കൊല്ലത്ത് സിപിഎം ആക്രമണം : ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Thursday 10 September 2015 10:54 pm IST

കൊല്ലം: പുത്തൂരില്‍ സിപിഎം ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരിക്ക്. കല്ലുംമൂട് ശാഖാ മുഖ്യശിക്ഷക്കായിരുന്ന മേച്ചിറ രമ്യാഭവനില്‍ രഞ്ജിത്തിനാണ് സിപിഎം ഗുണ്ടാആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന രഞ്ജിത്തിനെ ഒമ്പതംഗ അക്രമി സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളിയും സിപിഎമ്മുകാരനുമായ വേടന്‍ എന്നുവിളിക്കുന്ന സുരേഷിന്റെ നേതൃത്വത്തിലാണ് രഞ്ജിത്തിനെതിരെ വധശ്രമം നടന്നത്. പതിനഞ്ചോളം വെട്ടുകളാണ് രഞ്ജിത്തിനേറ്റത്. അജിത്ത്, കണ്ടച്ചരുവിള അജിത്ത്, പവിത്രേശ്വരം അനുരാഗ്, ജയകൃഷ്ണന്‍, വേടന്‍ സുരേഷിന്റെ അനുജന്‍ സുഭാഷ്, പരപ്പില്‍കോണം സിജോമാത്യു, അനുജന്‍ ജിജോമാത്യു, വെള്ളംപൊയ്ക അനി തുടങ്ങിയവര്‍ അക്രമിസംഘത്തിലുണ്ടായിരുന്നുവെന്ന് രഞ്ജിത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം പ്രദേശത്തെ സജീവ സിപിമ്മുകാരാണ്. മേച്ചിറ മേഖലയില്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ അടിത്തറയിളകിയ സിപിഎം പ്രദേശത്ത് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണ്. പ്രദേശത്ത് വാറ്റ് സംഘത്തിനു നേതൃത്വം നല്‍കിയിരുന്ന സുരേഷിനെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കൈതക്കോട്, പവിത്രേശ്വരം, ഇടവട്ടം മേഖലകളില്‍ ആര്‍എസ്എസ്, ബിജെപി സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച സംഭവത്തിലും സുരേഷിന്റെ നേതൃത്വത്തിലുള്ള സിപിമ്മുകാര്‍ പ്രതികളായിരുന്നു. ഇടവട്ടത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെയും അക്രമം പതിവാണ്. രഞ്ജിത്തിനെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രകടനം നടത്തി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് കാട്ടുന്ന കാലതാമസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രതിഷേധയോഗത്തില്‍ സംസാരിച്ച ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. വിജയന്‍ പറഞ്ഞു. വ്യാജവാറ്റുകാര്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും പാര്‍ട്ടി അംഗത്വവും സംരക്ഷണവും നല്‍കുകയാണ് സിപിഎമ്മെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. പ്രതാപന്‍, ഗ്രാമജില്ലാ കാര്യവാഹ് ആര്‍. ബാഹുലേയന്‍, സഹകാര്യവാഹ് ആര്‍. ബാബുക്കുട്ടന്‍, പുത്തൂര്‍ താലൂക്ക് കാര്യവാഹ് അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അതിനിടെ ശ്രീനാരായണഗുരുദേവനെ അപമാനിച്ച സംഭവത്തിനെതിരെ പ്രതിഷേധപ്രകടനം നയിച്ചതിന് കൊല്ലം ഇരവിപുരത്ത് മഹിളാമോര്‍ച്ചാ നേതാവിന്റെ വ്യാപാരസ്ഥാപനത്തിനുനേരെയും സിപിഎം അക്രമം അഴിച്ചുവിട്ടു. മഹിളാമോര്‍ച്ച ഇരവിപുരം മണ്ഡലം പ്രസിഡന്റ് ഉഷയുടെ സ്ഥാപനമാണ് ഇന്നലെ പുലര്‍ച്ചെ ആക്രമിച്ചത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.