വിദേശത്ത് ജോലി വാഗ്ദാനം ചെയത് തട്ടിപ്പ്: ഒരാള്‍ പിടിയില്‍

Thursday 10 September 2015 1:12 pm IST

പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാളെ ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയും പാലക്കാട് പുത്തൂര്‍ റോഡ് കൊപ്പം 'കൃഷ്ണ' വീട്ടില്‍ താമസക്കാരനുമായ സുധീര്‍കുമാര്‍(46) നെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശി ബിനോയിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ടാക്‌സി ഡ്രൈവറായി ബിനോയ് വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ഒരു സുഹൃത്ത് മുഖേനയാണ് സുധീര്‍കുമാറിനെ പരിചയപ്പെട്ടത്. മലേഷ്യയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത സുധീര്‍കുമാര്‍, ബിനോയിയില്‍ നിന്ന് 35,000 രൂപ കഴിഞ്ഞ ഏപ്രില്‍ മാസം കൈപ്പറ്റി. എന്നാല്‍, വിസ നല്‍കിയില്ല. തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അതും നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് ബിനോയ് പരാതിയുമായി ടൗണ്‍ നോര്‍ത്ത് പോലീസിനെ സമീപിച്ചത്. ഇടുക്കി, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നിന്നായി അഞ്ച് പേര്‍ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ബംഗളുരുവില്‍ താമസിക്കുന്ന ഒരാളും വിദേശ ജോലിക്കായി ഇയാള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതേ പറ്റി കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ടൗണ്‍ നോര്‍ത്ത് എസ്.ഐ എം. സുജിത്, സി.പി.ഒമാരായ സതീഷ്, ജയപ്രസാദ്, നന്ദന്‍, വനിതാ സി.പി.ഒ ശ്രീക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.