സന്നിധാനത്ത്‌ വന്‍ ഭക്തജനത്തിരക്ക്‌; പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

Saturday 8 April 2017 4:43 pm IST

ശബരിമല: പന്ത്രണ്ട്‌ വിളക്ക്‌ കഴിഞ്ഞതോടെ അയ്യപ്പസന്നിധിയിലേക്ക്‌ വന്‍ ഭക്തജനപ്രവാഹം. മണ്ഡലപൂജയ്ക്കായി നടതുറന്നതിന്‌ ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ്‌ ഇന്നലെ സന്നിധാനത്ത്‌ അനുഭവപ്പെട്ടത്‌. ഇന്നലെ സന്നിധാനത്ത്‌ കനത്ത മഴ പെയ്തു. മഴകമനത്തിട്ടും ദര്‍ശനത്തിനായി അയ്യപ്പന്മാര്‍ക്ക്‌ 10 മണിക്കൂറോളം ക്യൂ നില്‍ക്കേണ്ടിവന്നു. തിങ്കളാഴ്ച രാത്രിമുതല്‍ സന്നിധാനത്ത്‌ തീര്‍ത്ഥാടകരുടെ തിരക്ക്‌ അനുഭവപ്പെട്ടുതുടങ്ങി. ഇന്നലെ പുലര്‍ച്ചെ 3 ന്‌ നടതുറക്കാറായപ്പോഴേക്കും ദര്‍ശനത്തിനായി കാത്തുനിന്നവരുടെ നിര മരക്കൂട്ടം പിന്നിട്ടിരുന്നു. തീര്‍ത്ഥാടകരെക്കൊണ്ട്‌ പമ്പതീരവും സന്നിധാനവും നിറഞ്ഞിരിക്കുകയാണ്‌. ഇന്നലെ രാവിലെ പമ്പമുതല്‍ സന്നിധാനം വരെയെത്താന്‍ മണിക്കൂറുകളോളം തീര്‍ത്ഥാടകര്‍ക്ക്‌ കാത്ത്‌ നില്‍ക്കേണ്ടിവന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ പമ്പയില്‍വച്ച്‌ അയ്യപ്പന്മാരെ പോലീസ്‌ നിയന്ത്രിച്ചു. ഒരു മണിക്കൂര്‍ ഇടവിട്ടാണ്‌ മലകയറാന്‍ അനുവദിച്ചത്‌. ഇന്നലെ പുലര്‍ച്ചെ മുതല്‍തന്നെ തിരക്ക്‌ കൂടിയതിനാല്‍ സന്നിധാനം പോലീസ്‌ സ്പെഷ്യല്‍ ഓഫീസര്‍ പി. വിജയനും സംഘവും അപ്പാച്ചിമേടുവരെയെത്തി. ക്യൂ സംവിധാനം പരിശോധിച്ചു. ക്യൂവില്‍നിന്ന്‌ ഇറങ്ങി കാടിനുള്ളിലെ ഊടുവഴിയിലൂടെ സന്നിധാനത്ത്‌ എത്തുന്നവരെ കണ്ടെത്താനും ക്യൂവില്‍നിന്ന്‌ പുറത്തേക്കു കടക്കുന്നവരെ നിയന്ത്രിക്കാനും സ്പെഷ്യല്‍ ഓഫീസര്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി. ശരംകുത്തി, അപ്പാച്ചിമേട്‌, മരക്കൂട്ടം എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. മരക്കൂട്ടത്തുനിന്നും ക്യൂവില്‍ നിന്നതീര്‍ത്ഥാടകരാണ്‌ തിരക്കുമൂലം ശരിക്കും കഷ്ടപ്പെട്ടത്‌. വെള്ളവും ഭക്ഷണവും ലഭിക്കാതെ കൊച്ചുകുട്ടികളടക്കമുള്ള തീര്‍ത്ഥാടകര്‍ വലഞ്ഞു. പ്രാഥമിക ക്യത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍പോലും ക്യൂവില്‍ നിന്നിറങ്ങാന്‍ ഭക്തരെ പോലീസ്‌ അനുവദിച്ചില്ലെന്ന പരാതിയുമുണ്ട്‌. ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം അപര്യാപതമാണ്‌. ബക്കറ്റുകളില്‍ തീര്‍ത്ഥാടകരുടെ അടുത്ത്‌ കുടിവെള്ളം എത്തിക്കുന്നതിനും സംവിധാനങ്ങളില്ല. ഉള്ള രണ്ട്‌ കുടിവെള്ള കൗണ്ടറുകളും ഒരേവശത്തായതിനാല്‍ മറുവശത്ത്‌ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക്‌ കുടിവെള്ളം ലഭ്യമല്ല. ശരംകുത്തിയിലുള്ള ചുക്കുവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം ഇതുവരേയും ആരംഭിച്ചിട്ടില്ലാത്തതും തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി. ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം പരാജയപ്പെട്ടതിനാല്‍ അയ്യപ്പസേവാസമാജം പ്രവര്‍ത്തകരും പോലീസുകാരും ചേര്‍ന്നാണ്‌ കുടിവെള്ള വിതരണം നടത്തിയത്‌. സന്നിധാനത്ത്‌ തിരക്ക്‌ വര്‍ദ്ധിച്ചതിനാല്‍ മാളികപ്പുറത്തെ പുതിയ പ്രസാദ കൗണ്ടറുകളില്‍ ഇന്നലെ രാവിലെ കുറച്ചുനേരം അപ്പത്തിന്റെ വിതരണം തടസ്സപ്പെട്ടു. പ്ലാന്റില്‍ നിന്നും അപ്പം എത്തിയ്ക്കാന്‍ വൈകിയതാണ്‌ കാരണം. പമ്പയിലെ പ്രധാന പാര്‍ക്കിംഗ്‌ ഗ്രൗണ്ടായ ഹില്‍ടോപ്പ്‌, ചക്കുപാലം 1, ചക്കുപാലം 2, ത്രിവേണി എന്നിവിടങ്ങളിലെല്ലാം തീര്‍ത്ഥാടകരുടെ വാഹനങ്ങളെക്കൊണ്ട്‌ നിറഞ്ഞു. ഇതിന്‌ പുറമേ നിലയ്ക്കലിലെ പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകളും നിറഞ്ഞു കവിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.