കോട്ടയം: നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ വനിതാ ഉല്‍പ്പന്ന വിപണന കേന്ദ്രത്തില്‍ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞവര്‍ഷം വനിതാഘടക പദ്ധതിയില്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് വനിതാ വ്യവസായ ഉല്‍പ്പന്ന വിപണനകേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ ഇവിടുത്തെ കര്‍ഷകര്‍ വിളയിച്ചെടുക്കുന്ന വിഷരഹിത പച്ചക്കറികളും വിപണനകേന്ദ്രം വഴി വില്‍പ്പന നടത്തും.
പ്രാവട്ടം മാര്‍ക്കറ്റില്‍ ആരംഭിച്ച വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത സുജാതന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പുഷ്പവല്ലി ബൈജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലിസി ബേബി, ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂര്‍, എല്‍സമ്മ ജോയി, വി.കെ. പ്രദീപ്, ആന്‍സി ജേക്കബ്ബ്, ശ്രീലതാ മോഹനകുമാര്‍, രാധ ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. ഗിരിജമ്മ, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: