തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്നും ഒഴിയുന്നതിനു തൊട്ടു മുന്‍പ് ടോമിന് ജെ. തച്ചങ്കരി നടത്തിയ കൂട്ടസ്ഥലമാറ്റം വിവാദമായി. തച്ചങ്കരിയെ അനുകൂലിക്കുന്ന ജീവനക്കാരെയാണു സ്ഥലം മാറ്റിയത്.
തന്നെ പിന്തുണച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കു പീഡനം ഏല്‍ക്കേണ്ടി വരുമെന്നു കരുതിയാണു തച്ചങ്കരി ഇവരെ സ്ഥലം മാറ്റിയത്. ഹെഡ് ഓഫീസിലെ 10 ഉദ്യോഗസ്ഥരെയാണു മാറ്റിയത്. കൊല്ലം, പത്തനാപുരം, കോട്ടയം എന്നിവിടങ്ങളിലേക്കാണു ഉദ്യോഗസ്ഥര്‍ക്കു മാറ്റം ലഭിച്ചത്.
കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം നീക്കിയ ടോമിന് തച്ചങ്കരി സ്ഥാനമൊഴിയുന്നതിനു തൊട്ടു മുന്‍പാണ് 10 ജീവനക്കാരെ സ്ഥലംമാറ്റിയത്. എന്നാല്‍ സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുന്‍പു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ചട്ടലംഘനമാണെന്നും ഉത്തരവു പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സഹകരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളിലാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെങ്കിലും ഉത്തരവു പുറത്തിറങ്ങിയത് ഇപ്പോഴാണ്.
അതേസമയം തച്ചങ്കരിയുടെ നടപടി ചട്ടവിരുദ്ധമാണെന്നുകാട്ടി സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കാനൊരുങ്ങുകയാണു സഹകരണ വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: