ലങ്കാദഹനം

Saturday 12 September 2015 8:08 pm IST

ഹനുമാന്റെ പരുഷവും പരിഹാസം നിറഞ്ഞതുമായ ഈ വാക്കുകള്‍ കേട്ടപ്പോള്‍ രാവണന്‍ കോപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. രാവണന്‍ ഉറക്കെ ആക്രോശിച്ചു. ഈ ദുഷ്ടനെ കൊല്ലാന്‍ ആയുധപാണികളായി ആരും ഇവിടെ ഇല്ലെ? ഇതുകേട്ട് ഹനുമാനെ വധിക്കാനായി ഒരാള്‍ വാളോങ്ങിക്കൊണ്ട് സമീപിച്ചു.ആ സമയത്ത് അരുത്. ദൂതനെ കൊല്ലരുത് എന്നു പറഞ്ഞുകൊണ്ട് വിഭീഷണന്‍ തടസംപിടിച്ചു. വിഭീഷണന്റെ ധാര്‍മ്മികസ്വരം വീണ്ടും ഉയര്‍ന്നു. ദൂതനെ കൊല്ലുക എന്നത് നൃപന്മാര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല. ഇവനെ ഇവിടെ കൊന്നുകളഞ്ഞാല്‍ വൃത്താന്തങ്ങള്‍ രാമന് എങ്ങനെയാണ് അറിയാന്‍ കഴിയുക? കൊല്ലാതെ നമ്മള്‍ ഇവനില്‍ ഒരടയാളമുണ്ടാക്കി തിരിച്ചയക്കുക. അതാണ് നൃപന്മാര്‍ ചെയ്യേണ്ടത്. വിഭീഷണന്റെ ഈ പ്രസ്താവന രാവണന്റെ കോപത്തിന് അല്പം ശമനം വരുത്തി. രാവണന്‍ പറഞ്ഞു. വിഭീഷണന്‍ നിര്‍ദ്ദേശിച്ചപോലെ അങ്ങനെ എന്തെങ്കിലും അടയാളംവരുത്തി പറഞ്ഞുവിടുക. വാനരന്മാര്‍ക്ക് മുഖവും കൈകാലുകളുമല്ല മറിച്ച് വാലാണ് ശൗര്യത്തിന് ആസ്പദമായിട്ടുള്ളത്. അതുകൊണ്ട് എത്രയുംപെട്ടെന്ന് വാലില്‍ തുണിചുറ്റി തീകൊളുത്തിയശേഷം രാക്ഷസവീരന്മാര്‍ അവനേയും എടുത്തുകൊണ്ട് രാത്രിയില്‍ വന്ന കള്ളനാണെന്ന് വാദ്യംകൊട്ടി വിളിച്ചുപറഞ്ഞുകൊണ്ട് നഗരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുക. വാല്‍ കത്തിനശിക്കുന്ന അവനെ വാനരന്മാര്‍ കൂട്ടത്തില്‍നിന്നും ആട്ടിയോടിക്കും എന്ന് രാക്ഷസന്മാര്‍ക്ക് രാവണന്‍ നിര്‍ദ്ദേശം കൊടുത്തു. രാക്ഷസന്മാര്‍ ഹനുമാനെ പിടികൂടി ഹനുമാന്‍ അനുസരണയോടുകൂടി വഴങ്ങിക്കൊടുത്തു. ബലമേറിയ നീണ്ട കയറുകൊണ്ട് കിങ്കരന്മാര്‍ ഹനുമാനെ കെട്ടിവരിഞ്ഞു. അതിനുശേഷം അവര്‍ വാലില്‍ തുണിചുറ്റാന്‍ തുടങ്ങി. തുണിചുറ്റുംതോറും വാല്‍ വളര്‍ന്നുവന്നു. നീണ്ടും തടിച്ചും വലുതായിക്കൊണ്ടിരുന്ന വാലില്‍ എത്ര തുണി ചുറ്റിയിട്ടും തികയാതായി. പലയിടങ്ങളില്‍നിന്നും ധാരാളം തുണികള്‍ പിന്നേയും കൊണ്ടുവന്നു അവ ചുറ്റിയിട്ടും വാല്‍ പിന്നേയും ശേഷിച്ചു. തുണി അല്പംപോലും ശേഷിച്ചില്ല. ഇനി മതിയെന്ന് നിശ്ചയിച്ച് തുണിചുറ്റില്‍ എണ്ണ കോരിയൊഴിച്ച് വാല്‍പ്പന്തത്തിന് തീപിടിപ്പിച്ചു. രാക്ഷസന്മാര്‍ ഹനുമാനെ എടുത്തുപൊക്കിക്കൊണ്ട് പെരുമ്പറ അടിച്ചുകൊണ്ടും കള്ളന്‍ കള്ളന്‍ എന്ന് ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടും നഗരംചുറ്റാന്‍ തുടങ്ങി. ആ ഘോഷയാത്ര ലങ്കയുടെ പടിഞ്ഞാറെ ഗോപുരവാതിലില്‍ എത്തിയപ്പോള്‍ ഹനുമാന്‍ കൃശശരീരനായിമാറി. അപ്പോള്‍ ബന്ധിച്ചിരുന്ന