ഡോക്ടര്‍മാരുടെ കൂട്ട അവധി ഒപികള്‍ പ്രവര്‍ത്തിച്ചില്ല: രോഗികള്‍ വലഞ്ഞു

Friday 11 September 2015 8:20 pm IST

ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന സമരത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതോടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്കെത്തിയിട്ടുള്ളത്. പതിനാറ് ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരും കൂട്ട അവധിയില്‍ പ്രവേശിച്ചത്. സമരം തുടങ്ങിയതോടെ ദുരിതത്തിലായത് രോഗികളാണ്. മിക്കയിടത്തും ഒപി വിഭാഗം പ്രവര്‍ത്തിച്ചില്ല. രോഗികളെ ഡോക്ടറില്ലെന്ന കാരണത്താല്‍ ആശുപത്രി ജീവനക്കാര്‍ തിരിച്ചയച്ചത് പലയിടത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളാണ് സമരം മൂലം ഏറെ ബുദ്ധിമുട്ടിയത്. പലരും ആശുപത്രികളില്‍ എത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന് അറിഞ്ഞത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നു. ഇത് അധിക സാമ്പത്തിക ചിലവിനും ഇടയാക്കി. സ്വകാര്യ ആശുപത്രികള്‍ക്കും സമരം നേട്ടമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.