തൃശൂരിലെ എടിഎം കവര്‍ച്ച; പ്രതികള്‍ പിടിയിലെന്ന് സൂചന

Thursday 10 September 2015 9:40 pm IST

തൃശൂര്‍: സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ വെളിയന്നൂരിലെ എടിഎം കൗണ്ടറില്‍ നിന്ന് 26 ലക്ഷം കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ വലയിലായതായി സൂചന. യന്ത്രത്തിന് അകത്തുള്ള സുരക്ഷിത അറ തുറക്കുന്ന പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കുന്നതില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സി വീഴ്ച വരുത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ജീവനക്കാരില്‍ ഒരാള്‍ക്കേ പാസ്‌വേഡ് കൈമാറാവൂ എന്നിരിക്കെ കമ്പനിയിലെ പന്ത്രണ്ട് ജീവനക്കാര്‍ക്ക് പാസ്‌വേഡ് അറിയാമായിരുന്നു എന്നത് സുരക്ഷിതത്വത്തിന്റെ പാളിച്ചയാണെന്ന് പോലീസ് പറയുന്നു. പാസ്‌വേഡ് അറിയാവുന്ന ഏജന്‍സിയിലെ പന്ത്രണ്ട് പേരെ ഇന്നലെ രാവിലെ മുതല്‍ ചോദ്യം ചെയ്തുവരികയാണ്. രണ്ടുപേര്‍ വലയിലായതായും പോലീസ് സൂചന നല്‍കുന്നു. എടിഎം മെഷീനില്‍ പതിഞ്ഞ ഹെല്‍മെറ്റ് ധരിച്ച വ്യക്തിയുടെ ചിത്രമാണ് സംഭവത്തില്‍ പ്രധാന തെളിവ്. ഇതു കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പണം സൂക്ഷിച്ചിരുന്ന ട്രേയടക്കമാണ് മോഷണം പോയിരിക്കുന്നത്. എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ രീതിയില്‍ അല്ല വെളിയന്നൂരില്‍ നടന്ന മോഷണം എന്നതിനാല്‍ മെഷീന്റെ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും കൃത്യമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ട്രാഫിക് പൊലീസിന്റെ ക്യാമറയില്ലാത്ത ഭാഗമാണ് വെളിയന്നൂര്‍ റോഡ് പരിസരം. അതിനാല്‍ തൊട്ടടുത്ത റോഡുകളിലെ ക്യാമറകളില്‍ നിന്നാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. മാത്രമല്ല എടിഎം കൗണ്ടറിനകത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന് കണക്ഷന്‍ നല്‍കിയിട്ടില്ലെന്നും പോലീസ് കണ്ടെത്തി. കവര്‍ച്ച നടന്ന ദിവസം എടിഎം പരിസരത്ത് അപരിചിതരായ രണ്ടുപേരെ കണ്ടതായി പരിസരവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണര്‍ ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.