സർവ്വം കൃഷ്ണമയം

Thursday 10 September 2015 9:26 pm IST

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി ആഘോഷമാക്കാൻ ആരെങ്കിലും തീരുമാനിച്ചാൽ അതിനെ എതിർക്കേണ്ടതില്ല. എതിർക്കാൻ കഴിയുകയുമില്ല. കാരണം ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവരുടേതുമാണ്. ഭാരതീയർക്കെല്ലാം വൈകാരികമായ ഒരടുപ്പം ശ്രീകൃഷ്ണനോടുണ്ട്. സന്തോഷത്തിലും സന്താപത്തിലും ''എന്റെ കൃഷ്ണാ..'' എന്നു വിളിക്കാത്തവരുമുണ്ടാകില്ല. ശ്രീകൃഷ്ണൻ നമുക്കുമുന്നിൽ വന്നുനിൽക്കുന്നത് പലരൂപത്തിലാണ്. നിഷ്‌കളങ്കതയുടെ പര്യായമായ ഉണ്ണിക്കണ്ണനായും ഭരണനിപുണനായും കാരുണ്യപ്രഭുവായും യുദ്ധതന്ത്രജ്ഞനായുമെല്ലാം കൃഷ്ണൻ നമ്മെ പലതും പഠിപ്പിക്കുന്നു. ശ്രീകൃഷ്ണൻ സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് തത്വം ഉപദേശിക്കുകയും നല്ല ജീവിതത്തിനുള്ള മാർഗ്ഗം കാട്ടിത്തരുകയും ചെയ്തു. ശ്രീകൃഷ്ണ ജീവിതത്തിൽ എല്ലാമുണ്ട്. കളിയും കാര്യവുമായ എല്ലാം. പാരിസ്ഥിതികാവബോധം മുതൽ നാടിന്റെ വികസനവും സംരക്ഷണവും വരെ കൃഷ്ണജീവിതത്തിൽ അടങ്ങിയിരിക്കുന്നു. നദിയും കാടും മേടും വീടും കൃഷിയും ഭക്ഷണവും കുടുംബവും വിശ്വാസവും സുഖവും ദുഃഖവും...എന്നു വേണ്ട, എല്ലാം എല്ലാം ശ്രീകൃഷ്ണമയം. അങ്ങനെയുള്ള ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷമാക്കേണ്ടതല്ലെ? നാടുമുഴുവൻ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് ആഹ്ലാദപ്പെരുമ്പറ മുഴക്കേണ്ടതല്ലെ. ഇത്രയും കാലം ശ്രീകൃഷ്ണനെ പൂർണ്ണാർത്ഥത്തിൽ തിരിച്ചറിയാനും ശ്രീകൃഷ്ണ ജന്മദിനം നാടിന്റെയാകെ മഹോത്സവമാക്കിമാറ്റാനും പരിപാടികൾ ആസൂത്രണം ചെയ്തതും ബാലഗോകുലവും അതുമായി ബന്ധപ്പെട്ട സംഘടനകളുമാണ്. ശ്രീകൃഷ്ണന്റെ മഹത്വം, ജീവിത ദർശനം, ഇതെല്ലാം ലോകത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു ആഘോഷങ്ങളിലൂടെ ലക്ഷ്യമിട്ടിരുന്നത്. ആദ്യകാലത്ത് ചെറിയ രീതിയിലുള്ള ശോഭായാത്രകളും ആഘോഷങ്ങളുമാണ് ഉണ്ടായിരുന്നത്. പിന്നീടത് വളരുകയും വൻ ജനപങ്കാളിത്തത്താൽ വിപുലമാകുകയും ചെയ്തു. ഒരു ശോഭായാത്ര പല ശോഭായാത്രകളായി. പിന്നീടത് മഹാശോഭായാത്രയായി. കുട്ടികളുടെ സംഘടനയായ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രകളിലും പരിപാടികളിലുമെല്ലാം കുട്ടികളുടെ സജീവപങ്കാളിത്തമായിരുന്നു കൂടുതലുണ്ടായിരുന്നത്. കൃഷ്ണവേഷം ധരിച്ചെത്തിയ കുഞ്ഞുങ്ങൾ ശോഭായാത്രയുടെ ഭാഗമായപ്പോൾ അവരുടെ കുടുംബങ്ങൾ സന്തോഷിച്ചു. കുഞ്ഞുങ്ങൾ ബാലഗോകുലത്തിൽനിന്ന് നല്ലതു പഠിച്ചപ്പോൾ അവരുടെ കുടുംബവും