നിര്‍ണ്ണായ ശക്തിയാവാന്‍ ബിജെപി കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് : തദ്ദേശസ്ഥാപനങ്ങളിലെ വികസന പിന്നോക്കാവസ്ഥ മുന്നണികള്‍ക്ക് തിരിച്ചടിയാവും

Thursday 10 September 2015 7:20 pm IST

കണ്ണൂര്‍: തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ എങ്ങും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണം പിടിച്ചെടുക്കുകയെന്നത് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിലുളള യുഡിഎഫിനും കടുത്തതാവും. കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരികയെന്നത് ഇരുമുന്നണികള്‍ക്കും അസാധ്യാമാകും. കാരണം കാലങ്ങളായി നഗരസഭ ഭരിച്ച യുഡിഎഫും മുഖ്യപ്രതിപക്ഷവും പുതുതായി നഗരസഭ കോര്‍പ്പറേഷനാകുമ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ട് പഞ്ചായത്തുകളുടെ ഭരണക്കാരുമായ എല്‍ഡിഎഫും തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ നടന്ന വികസനവുമായി ബന്ധപ്പെട്ട വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ ഏറെ ബുദ്ധിമുട്ടും. ബിജെപിയാവട്ടെ ഇത്തവണ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിര്‍ണ്ണായക ശക്തിയായി കൂടുതല്‍ അംഗങ്ങളെ വിജയിപ്പിച്ചെടുക്കാനുളള തയ്യാറെടുപ്പിലാണ്. മാസങ്ങള്‍ക്കു മുമ്പേ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കോര്‍പ്പറേഷനകത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അനുദിനം പാര്‍ട്ടിക്കുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റവും കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിലും നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിലും മനംമടുത്ത് ബിജെപിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതും കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനവും ഗ്രൂപ്പ് പോരും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് നേതൃത്വം. ജനസ്വാധീനമുളളവരേയും പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളേയും പൊതുസമ്മതരേയും സ്ഥാനാര്‍ത്ഥിയാക്കിയാവും ബിജെപി മത്സരരംഗത്തിറങ്ങുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂര്‍ നഗരസഭയിലുണ്ടായിരുന്ന പ്രാതിനിധ്യം തിരിച്ചു പിടിക്കുക അതോടൊപ്പം നിര്‍ണ്ണായക ശക്തിയായി മാറുകയെന്നുളള ലക്ഷ്യത്തോടെ ബിജെപി മുന്‍സിപ്പല്‍ ഏരിയ കമ്മിറ്റികള്‍ സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. 55 ഡിവിഷനുകളാണ് പുതുതായി രൂപം കൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷനിലുണ്ടാവുക. തെരഞ്ഞെടുപ്പ് അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നുറപ്പായതോട മുന്നണികള്‍ക്കകത്ത് സീറ്റിനു വേണ്ടിയുളള വിലപേശലുകള്‍ സജീവമായി.മുന്നണികള്‍ക്കകത്ത് നടന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയോഗം 30 സീറ്റുവേണ്ടമെന്ന ആവശ്യം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനായി ഒരു വാര്‍ഡില്‍ തന്നെ മൂന്നും നാലും പേര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. കൂടാതെ നഗരസഭാ പരിതിയില്‍ പണ്ടുതൊട്ടെ വലിയ സ്വാധീനമില്ലാത്ത സിപിഎമ്മിനും ഘടകകക്ഷികള്‍ക്കും കോര്‍പ്പറേഷനിലെ ചില വാര്‍ഡുകളില്‍ പാര്‍ട്ടിക്കാര്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും കഴിയാത്ത സാഹചര്യമാണുളളത്. പലയിടത്തും സ്വാതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടിയുളള നെട്ടോട്ടത്തിലാണ് എല്‍ഡിഎഫ്. നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിനും മാലിന്യപ്രശ്‌നത്തിനും റോഡുകളുടെ തകര്‍ച്ചയും കുടിവെളള പ്രശ്‌നവുമടക്കമുള്ള ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒന്നും ചെയ്യാതിരുന്ന കണ്ണൂര്‍ നഗരസഭ ഭരിച്ച യുഡിഎഫിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുന്ന സ്ഥിതിയാണ്. സമാനമായ അവസ്ഥയിലാണ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭാഗമാകുന്ന പഞ്ചായത്തുകളുടെ ഭരണ സാരഥ്യം വഹിച്ച സിപിഎമ്മും ഘടകകക്ഷികളും. വര്‍ഷങ്ങളായി സിപിഎം ഭരണം നടത്തുന്ന ചേലോറയും എളയാവൂരും ഉള്‍പ്പെടെയുളള പഞ്ചായത്തുകളില്‍ ഇന്നും നിലനില്‍ക്കുന്ന വികസന പിന്നോക്കാവസ്ഥ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചായാവുമെന്നുറപ്പാണ്. കോര്‍പ്പറേഷനില്‍ പുതിയതായി വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ പള്ളിക്കുന്ന്, പുഴാതി, എടക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്്. മുസ്ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ് കാലങ്ങളായി കണ്ണൂര്‍ നഗരസഭാ ഭരണം നടത്തിപ്പോരുന്നത്. 42 അംഗ കൗണ്‍സിലില്‍ ലീഗിന് 17 ഉം കോണ്‍ഗ്രസിന്് 16ഉം അംഗങ്ങളാണുള്ളത്. നഗരസഭാ അധ്യക്ഷ പദം രണ്ടര വര്‍ഷം കോണ്‍ഗ്രസും രണ്ടര വര്‍ഷം ലീഗുമാണ് ഭരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആയതോടെ തെരഞ്ഞെടുപ്പു ഫലം പ്രവചനാതീതമായിരിക്കെ തികഞ്ഞ ആശങ്കയിലാണ് ഇരു മുന്നണികളും. ബിജെപിയാവട്ടെ ശുഭപ്രതീക്ഷയിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.