2016 ല്‍ രാജ്യം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കും: സ്മൃതി ഇറാനി

Friday 11 September 2015 11:27 am IST

ന്യൂദല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. ദേശീയ സാക്ഷരത മിഷന് ഇത് സംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയതായി അവര്‍ അറിയിച്ചു. ലോക സാക്ഷര ദിനത്തിലായിരുന്നു കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായാണ് ദേശീയ സാക്ഷരത മിഷന്‍ മേധാവികളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തിയത്. ഗ്രാമങ്ങളില്‍ പ്രായം തിരിച്ചുള്ള കണക്കെടുപ്പ് നടത്താന്‍ സ്മൃതി ഇറാനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എന്റെ ജില്ല എന്റെ പദ്ധതി പ്രകാരം നടത്തിയ പഠനത്തില്‍ ഗ്രാമങ്ങളില്‍ സാക്ഷരതയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. സാക്ഷരത കൈവരിക്കാത്തവരില്‍ 65ശതമാനവും 75വയസ്സിന് മുകളിലുള്ളവരാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കണക്കെടുപ്പില്‍ ഓരോ ജില്ലയുടെയും നൈപുണ്യ വികസനം സംബന്ധിച്ചുള്ള ഭൂപടം തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം മികച്ച ഉദ്യോഗസ്ഥര്‍ക്ക് ഒരുലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു. രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് 75000, 50000രൂപ സമ്മാനമായി നല്‍കുമെന്ന് സ്മൃതി ഇറാനി യോഗത്തില്‍ അറിയിച്ചു. പൂര്‍ണ്ണ സാക്ഷരത ദിനത്തില്‍, ഭാരതം അയല്‍ രാജ്യങ്ങളില്‍ നിന്നും പിന്നിലായതില്‍ രാഷ്ട്രപതി ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കാനുള്ള നടപടികള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയം തുടക്കം കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.