ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയ നടത്തിപ്പില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് കേരള മണ്ണാന്‍സഭ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സൗജന്യമായി നല്‍കേണ്ട യൂണിഫോം എല്ലാവര്‍ഷവും കുട്ടികള്‍ക്ക് നല്‍കുന്നില്ല. സൗജന്യ വിദ്യാഭ്യാസം നല്‍കേണ്ട ഇവിടെ പ്രവേശന സമയത്ത് 2,000 രൂപയും എല്ലാ വര്‍ഷവും 500 രൂപയും പേരന്റ് ടീച്ചേഴ്സ് കൗണ്‍സില്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഈടാക്കുന്നു. കുട്ടികളില്‍ നിന്നും അനധികൃതമായി പിഴ ഈടാക്കുന്നു. പട്ടികവിഭാഗം വിദ്യാര്‍ത്ഥികളെ ടിസി വാങ്ങിപ്പോകാന്‍ നിര്‍ബ്ബന്ധിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചത്. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതായും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ. ബാലന്, സെക്രട്ടറി കെ.ജെ. സുനില്‍കുമാര്‍, ഡോ. പി. രാജേന്ദ്രന്, കെ.എന്‍. അജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: