ഉദ്യോഗസ്ഥ ഭരണം ക്ഷേത്രങ്ങളെ നശിപ്പിക്കുന്നു: ശശികല ടീച്ചര്‍

Friday 11 September 2015 11:57 pm IST

തിരുവനന്തപുരം: ഉദ്യോഗസ്ഥ ഭരണം ക്ഷേത്രങ്ങളെ വളര്‍ത്തുകയല്ല നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. ശ്രീ പദ്മനാഭസ്വാമിക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പത്മതീര്‍ത്ഥക്കരയില്‍ നടത്തിയ മാതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.ശശികല. വസ്തു തര്‍ക്കത്തില്‍ കോടതി റിസീവര്‍മാരെ നിയമിക്കുന്നതുപോലെയാണ് ക്ഷേത്ര ഭരണത്തിന് സര്‍ക്കാര്‍ ജിവനക്കാരെ നിയമിക്കുന്നത്. റിസീവര്‍ അധ്വാനിച്ച് ഉണ്ടാക്കിയതല്ലാത്തതിനാല്‍ തര്‍ക്ക വസ്തുവിലെ കെട്ടിടത്തിന്റെ കഴുക്കോല്‍ വരെ ഊരി വിറ്റ് പണം സമ്പാദിക്കുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലെ  ഭരണാധികാരിയുടെ പ്രവര്‍ത്തനവും ഇതുപോലെയാണ്. ദൈവഹിതം നോക്കാതെ ഇഷ്ടമുള്ളതുപോലെ പരിഷ്‌ക്കാരങ്ങള്‍ നടത്തുകയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. സഭാ തര്‍ക്കത്തില്‍പ്പെട്ട് നൂറോളം പള്ളികള്‍ അടഞ്ഞു കിടക്കുന്നു. അവിടെയൊന്നും റിസീവര്‍ ഭരണമില്ല. ഹൈന്ദവ ക്ഷേത്രങ്ങളില്‍ റിസീവര്‍മാരെ നിയമിക്കുന്നത് ഹിന്ദുക്കളോടുള്ള സ്‌നേഹം കൊണ്ടല്ല, ക്ഷേത്രസ്വത്ത്  തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. 2012ലെ ദേവപ്രശ്‌ന വിധിപ്രകാരമുള്ള ചടങ്ങുകള്‍ ഒന്നും പൂര്‍ത്തിയാക്കാതെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തന്നിഷ്ടത്തിന് പൂജാവിധികള്‍ നടപ്പിലാക്കുന്നു. ശ്രീകോവിലിന്റെ കന്നിമൂലയില്‍ ഗണപതി ക്ഷേത്രം പണിയണമെന്ന് ദൈവജ്ഞര്‍ വിധിച്ചിരുന്നു. ഒരു ഭക്തന്‍ ക്ഷേത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും അനുമതി നല്‍കുന്നില്ല. ഭഗവാന്മാരെക്കാളും സൂപ്പര്‍ഭഗവാന്‍ ചമയുകയാണ് ക്ഷേത്ര ഭരണാധികാരി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും പദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപത്തിലൂടെ  ഒഴുക്കിവിടാന്‍ നീക്കം നടത്തുന്നു. ക്ഷേത്രത്തിനു സമീപത്തു കൂടി പോകുന്ന തെക്കനം കനാല്‍ മാലിന്യം ഒഴുക്കിവിടാനുള്ളതല്ല. കനാലിന്റെ ഇരുവശവും വിളക്കുകള്‍ കത്തിക്കുന്നതിനുള്ള സംവിധാനമുണ്ട്. ഇതിന്റെ ചരിത്രപരമായ വസ്തുതകൂടി കണ്ടെത്തണം. ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലാണ് ഓപ്പറേഷന്‍ അനന്ത നടപ്പിലാക്കുന്നത്. നഗരത്തില്‍ അശാസ്ത്രീയമായി കെട്ടിടനിര്‍മ്മാണത്തിന് അനുമതി കൊടുത്തതിനാലാണ് വെള്ളക്കെട്ടുണ്ടാകാന്‍ കാരണം. കോടികള്‍ തട്ടിയെടുക്കാനാണ് ഓപ്പറേഷന്‍ അനന്തയെ ദുരന്തനിവാരണ അതോറിറ്റിക്കു കീഴില്‍ കൊണ്ടുവന്നതെന്നും കെ.പി. ശശികല പറഞ്ഞു. ശ്രീപദ്മനാഭസ്വാമിക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി പി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം പ്രഭാകരന്‍, തിരുമല അനില്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. രത്‌നകുമാര്‍, കൗണ്‍സിലര്‍ പി.അശോക്കുമാര്‍, സന്ദീപ് തമ്പാനൂര്‍, തങ്കമണി, പുഞ്ചക്കരി സുരേന്ദ്രന്‍,  സിമിജ്യോതിഷ്, വി.ജി.ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.