എസ്എന്‍ഡിപി പ്രതിഷേധം മറയാക്കി ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം ആക്രമിക്കുന്നു

Thursday 10 September 2015 7:22 pm IST

കോട്ടയം: ഗുരുദേവ നിന്ദയിലൂടെ ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ച സിപിഎം, ഇതിനെതിരേയുയര്‍ന്ന പ്രതിഷേധത്തെ മറയാക്കി ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നു. ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചതിനെതിരേ സംസ്ഥാനത്തുയര്‍ന്ന പ്രതിഷേധങ്ങളെല്ലാം ആര്‍എസ്എസിന്റെ സൃഷ്ടിയാണെന്ന് പ്രചരിപ്പിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്. ഗുരുദേവ നിന്ദയ്‌ക്കെതിരേ കഴിഞ്ഞ ദിവസം കോട്ടയം ചെങ്ങളത്ത് എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പ്രചരിപ്പിക്കുകയും പോലീസില്‍ സ്വാധീനം ചെലുത്തി സ്ഥലത്തില്ലാതിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെപോലും കേസില്‍ പ്രതികളാക്കാനും ശ്രമം നടത്തുകയും ചെയ്തു. ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. എസ്എന്‍ഡിപിയോഗത്തിന്റെ ഭാരവാഹികള്‍ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തയാള്‍ തങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞിട്ടും പോലീസിനെ സ്വാധീനിച്ച് അവരേയും പ്രതികളാക്കാനുള്ള നീക്കമാണ് നടത്തിയത്. ഗുരുദേവ നിന്ദയ്‌ക്കെതിരേ കോട്ടയത്ത് എസ്എന്‍ഡിപിയൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടക്കുമ്പോള്‍ പ്രകോപനപരമായി യോഗനേതൃത്വത്തിനെതിരേ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രസംഗിച്ചതിനെത്തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളിലും പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പ്രചരിപ്പിക്കാനാണ് സിപിഎമ്മും പാര്‍ട്ടി പത്രവും ശ്രമിച്ചത്. എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം കടന്നുവരവേ യോഗ നേതൃത്വത്തെ വ്യക്തിപരമായി അധിക്ഷേപിക്കുംവിധം പിണറായി വിജയന്‍ പ്രസംഗിച്ചതോടെ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ഇതിനിടയില്‍ പിണറായിയുടെ പ്രസംഗം കേട്ടുകൊണ്ടിരുന്ന സിപിഎം പ്രവര്‍ത്തകര്‍ പ്രകടനത്തിനിടയിലേക്ക് കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പിണറായി പ്രസംഗിച്ച വേദിയിലേക്ക് പ്രതിഷേധവുമായി എത്തി. എസ്.എന്‍ഡിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ആര്‍എസ്എസ് ആക്രമണം എന്ന് വിശേഷിപ്പിച്ചാണ് അടുത്ത ദിവസങ്ങളില്‍ സിപിഎം പ്രചാരണം നടത്തിയത്. പ്രതിഷേധ സമരങ്ങള്‍ എസ്എന്‍ഡിപിയുടേതല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.