ചേര്‍ത്തല: സിപിഎമ്മിനെതിരെ നടന്ന എസ്എന്‍ഡിപിയുടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. ചേര്‍ത്തല നഗരസഭ 25 വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി നിഷീദ് തറയിലിനെയാണ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൂടിയ കരുവ ലോക്കല്‍ കമ്മറ്റിയാണ് നിഷീദിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. എന്നാല്‍ പാര്‍ട്ടിയംഗത്വം നിലനിര്‍ത്തിയിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയാണ് നിഷീദ്.
കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്ളോട്ടുകള്‍ അവതരിപ്പിച്ചതിനെതിരെ എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയനും യൂത്ത് മൂവ്മെന്റ് യൂണിയനും ചേര്‍ന്ന് സിപിഎമ്മിനെതിരെ നഗരത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തിയിരുന്നു. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന കാരണത്താലാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും നിഷീദിനെ പുറത്താക്കിയത്.
എസ്എന്‍ഡിപി യൂത്ത്മൂവ്മെന്റ് ടൗണ്‍ മേഖലാ വൈസ് ചെയര്മാന്, യൂത്ത് മൂവ്മെന്റ് 470ാം നമ്പര്‍ ശാഖാപ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന നിഷീദിനെ ഇതിനു മുമ്പും എസ്എന്‍ഡിപിയുമായുള്ള ബന്ധത്തിന്റ പേരില്‍ പാര്‍ട്ടി താക്കീത് ചെയ്തിട്ടുണ്ട്.
എസ്എന്‍ഡിപി യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പങ്കെടുപ്പിച്ച് നടത്തിയ യുവസംഗമം പരിപാടിയുടെ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി പരസ്യമായി സിപിഎമ്മിനെ വിമര്‍ശിച്ചത് പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് നിഷീദിനെ താക്കീത് ചെയ്തത്.
മുമ്പ് താക്കീതുചെയ്ത ആളെ ബ്രാഞ്ച് സെക്രട്ടറിയായി തുടരാന്‍ അനുവദിക്കരുതെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും നിഷീദിനെ നീക്കിയതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: