പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നു

Sunday 13 September 2015 5:41 pm IST

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 27ന് ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം അറിയിച്ചത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. സുക്കര്‍ബര്‍ഗിന്റെ സ്വീകരണത്തിന് നന്ദിയുണ്ടെന്ന് മോദി പറഞ്ഞു.സൂക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മോദി പറഞ്ഞു. സൂക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ ഫേസ്ബുക്കിലൂടെയോ നരേന്ദ്ര മോദി ആപ്‌ളിക്കേഷനിലൂടെയോ പങ്കുവയ്ക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ തവണ താന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദിയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നതായും സൂക്കര്‍ബര്‍ഗ് ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കി. മോദിയുമായുള്ള കൂടിക്കാഴ്ച തത്സമയം തന്റേയും മോദിയുടേയും പേജിലൂടെ കാണാനുള്ള അവസരം ഉണ്ടാവുമെന്നും സൂക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്‌സ്ബുക്കിനു ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. സോഷ്യല്‍മീഡിയകളില്‍ സജീവമായ മോദിയുടെ വരവ് ഫെയ്‌സ്ബുക്കിനു ഇന്ത്യയിലെ വിപണി കൂടുതല്‍ സജീവമാക്കാനാകുമെന്നാണ് സുക്കര്‍ബര്‍ഗ് കരുതുന്നത്. ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി സജീവമാക്കാനും ഫെയ്‌സ്ബുക്കിനു നീക്കമുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന് വിപണി സജീവമാക്കാനും ഫെയ്‌സ്ബുക്കിനു നീക്കമുണ്ട്. സെപ്തംബറില്‍, അമേരിക്കയിലേക്ക് മോദി നടത്തുന്നത് രണ്ടാമത്തെ സന്ദര്‍ശനമാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും മോദി, ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. അതിനുശേഷം മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങിലും മോദി പങ്കെടുത്തു. ഇത്തവണ 'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ' പദ്ധതിയുമായി മോദി സിലിക്കണ്‍വാലിയിലാണ് എത്തുക. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചായ്. ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, അഡോബ് സി.ഇ.ഒ ശന്തനു നാരായണ്‍ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.