ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപ്പണി കാഞ്ഞിരപ്പള്ളിയില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

Thursday 10 September 2015 10:36 pm IST

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ടൗണില്‍ ഇന്നു മുതല്‍ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. പേട്ടക്കവല മുതല്‍ കുരിശുങ്കല്‍ വരെ വണ്‍വേ ഏര്‍പ്പെടുത്തും. മുണ്ടക്കയം ഈരാറ്റുപേട്ട ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആനത്താനം റോഡു വഴി കുരിശുങ്കലിലെത്തണം. മുണ്ടക്കയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ദേശീയപാതവഴി കടന്നുപോകണം. പൊന്‍കുന്നം, കോട്ടയം ഭാഗത്തേക്ക് മുണ്ടക്കയത്തുനിന്നു വരുന്ന ഭാരവണ്ടികളും ചെറു വാഹനങ്ങളും ഇരുപത്താറാംമൈല്‍, പട്ടിമറ്റം, മണ്ണാറക്കയം, കുന്നുംഭാഗം വഴി തിരിഞ്ഞു പോകണം. ടൗണില്‍ പേട്ടക്കവലയിലും കുരിശുകവലയിലും മാത്രമായിരിക്കും ബസ് സ്റ്റോപ്പ്. ഇരു ഭാഗങ്ങളിലേക്കും പോകേണ്ട യാത്രക്കാര്‍ ഇവിടെനിന്നു ബസില്‍ കയറണം. ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കുകയില്ല. കുരിശുജംഗ്ഷന്‍ മുതല്‍ ഫയര്‍‌സ്റ്റേഷന്‍ വരെയും പേട്ട റോഡില്‍ കോവില്‍ക്കടവു വരെയും റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിക്കും. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള കയറ്റിറക്ക് പൂര്‍ണമായും നിരോധിക്കും. ഈരാറ്റുപേട്ട ഭാഗത്തേക്ക് മുണ്ടക്കയത്തുനിന്നു വരുന്ന വാഹനങ്ങള്‍ പാറത്തോട്, പിണ്ണാക്കനാട് വഴി കടന്നുപോകണം. ബസ് സ്റ്റാന്‍ഡില്‍ തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റിംഗ് ചെയ്യും. ബസ് സ്റ്റാന്‍ഡിന്റെ കവാടത്തില്‍ രണ്ടു ഘട്ടങ്ങളിലായി 55 മീറ്റര്‍ ഭാഗത്താണ് ടൈല്‍ പാകുന്നത്. രാത്രിയും പകലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. ടൗണിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാന്‍ ആനത്താനം ഗ്രൗണ്ടില്‍ സൗകര്യമുണ്ടായിരിക്കും. ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഇന്നലെ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, മെംബര്‍ നിബു ഷൗക്കത്ത്, ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജാഫര്‍, നിസാമോള്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ മാത്യു ചാക്കോ വെട്ടിയാങ്കല്‍, ജോമി അക്കരക്കളം, ബസ് ഓണേഴ്‌സ് ഭാരവാഹികളായ അബ്ദുള്‍സലാം തൈപ്പറമ്പില്‍, അനസ് തേനംമാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.