ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരത്തില്‍: രോഗികള്‍ വലയുന്നു

Saturday 12 September 2015 8:41 pm IST

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് നടത്തുന്ന സമരം രോഗികളെ വലച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയാ വിഭാഗം എന്നിവ ഒഴിവാക്കിയാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരം ചെയ്യുന്നത് മറ്റു രോഗികളുടെയും കൂട്ടിരിപ്പുകാരുടെും ചികിത്സ തേടി ഒപിയിലെത്തുന്നവരുടെയും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ കെജിഎംഒഎ ഭാരവാഹികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ചു നടന്ന സത്യഗ്രഹത്തെ പിന്തുണച്ചാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തത്. സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തി വന്ന കെജിഎംഒഎ ഡോ പ്രമീളാദേവിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. നിരാഹാരസമരം നടത്തിയിരുന്ന ഡോ സുരേഷ്ബാബുവിനെ നേരത്തെ രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ ഡോ വിജയ്കൃഷ്ണന്‍, ഡോ അനൂപ് എന്നിവര്‍ നിരാഹാരം തുടരുകയാണ്. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും ക്ഷാമം ഉടനടി പരിഹരിക്കുക, നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, പിജി ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, സമയബന്ധിതമായി സ്ഥാനക്കയറ്റം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. ജനറല്‍ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കി ഉയര്‍ത്തുന്നതിലും കെജിഎംഒഎ ശക്തമായ അഭിപ്രായവ്യത്യാസമാണ് ഉയര്‍ത്തുന്നത്. അത്യാഹിത വിഭാഗത്തിലൊഴിച്ച് മറ്റെല്ലാ ഡോക്ടര്‍മാരും കാഷ്വല്‍ ലീവ് എടുത്താണ് പണിമുടക്കിനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ ചില ഡോക്ടര്‍മാര്‍ ഒപ്പിടാതെ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. മറ്റു ചിലര്‍ ഒപ്പിട്ടിട്ട് ഡ്യൂട്ടിക്ക് ഹാജരാകാതെ വിട്ടുനിന്നു. ഇവരുടെ കണക്ക് ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലുള്‍പ്പെടെ ഹൗസ് സര്‍ജന്മാരാണ് ഒപിയിലടക്കം രോഗികളെ പരിശോധിച്ചത്. ജില്ലയില്‍ 200 ല്‍ അധികം ഡോക്ടര്‍മാര്‍ പണിമുടക്കിലേര്‍പ്പെട്ടിട്ടുണ്ട്. എറണാകുളം, കോഴിക്കോട് തുടങ്ങി എല്ലാ ജില്ലകളിലും ഡോക്ടര്‍മാരുടെ സമരം രോഗികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയുള്ള ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം മുടക്കം കൂടാതെ നടന്നു. കൂട്ട അവധിയെടുത്ത് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ നടത്തുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്. സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടും. സ്ഥിരമായി സമരത്തിനിറങ്ങുന്ന പതിവ് ഡോക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്നും ഏതുസമയത്തും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.