ഈഴവ വോട്ടിന്റെ ശക്തി സിപിഎമ്മിനെ ബോദ്ധ്യപ്പെടുത്തും: വെള്ളാപ്പള്ളി

Saturday 12 September 2015 10:30 pm IST

ആലപ്പുഴ: എസ്എൻഡിപിയോഗത്തെയും ഗുരുദേവനെയും സമുദായത്തെയും നിരന്തരം അവഹേളിക്കുന്ന സിപിഎമ്മിന് ഈഴവരുടെ വോട്ടിന്റെ ശക്തി എന്താണെന്ന് കാണിച്ചു കൊടുക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം തമ്പുരാനും എസ്എൻഡിപി അടിയാനുമല്ല, ചതിയന്മാരും വഞ്ചകരുമാണ് സിപിഎം നേതാക്കൾ, ഈഴവസമുദായം ഇതെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആർഎസ്എസ്, ബിജെപി ബന്ധം പറഞ്ഞ് എസ്എൻഡിപിയെ വിരട്ടാമെന്ന് ആരും കരുതേണ്ട. സമുദായത്തിന്റെ ഉന്നതിക്കായി ആരുമായും കൂടിക്കാഴ്ച നടത്തുമെന്നും കൂട്ടുകെട്ടുണ്ടാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവർക്ക് അർഹതയുള്ളതു ചോദിച്ചുവാങ്ങാനാണു ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ പ്രവർത്തിക്കുന്നത്. നായനാർ മുഖ്യമന്ത്രിയും അച്യുതാനന്ദൻ പാർട്ടി സെക്രട്ടറിയു മായിരുന്നപ്പോൾ എകെജി സെന്ററിൽ കയറിയിറങ്ങിയിട്ടുപോലും വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുവചനം പാലിക്കാനായി കമ്യൂണിസ്റ്റുപാർട്ടി എസ്എൻഡിപി യോഗത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനവും തന്നിട്ടില്ല. കമ്യൂണിസ്റ്റുകാർ ഒരുകാലത്തും ഈഴവരെ സഹായിച്ച ചരിത്രമില്ല. ഇപ്പോൾ മുതലാളിത്തം ഇല്ലാതായപ്പോൾ പുത്തൻ മുതലാളിമാരായി സിപിഎം നേതാക്കൾ മാറുകയാണ്. കണ്ണൂരിലെ നേതാക്കൾ സിപിഎമ്മിന്റെ ശവക്കല്ലറ പണിയുകയാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ദയനീയമായി തോറ്റ പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപു മാതാ അമൃതാ നന്ദമയിക്കെതിരെ പ്രസ്താവന നടത്തി കൊല്ലത്തും തോറ്റു. അമ്മ സംസ്ഥാനത്തു ശുചിമുറിയില്ലാത്തവര്‍ക്ക് അതു നിര്‍മിക്കാന്‍ 100 കോടി രൂപ നല്‍കിയപ്പോള്‍ 51 വെട്ടു വെട്ടുകയും ജനങ്ങളെ കൊള്ളയടിക്കുകയുമാണ് സിപിഎം ചെയ്തത്. ഇവര്‍ ജനങ്ങളെയും ജനവികാരങ്ങളെയും മനസിലാക്കുന്നില്ല. പിണറായിയെപ്പോലെ ഇത്രയും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന ഒരു നേതാവില്ല. വര്‍ഗസമരത്തിന്റെ വക്താക്കള്‍ ഇപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയായിക്കഴിഞ്ഞു. എസ്എന്‍ഡിപി യോഗം ശ്രീനാരായണ ധര്‍മം ലംഘിച്ചാല്‍ എതിര്‍ക്കുമെന്നു പറയുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ ആദ്യം 'ഒരുപീഡയൊരുത്തനു വരുത്തരുതെന്ന' ഗുരുവചനം ഉള്‍ക്കൊള്ളണം. ചെത്തുകാരന്റെയും മദ്യവ്യവസായ തൊഴിലാളിയുടെയും കാശുകൊണ്ടു പ്രമാണിമാരായ നേതാക്കളാണു ഗുരുവിനെയും ചെത്തുകാരനെയും ഒരേ കയര്‍ കൊണ്ടു കെട്ടിവലിച്ച് അപമാനിച്ചത്. ഗുരുവിനെ ക്രൂശിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഒരു നേതാക്കളും പ്രതികരിച്ചില്ല. എതെങ്കിലും സംഘടിത മതന്യൂനപക്ഷത്തിനെതിരെയായിരുന്നു ഈ നടപടിയെങ്കില്‍ പ്രതിഷേധിക്കാന്‍ ഇവര്‍ മത്സരിക്കുമായിരുന്നു. എസ്എന്‍ഡിപി യോഗത്തെയല്ല, ജനറല്‍ സെക്രട്ടറിയായ തന്നെ ആക്രമിക്കാനാണു കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അവര്‍ക്കുവേണ്ടതു തന്റെ ചോരയാണ്. പടനായകനെ തളര്‍ത്തി പടയെ ഛിന്നഭിന്നമാക്കാനുള്ള തന്ത്രമാണ്. പിണറായിയുടെ ഭീഷണി എസ്എന്‍ഡിപിയോട് വേണ്ട, പാര്‍ട്ടിയെ വളര്‍ത്തിയിട്ടുള്ളത് അടിസ്ഥാന വര്‍ഗ പരമ്പരാഗത തൊഴിലാളികളാണ്.കാള്‍ മാര്‍ക്‌സ് വന്നാലുംവിരട്ടാനാവില്ല. അവരെ അവഗണിക്കുകയും ചവിട്ടിത്താഴ്ത്തുകയും മാത്രമാണു പാര്‍ട്ടി ചെയ്തിട്ടുള്ളത്. ഈഴവരുടെ വോട്ടിനു വിലയുണ്ടെന്നു കാണിച്ചുകൊടുക്കാനും ആശയങ്ങള്‍ കൊണ്ട് ആയുധമേന്താനും ഗുരുവിനെ തൊടുന്നവന്റെ കൈ പൊള്ളുമെന്നു കാണിച്ചുകൊടുക്കാനും സമുദായം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ കടന്നാക്രമണങ്ങളെയും കുപ്രചാരണങ്ങളെയും നേരിടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി 20ന് ചേര്‍ത്തലയില്‍ എസ്എന്‍ഡിപിയുടെ നേതൃയോഗം ചേരുമെന്ന് വെള്ളാപ്പള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ മുതലുള്ള മുഴിവന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. സിപിഎമ്മിനെതിരെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ രൂപരേഖ തയ്യാറാക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.