മികവിന്റെ കേന്ദ്രമാവാന്‍ പബ്ലിക് ലൈബ്രറി ഒരുങ്ങി

Thursday 10 September 2015 12:22 pm IST

കോഴിക്കോട്: വായനയും പഠന-ഗവേഷണങ്ങളും സാഹിത്യ ചര്‍ച്ചകളും വിദേശ രാജ്യങ്ങളുമായുള്ള സാംസ്‌ക്കാരിക വിനിമയവുമൊക്കെ ഉള്‍പ്പെടുന്ന മികവിന്റെ ലോകോത്തര കേന്ദ്രമായി കോഴിക്കോട് പബ്ലിക് ലൈബ്രറിയെ മാറ്റിയെടുക്കാന്‍ ഒരുക്കങ്ങളായി . അച്ചടി വായനക്കൊപ്പം ഇ-വായന കൂടി ഉള്‍പ്പെടുത്തിയും ചിന്തകള്‍ക്കും പഠനങ്ങള്‍ക്കുമുള്ള മികവുറ്റ അന്തരീക്ഷം സൃഷ്ടിച്ചും വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വായനാ സൗകര്യമൊരുക്കിയും രാജ്യത്തിനകത്തും പുറത്തുമുള്ള പ്രസാധകര്‍ക്ക് ഇടം നല്‍കിയും അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി സമുച്ചയമൊരുക്കാനാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച കൗശല്‍ കേന്ദ്രയാണ് ഒന്നാം നിലയുടെ ആകര്‍ഷണം. ഓഡിയോ സംവിധാനങ്ങളടങ്ങിയ ഡിജിറ്റല്‍ ലൈബ്രറി, ലാംഗ്വേജ് ലാബ്, തൊഴില്‍ നൈപുണ്യം വികസിപ്പിച്ച് യുവാക്കളെ മത്സരസജ്ജരാക്കാനുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കൗശല്‍ കേന്ദ്രയുടെ നടത്തിപ്പ് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സി (കെയ്‌സ്)നാണ്. ഇതിന്റെ ഉദ്ഘാടനം സപ്തംബര്‍ 15ന് പഞ്ചായത്ത്-സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ മുനീറിന്റെ അധ്യക്ഷതയില്‍ തൊഴില്‍-നൈപുണ്യ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. എം.ടി വാസുദേവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ രംഗങ്ങളിലുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. വിശാലമായ ലൈബ്രറി, പഠനവും വിനോദവും സമന്വയിപ്പിച്ച് കുട്ടികള്‍ക്കായൊരുക്കിയ പ്രത്യേക വായനാ സൗകര്യങ്ങള്‍, മുതിര്‍ന്നവരില്‍ നിന്ന് രചനകളും കഥകളും കേട്ടുമനസ്സിലാക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുന്നതാണ് രണ്ടാംനില. വിദേശ എഴുത്തുകാരുടെ പുതിയ രചനകള്‍, വിദേശരാജ്യങ്ങളിലെ ഉപരിപഠനസാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ചറിയാനും അവയുമായുള്ള സാംസ്‌ക്കാരിക വിനിമയം സാധ്യമാക്കാനും സഹായിക്കുന്ന കള്‍ച്ചറല്‍ സെന്ററുകളാണ് മൂന്നാംനിലയുടെ സവിശേഷത. ഫ്രാന്‍സില്‍ നിന്നുള്ള അലയന്‍സ് ഫ്രാന്‍സിസ് ഇതിനകം ലൈബ്രറി സന്ദര്‍ശിക്കുകയും സെന്റര്‍ തുടങ്ങുന്നതിന് സന്നദ്ധത അിറയിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കൗണ്‍സില്‍, ജര്‍മനിയില്‍ നിന്നുള്ള ഗോയ്‌ഥെ ഇന്‍സ്റ്റിട്ട്യൂട്ട്, നാഷനല്‍ ലൈബ്രറി ഓഫ് സിങ്കപ്പൂര്‍ എന്നിയുള്‍പ്പെടെയുള്ള വിദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാലാം നില ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മികച്ച പ്രസാധനകര്‍ക്കു വേണ്ടിയുള്ളതാണ്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസാധകര്‍ തങ്ങളുടെ ഏറ്റവും പുതിയതും മികച്ചതുമായ രചനകള്‍ പ്രത്യേക കൗണ്ടറുകളില്‍ വായനക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കും. പ്രസാധകര്‍ക്ക് തന്നെയായിരിക്കും ഇതിന്റെ നടത്തിപ്പ് ചുമതല. ഇവിടെ പുസ്തക വില്‍പ്പനയുണ്ടാവില്ലെങ്കിലും വായനക്കാര്‍ക്ക് പുതിയ രചനകള്‍ പരിചയപ്പെടാന്‍ ഇത് അവസരമൊരുക്കും. പ്രമേയങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് പ്രസാധകര്‍ക്ക് താല്‍ക്കാലികമായി അനുവദിക്കാവുന്ന ഒന്നോ രണ്ടോ കൗണ്ടറുകളും സജ്ജീകരിക്കും. സാഹിത്യ ചര്‍ച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍, രചയിതാക്കളുമായുള്ള മുഖാമുഖങ്ങള്‍ തുടങ്ങിയവയ്ക്കായി കോഫറന്‍സ് റൂമും ഈ നിലയില്‍ ഒരുക്കുന്നുണ്ട്. ലൈബ്രറി കഫേ സൗകര്യമാണ് ഏറ്റവും മുകളില്‍. നഗരത്തിന്റെ മനോഹര കാഴ്ചകളുടെ പശ്ചാത്തലത്തില്‍ ചുടുചായയ്‌ക്കൊപ്പം പുസ്തകങ്ങകളുടെ രുചിയറിയാനും അവയെക്കുറിച്ച ചിന്തകള്‍ വിളമ്പാനുമൊരിടം എന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. കുടിക്കുന്ന ചായയ്ക്ക് കാശ് കൊടുക്കേണ്ടതില്ലെന്നതാണ് ഈ കഫെയുടെ സവിശേഷത. എന്നാല്‍ അടുത്തയാളുടെ ചായ സ്‌പോണ്‍സര്‍ ചെയ്യാം. ആധുനിക സംവിധാനങ്ങളോടു കൂടിയ ലൈബ്രറി സമുച്ചയം വിഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന സവിശേഷത കൂടിയുണ്ട്. ലൈബ്രറി നവീകരണത്തിനുള്ള ജില്ലാ കലക്ടറുടെ പദ്ധതിക്ക് എം.ടി വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള നിലവിലെ ഗവേണിംഗ് ബോഡിയും ലൈബ്രറി കൗണ്‍സിലും പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐ.ഐ.എം, എന്‍.ഐ.ടി എന്നിവിടങ്ങളിലെ ചീഫ് ലൈബ്രേറിയന്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് ക്ലാസ്സ് (കോഴിക്കോട് ലൈബ്രറി അസിസ്റ്റന്‍സ് ആന്‍ഡ് സപ്പോട്ട് സ്‌കീം) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.