മൂന്നാര്‍: ജനങ്ങളുടെ താക്കീത് തിരിച്ചറിയണം പി സി ജോര്‍ജ്

Saturday 12 September 2015 10:14 pm IST

കോട്ടയം: മൂന്നാറിലെ തൊഴിലാളികള്‍ നടത്തുന്ന ജീവല്‍ സമരം സമ്പന്ന പ്രീണനങ്ങള്‍ക്കെതിരായ ജനങ്ങളുടെ താക്കീതാണെന്ന് പി സി ജോര്‍ജ് . വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറ്റീഷന്‍സ് കമ്മറ്റി ചെയര്‍മാനായിരുന്നപ്പോള്‍ ടാറ്റാ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് വന്ന സര്‍ക്കാരുകള്‍ ക്രീയാത്മകമായ നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ തൊഴിലാളികള്‍ക്ക് ഇന്ന് സമരം നടത്തേണ്ടിവരില്ലായിരുന്നുവെന്ന യാഥാര്‍ഥ്യം ആരും കാണാതെ പോകരുത്. ജനാധിപത്യ സര്‍ക്കാര്‍ നിലനില്‍ക്കുന്ന കാലത്ത് സമാന്തര സര്‍ക്കാരെന്ന പോലെ സ്വന്തം നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചാണ് ടാറ്റായുടെ കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യരെ മൃഗങ്ങളായി കാണുന്ന പ്രാകൃതരീതി ഇന്നും നിലനിര്‍ത്തിയാണ് ടാറ്റാ കമ്പനി സമൂഹത്തെ വെല്ലുവിളിക്കുന്നത്. ടാറ്റായുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി തൊഴിലാളികളെ ബലിയാടാക്കിയവര്‍ കമ്പനിക്കെതിരായ ഏതൊരു ഇടപെടലിനെയും അട്ടിമറിച്ചിരുന്നു. ജീവിതം വഴിമുട്ടിയും സഹികെട്ടുമാണ് അവിടെ തൊഴിലാളികള്‍ പണിയെടുത്തിരുന്നത്. ഈ സാഹചര്യം സൃഷ്ടിച്ചവര്‍ക്കെതിരെയുള്ള സ്വഭാവിക രോഷം മാത്രമാണ് മൂന്നാറില്‍ ഉയരുന്നതെന്നും, ഇത് എല്ലാവര്‍ക്കുമുള്ള പാഠമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.