ബാലഗോകുലത്തോടു ചേർന്നുനിന്നു. ബാലഗോകുലം മുന്നോട്ടുവച്ച പ്രവർത്തന പദ്ധതിയിലൂടെയാണ് ആത് സാധ്യമായത്. അവരെല്ലാം ഗോകുലങ്ങളുടെ ഭാഗമായപ്പോൾ അവരുടെ മനസ്സ് ശ്രീകൃഷ്ണ ഭക്തിയിൽ ആറാടുകയായിരുന്നു. മുമ്പ് ബാലഗോകുലങ്ങളിൽ സജീവമായി പങ്കെടുത്തവരെല്ലാം പിന്നീട് ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ എത്തിയില്ല. അത്തരത്തിൽ രാഷ്ട്രീയ റിക്രൂട്ട്‌മെന്റിനുള്ള വേദിയായിരുന്നില്ല ബാലഗോകുലം. ഇപ്പോൾ സിപിഎമ്മിലടക്കം പ്രവർത്തിക്കുന്ന യുവാക്കളിൽ പലരുടെയും ഭൂതകാലം പരിശോധിച്ചാൽ അവരുടെ ചിലവഴികൾ ബാലഗോകുലത്തിലും എത്തിനിൽക്കുന്നുണ്ടാകും. ശ്രീകൃഷ്ണനിൽ വിശ്വാസമർപ്പിക്കുന്ന ആർക്കും ജന്മാഷ്ടമി ആഘോഷമാക്കാം. അതിനാരും തടസ്സം നിൽക്കുമെന്ന് തോന്നുന്നില്ല. ശ്രീകൃഷ്ണനിൽ നിന്ന് നല്ലതെന്തെങ്കിലും ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് എതിർക്കേണ്ടതില്ല. ശ്രീകൃഷ്ണനെ കുരിശിൽ തറയ്ക്കാൻ ശ്രമിക്കാതിരിക്കുന്നിടത്തോളം കാലം ആരുടെ ജന്മാഷ്ടമി ആഘോഷവും സ്വാഗതം ചെയ്യാവുന്നതാണ്. ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കാൻ സിപിഎം മുന്നിട്ടിറങ്ങിയതാണ് ഇതിത്രയും പറയാൻ പ്രേരിപ്പിച്ചത്. സിപിഎം എന്നല്ല, മുസ്ലിം ലീഗായാലും ശ്രീകൃഷ്ണനിൽ വിശ്വാസമർപ്പിച്ച് ആഘോഷം നടത്തിയാൽ നന്ന്. എന്നാൽ ശ്രീകൃഷ്ണനെ ഇഷ്ടപ്പെട്ടിട്ടോ ശ്രീകൃഷ്ണഭക്തിയിൽ മതിമറന്നിട്ടോ ആയിരുന്നില്ല സിപിഎം ആഘോഷത്തിനുതുനിഞ്ഞത്. ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തുന്നതിലൂടെ ബാലഗോകുലത്തിനും സംഘ പ്രസ്ഥാനങ്ങൾക്കും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്വാധീനം കൈക്കലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതല്ലെങ്കിൽ, അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പുകളിലെല്ലാം വൻ പരാജയം ഏറ്റുവാങ്ങിയത് ഹൈന്ദവ സമൂഹം സിപിഎമ്മിനെതിരായതിനാലാണ് എന്ന തിരിച്ചറിവുണ്ടാകുകയും അതുപരിഹരിക്കാനായി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയുമായിരുന്നു. കഷ്ടം! സിപിഎം നേതാക്കൾക്കറിയുമോ ശോഭായാത്രയിൽ ആളുകൂടിയതുകൊണ്ടു മാത്രമല്ല കേരളത്തിൽ ആർഎസ്എസ്സിനും ബിജെപിക്കും ജനപിന്തുണ വർദ്ധിച്ചു കൊണ്ടിരിക്കുന്നതെന്ന്. ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നത് നല്ല ജീവിതത്തിനുള്ള പ്രവർത്തന പദ്ധതിയാണ്. അത് അടിമുടി ഭാരതീയവുമാണ്. കേരളത്തിൽ സംഘ പ്രവർത്തനം തുടങ്ങിയ കാലത്തുതന്നെ അതിന്റെ നേതൃത്വത്തിനറിയാമായിരുന്നു ഭാവിയിൽ ഇതൊരു വൻ മരമായി വളരുമെന്ന്. ശ്രീകൃഷ്ണനെ പോലെ നൂറുകണക്കിന് വ്യക്തിത്വങ്ങളെ മാതൃകയാക്കിയാണ് സംഘപ്രസ്ഥാനങ്ങൾ വളരുന്നത്. കടുത്ത ഇടതുപക്ഷവാദിയും നിരീശ്വരവാദിയുമായിരുന്ന എ.