എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

Saturday 12 September 2015 9:04 pm IST

കല്‍പ്പറ്റ : എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. കാഞ്ഞങ്ങാട് ഒടയഞ്ചാല്‍ എരോല്‍ വീട്ടില്‍ വിജേഷാ (25)ണ് കഴിഞ്ഞദിവസം മംഗളൂരിവില്‍  കല്‍പ്പറ്റ പോലീസിന്റെ പിടിയിലായത്. ഇയാളെ കല്‍പ്പറ്റ സിജെഎം കോടതി റിമാന്‍ഡ് ചെയ്തു. വയനാട് മേപ്പാടി കുന്നമ്പറ്റ ചക്കനാടത്ത് റിച്ചാര്‍ഡ് ഷാജി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഷാജിയുടെ മകന്‍ സുസ്മിതിന് എംബിബിഎസ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 13,80000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2013 സെപ്തംബറിലാണ് തട്ടിപ്പ് നടന്നത്. നീലേശ്വരം കാട്ടിപ്പൊയില്‍ ചൂരിക്കാടന്‍ സജീഷ് ചന്ദ്രന്‍, വെള്ളരിക്കുണ്ട് സ്വദേശി വി.സി.ഷൈജു എന്നിവരാണ് ഈ കേസിലെ മറ്റു പ്രതികള്‍. ഇതില്‍ സജീഷ് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ഷൈജുവിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഷാജിയില്‍ നിന്ന് മുപ്പത്തിയഞ്ച് ലക്ഷം രൂപയും പതിനഞ്ച് ലക്ഷത്തിന്റെ ചെക്കുമാണ് സംഘം വാങ്ങിയത്. മംഗലാപുരത്തെ മാസ്റ്റര്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേനെയാണ് ഇടപാട് നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ നടത്തിയ ഇടപെടലില്‍ 19,0000 ലക്ഷം രൂപ ഷാജി തിരികെ വാങ്ങിച്ചെടുത്തു. ഇനി 13,8000 രൂപ കൂടി കിട്ടാനുണ്ട്. ഇതിനിടെ വിജേഷും സംഘവും ഷാജിക്കെതിരേ ചെക്ക്‌കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഘമാണിതെന്നും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.