കയര്‍ അയയുകയും ഹനുമാന്‍ ബന്ധനത്തില്‍ നിന്നും പുറത്തുവരികയും ചെയ്തു. അതിവേഗത്തില്‍ തന്നെ പര്‍വതാകാരശരീരനാകുകയും വാഹകന്മാരെ തച്ചുകൊന്നശേഷം വായുവേഗത്തില്‍ ഗോപുരത്തിലേക്ക് ചാടി. ചന്ദ്രനെ ഉരസിനില്‍ക്കുന്നതുപോലെ ഉയര്‍ന്നുനില്‍ക്കുന്ന ആ മണിമന്ദിരങ്ങളുടെ അഗ്രത്തിലെത്തുകയും ആ സൗധങ്ങളെ കത്തിക്കുകയും ചെയ്തു. അതില്‍ അഗ്നി നന്നായി പടര്‍ന്നുപിടിച്ച ശേഷം മാളികകളെ കൂട്ടത്തോടെ അഗ്നിക്കിരയാക്കി. ആന, കുതിര, രഥം കാലാള്‍പ്പട എന്നിവക്കുള്ള കെട്ടിടങ്ങളേയും ഭംഗിയുള്ള പല രമ്യഹര്‍മ്മ്യങ്ങളേയും ചുട്ടുകരിച്ചു. അങ്ങനെ ഓരോ മന്ദിരങ്ങളിലും ചാടിച്ചാടി അഗ്നിക്കിരയാക്കിക്കൊണ്ട് ഹനുമാന്‍ ലങ്കാനഗരി മുഴുവന്‍ ചുറ്റിസ്സഞ്ചരിച്ചു. പടര്‍ന്നുയര്‍ന്ന് തീ തിങ്ങിത്തിളങ്ങിക്കത്തിത്തെളിഞ്ഞ അഗ്നി വിഭൂതിനിറഞ്ഞിരുന്ന ലങ്കയെ വിഭൂതികൊണ്ട് നിറച്ചു. അങ്ങനെ രത്‌നമയമായിരുന്ന ലങ്ക അഗ്നിമയമായതിനുശേഷം ഭസ്മമയമായിത്തീര്‍ന്ന് നിശേഷം വെളുത്തു. വിഭീഷണമന്ദിരത്തിലും സീതയിരുന്ന ശിംശപവൃക്ഷത്തിലും അഗ്നിയുടെ സ്പര്‍ശംപോലും ഉണ്ടായിരുന്നില്ല. വിഭീഷണന്റെ വിഷ്ണുസ്തുതിയും സീതയുടെ അഗ്നിപ്രാര്‍ത്ഥനയും ആ രണ്ടിടത്തേയും കാത്തുരക്ഷിച്ചു. വീടുകള്‍ക്ക് തീ പടര്‍ന്നുപിടിച്ചപ്പോള്‍ എല്ലാവരും ഉഴറി അലറിക്കൊണ്ട് നാലുപാടും ഓടി. കനകമണിനിലയങ്ങള്‍ കൂട്ടമായി വെന്തുദഹിച്ചു. രാക്ഷസസ്ത്രീകളുടെ കൂട്ട നിലവിളി ഉയര്‍ന്നു. അവര്‍ പരധനവും പരദാരങ്ങളേയും ബലാല്‍ സ്വന്തമാക്കാനുള്ള രാവണന്റെ അത്യാഗ്രഹമാണ് ഈ നാശത്തിന് കാരണമെന്ന് പറഞ്ഞ് രാവണനെ ശപിക്കാന്‍ തുടങ്ങി. ആ വിഷയലമ്പടന്‍ ആക്രമിച്ച് ചാരിത്ര്യഭംഗം ചെയ്തിട്ടുള്ള പതിവ്രതകളുടെ മനസ്സിലെ നീറുന്ന ദുഃഖമാണ് ഇപ്പോള്‍ ഈ ലങ്കയെ നശിപ്പിച്ച അഗ്നിയായി മാറിയതെന്ന് അവര്‍ പരസ്പരം പറഞ്ഞു. പവനനും പാവകനും ഇഷ്ടസഖാക്കളായതുകൊണ്ട് പവനജനായ ഹനുമാന് പാവകന്‍ പൊള്ളലേല്പിച്ചില്ല. മാത്രമല്ല ശ്രീരാമദേവദൂതസ്യ ശീതോഭവ ഹനുമത: ശ്രീരാമ ദേവദൂതനായിരിക്കുന്ന ഹനുമാന് നീ തണുത്തവനായിത്തീരുക എന്ന സീതാദേവിയുടെ അഗ്നിപ്രാര്‍ത്ഥനയും ഹനുമാനെ പൊള്ളലില്‍നിന്ന് കാത്തുരക്ഷിച്ചു. ഹനുമാന്‍ തന്റെ വാലിലെ അഗ്നിയെ തച്ചുകെടുത്തിയ ശേഷം വീണ്ടും സീതയുടെ അടുത്തുചെന്ന് തൊഴുതു അനുവാദം വാങ്ങി. അസംഖ്യം വാനരസേനകളോടുകൂടി ശ്രീരാമനും അനുജനും സുഗ്രീവനുമായി ഉടനെത്തന്നെ വന്നുചേരുന്നതാണെന്ന ആശ്വാസവചനവും സീതക്ക് നല്‍കി. അതിനുശേഷം ലങ്കയുടെ വടക്കേ അരികില്‍നിന്ന് സമുദ്രത്തിന്റെ മുകളില്‍കൂടി മഹേന്ദ്രഗിരിയെ ലക്ഷ്യമാക്കി വാതാത്മജന്‍ കുതിച്ചുചാടി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.