ടി.കോവൂർ 'കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. ശ്രീകൃഷ്ണനെയും യേശുക്രിസ്തുവിനെയും ആക്ഷേപിക്കുകയും അവരുടെ ജീവിതം വെറും കെട്ടുകഥയാണെന്ന് സ്ഥാപിക്കുകയുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ദൽഹിയിലിരുന്ന് കോവൂർ കണ്ടെത്തിയ 'വലിയ കാര്യങ്ങളുടെ' കേരളത്തിലെ പ്രചാരകർ സിപിഎമ്മുകാരായിരുന്നു. ഏറെ നാൾ ദൽഹി വാസിയായിരിക്കുകയും എല്ലാത്തിനെയും താത്വികമായി അപഗ്രഥിക്കുകയും ചെയ്യാൻ കഴിവുള്ള സിപിഎം നേതാവ് എം.എ.ബേബി, കോവൂരിന്റെ പുസ്തകത്തിലെ കണ്ടെത്തലുകൾ ഉദ്ധരിച്ച് പലയിടത്തും പ്രസംഗിച്ചു. ശ്രീകൃഷ്ണനെന്ന കെട്ടുകഥയെ നിരാകരിക്കണമെന്നും ആധുനിക സമൂഹത്തിൽ ശ്രീകൃഷ്ണനെ അനുകരിച്ചാൽ വഴിതെറ്റലായിരിക്കും ഫലമെന്നും അദ്ദേഹമടക്കമുള്ള സിപിഎം നേതാക്കൾ വാതോരാതെ പ്രസംഗിച്ചുനടന്നിട്ടുണ്ട്. 1991ൽ തൃശ്ശൂരിൽ ഭാരതീയ ജനതാ യുവമോർച്ചയും അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തും സംയുക്തമായി യുവസംഗമം എന്ന ഒരു പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന പരിപാടിയിൽ ആയിരക്കണക്കിന് യുവതീയുവാക്കളാണ് പങ്കെടുത്തത്. യുവമോർച്ചയുടെ അന്നത്തെ നേതാവായിരുന്ന ഉമാഭാരതിയും എബിവിപിയുടെ നേതാവായിരുന്ന ബാൽ ആപ്‌തേയുമായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. കേരളത്തിലെല്ലായിടത്തും വലിയ പ്രചാരണത്തോടുകൂടിയാണ് യുവസംഗമം സംഘടിപ്പിക്കപ്പെട്ടത്. വിവേകാനന്ദ ദർശനങ്ങളെ സമൂഹത്തിന് കൂടുതലായി പരിചയപ്പെടുത്തുക എന്നതായിരുന്നു യുവസംഗമത്തിന്റെ ലക്ഷ്യം. വിവേകാനന്ദ ദർശനങ്ങളും സാഹിത്യങ്ങളും അടങ്ങിയ പുസ്തകങ്ങളും ലഘുലേഖകളും ധാരാളമായി അതിനായി പ്രചരിപ്പിക്കപ്പെട്ടു. ചുവരെഴുത്തുകളുമുണ്ടായി. മാർക്‌സിൽ നിന്ന് മഹർഷിയിലേക്ക് എന്നതായിരുന്നു പ്രധാനപ്പെട്ട ചുവരെഴുത്ത്. ഇതിനെല്ലാം ബദലായി സിപിഎം രംഗത്തിറങ്ങുകയും ആർഎസ്എസ് കേരളത്തെ കാടത്തത്തിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുകയാണെന്നും പ്രചാരണം നടത്തി.'ആധുനികതയിൽ നിന്ന് കാടത്തത്തിലേക്ക്' എന്ന് പലയിടങ്ങളിലും അവരും ചുവരെഴുതി. എന്നാൽ യുവസംഗമത്തിനുണ്ടായ വൻവിജയം മാർക്‌സിസ്റ്റുകാരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. സ്വാമി വിവേകാനന്ദനെ ശക്തമായി എതിർക്കുകയും കാടനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത അവർ സ്വാമിജിയെ സ്വന്തം സഖാവായി ഏറ്റെടുത്തു. ശ്രീകൃഷ്ണന്റെ കാര്യത്തിലും മറിച്ചൊന്നല്ല സംഭവിക്കുന്നത്. യേശുക്രിസ്തുവിനെ വിപ്ലകാരിയും കമ്യൂണിസ്റ്റുമാക്കി പാർട്ടി സമ്മേളനവേദിയിൽ പ്രതിഷ്ഠിച്ച ചരിത്രം സിപിഎമ്മിനുണ്ട്. ക്രിസ്തുവിനെ സഖാവാക്കുന്നതിലൂടെ ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ നേടാമെന്നായിരുന്നു കണക്കുകൂട്ടൽ. പിന്നീടുവന്ന തെരഞ്ഞെടുപ്പിൽ സിപിഎം തോൽക്കുകയും ചെയ്തു. ബാലഗോകുലത്തിന്റെ ശോഭായാത്രകളിലേക്ക് മാർക്‌സിസ്റ്റ് കുടുംബങ്ങളിൽ നിന്നുവരെ കുട്ടികൾ ശ്രീകൃഷ്ണവേഷം ധരിച്ചെത്തുമ്പോൾ, തങ്ങളുടെ കുട്ടികൾക്കും കൃഷ്ണവേഷം കെട്ടാൻ ഒരു ശോഭായാത്രവേണം എന്ന ചിന്തയിൽ നിന്നുകൂടിയാണ് സിപിഎം ജന്മാഷ്ടമി ആഘോഷത്തിനു തുനിഞ്ഞത്. എന്നാൽ സിപിഎമ്മിന്റെ യഥാർത്ഥ മുഖം അറിയാവുന്നവർ അവരുടെ ചെയ്തികളെയും തിരിച്ചറിഞ്ഞു. സമൂഹ മാധ്യമങ്ങളിലെല്ലാം സിപിഎമ്മിനെതിരായ പരിഹാസം ഏറുകയാണ്. ഓരോന്നും മറ്റൊരാളിലേക്ക് 'ഷെയർ' ചെയ്യപ്പെടുന്നത് ചിരിച്ച് ആഹ്ലാദിക്കട്ടെ എന്നു കരുതിയാണ്. അതിലൊന്നിങ്ങനെ.... ''...കാളിയ മർദ്ദനത്തിൽ പങ്കെടുത്ത് പ്രസ്ഥാനത്തിൽ സജീവമാകുകയും പിന്നീട് നടന്ന ഒട്ടേറെ സംഘട്ടനങ്ങളിൽ പാർട്ടി പ്രതിനിധിയായി പോരാടുകയും വിജയം കൈവരിക്കുകയും ചെയ്ത ധീരനായ പോരാളിയായിരുന്നു സഖാവ് ശ്രീകൃഷ്ണൻ. കുളിച്ചു കൊണ്ടിരുന്ന വനിതാ സഖാക്കളുടെ വസ്ത്രങ്ങൾ ഒളിപ്പിച്ച കേസിൽ സഖാവ് സസ്‌പെൻഷനിൽ ആയിരുന്നെങ്കിലും പിന്നീടുള്ള ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയിൽ സജീവമായിരുന്നു. സഖാവ് കുചേലന്റെ അവിൽപ്പൊതി സമരത്തിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു സഖാവ് ശ്രീകൃഷ്ണൻ. ബൂർഷ്വാ ചിന്താഗതിക്കാരുടെ മനസ്സുകളിൽ സ്വാധീനം ചെലുത്താനുള്ള സഖാവിന്റെ കഴിവ് വിസ്മരിക്കാവുന്നതല്ല. മഹാഭാരത യുദ്ധകാലത്ത് അർജ്ജുനന്റെ ഡ്രൈവറായി പ്രവർത്തിച്ച് ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു സഖാവ് കൃഷ്ണൻ. വർത്തമാനകാല സാഹചര്യത്തിൽ ശ്രീകൃഷ്ണ സഖാവിന്റെ ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സ്മരിക്കുന്നത് പ്രസ്ഥാനത്തിന് പ്രചോദനമാകും....'' ചരിത്രത്തിലില്ലാത്ത പരിഹാസമാണ് സിപിഎം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അത് അനിവാര്യവുമാണ്. വരുന്ന നബിദിനത്തിലും കുരുത്തോല പെരുന്നാളിലും പെസഹയ്ക്കുമെല്ലാം സിപിഎം ഘോഷയാത്ര നടത്തുമോ എന്നു മാത്രമാണ് ഇനി അറിയേണ്ടത്. അതിനായി കാത്തിരിക്കാം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.