കാസര്‍കോട്: കാസര്‍കോട് എരിയാലിലെ കുഡ്ലു സര്‍വിസ് സഹകരണ ബാങ്ക് കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബാങ്കിന് സമീപം താമസിക്കുന്ന ഇയാള്‍ കവര്‍ച്ച നടത്തിയ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ബന്ധുവാണ്. കൊള്ളസംഘത്തിനു ബാങ്കിന്റെ വിവരങ്ങള്‍ നല്കി സഹായിച്ചത് ഇയാളാണെന്നാണ് പൊലീസ് നിഗമനം.
പ്രതികളില്‍ ഒരാളെ പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കാസര്‍കോട് നീര്ച്ചാല് സ്വദേശിയായ ഒരു യുവാവ് സംഘത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. കൂടാതെ ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കാസര്‍കോട് ചുവയുള്ള മലയാളം പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
അതിനിടെ ബാങ്കില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാമെന്ന് അറിയിച്ച് അജ്ഞാതന്റെ ഫോണ്‍ സന്ദേശം അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. വിവരങ്ങള്‍ കൈമാറാമെന്നും എന്നാല്‍ അതിന് പാരിതോഷികം നല്‍കണമെന്നും ഫോണ്‍ ചെയ്തയാള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ കൊള്ളസംഘം ബാങ്ക് ആക്രമിച്ചത്. 21കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: