മേപ്പയ്യൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ തത്തംവള്ളി പൊയിലില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തത്തംവള്ളിപൊയിലില് നടന്ന പരിപാടിയില്‍ കെ.കുഞ്ഞമ്മദ് എം.എല്‍.എ നിര്‍വഹിച്ചു. പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 19.5 ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 45 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കിണര്‍ കുഴിച്ച് പമ്പ്സെറ്റ് സ്ഥാപിച്ച് പൈപ്പ് വഴി കുടിവെള്ളം വീടുകളില്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നാല് കോടി രൂപ ചിലവില്‍ 1500 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ 16 പദ്ധതികളാണുള്ളത്. പ്രവൃത്തികള്‍ 75 ശതമാനം കേന്ദ്രവിഹിതവും 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃവിഹിതവും ചേര്‍ത്താണ് പൂര്‍ത്തിയാക്കുക. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ലക്ഷ്മിഭായ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലങ്കണ്ടി വിജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഹരീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. നിര്‍മല, കെ.എം. ബാലന്, വനജ വികാസ്, ഷൈജു. പി. ജോര്‍ജ്ജ്, കെ. സുകുമാരന്‍, വി.കെ. രാധ, കെ. സുരേന്ദ്രന്, ദിവാകരന് പുതിയോട്ടില്‍, കെ.ടി. ഉണ്ണിനായര്, വിദ്യ ചെറുവത്ത് സംസാരിച്ചു. എന്‍.എം. സുനില്‍ സ്വാഗതവും കെ.പ്രദീപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: