അഭയാര്‍ഥികള്‍ക്ക് ഒപ്പം ഐഎസ് ഭീകരരും

Friday 11 September 2015 10:24 pm IST

വാഷിങ്ടണ്‍: അഭയാര്‍ത്ഥികള്‍ക്കൊപ്പം ഐഎസ് ഭീകരരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുമെന്ന യൂറോപ്യന്‍ യൂണിയന്റെ ആശങ്ക ശരിയാണെന്ന് തെളിയുന്നു. നാലായിരം ജിഹാദികളെ തങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ഐഎസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. അഭയാര്‍ഥികളെ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്നതിന് തടയിടാനാണ് ഐഎസ് ഇത്തരം റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന സംശയവും ഉണ്ട്. അതിനിടെ സിറിയന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 10,000 അഭായാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 10,000 അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്നും യുഎസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. കൂടാതെ സിറിയന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അമേരിക്കന്‍ വ്യോമാക്രമണം തുടരുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം തുടരുകയാണ്. ഈ ആഴ്ച 20,000 അഭയാര്‍ത്ഥികളെ സ്വീകരിച്ചതായി ജര്‍മ്മനി അറയിച്ചു. ഒരു വര്‍ഷത്തിനുള്ളിസല്‍ 800000 അഭയാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യങ്ങളും മറ്റുമൊരുക്കുമെന്നും ജര്‍മ്മന്‍ സര്‍ക്കാര്‍ അറിയിച്ചു. ജര്‍മ്മനി അനുവദിക്കുകയാണെങ്കില്‍ രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്കായി ഇരുനൂറ് പള്ളികള്‍ നിര്‍മിച്ച് നല്‍കാമെന്ന് സൗദി അറേബ്യ അറിയിച്ചു. ഇത് കൂടാതെ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി 200 ബില്ല്യണ്‍ ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകാതെ അവര്‍ക്ക് പള്ളി നിര്‍മ്മിച്ചു നല്‍കാമെന്ന സൗദിയുടെ വാഗ്ദാനത്തില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ രംഗതെത്തിയിട്ടുണ്ട്. സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇതുവരെ ഒറ്റ അഭയാര്‍ത്ഥിയെ പോലും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. നിലവില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാഷ്ട്രമാണ് ജര്‍മ്മനി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.