. 51 സിനിമയുടെ തുടക്കത്തില്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുകളും ഭീഷണിയുമാണ് നേരിടേണ്ടിവന്നത്. ടി. പി. വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തത് ചിത്രീകരിക്കുന്ന രംഗം കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും തടഞ്ഞതിനെ തുടര്‍ന്ന് തൊടുപുഴയില്‍ വെച്ചാണ് ഒടുവില്‍ ചിത്രീകരിച്ചത്. കൊലപ്പെടുത്തിയിട്ടും ടി. പി. ചന്ദ്രശേഖരനെ സിപിഎം വേട്ടയാടുന്നുത് തുടരുകയാണ്. ഒടുവിലിപ്പോള്‍ ടിപിയുടെ പേരിലുള്ള സിനിമാ പ്രദര്‍ശനത്തിനും അവര്‍ വിലങ്ങിട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.