ലങ്കയില്‍നിന്നുവന്ന ഹനുമാന്‍

Sunday 13 September 2015 7:27 pm IST

ജാംബവാന്‍ അംഗദന്‍ മുതലായവര്‍ മഹേന്ദ്രഗിരിയുടെ മുകളില്‍ അക്ഷമരായി ഹനുമാന്റെ പ്രത്യാഗമനം കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ചിലര്‍ ചിന്തിച്ചും ചിലര്‍ പ്രാര്‍ത്ഥിച്ചും ചിലര്‍ കഴുത്തുയര്‍ത്തി ചെവി വട്ടംപിടിച്ചും ചിലര്‍ ഹനുമാന്‍ പോയ ഭാഗത്തേക്കു തന്നെ കണ്ണുകള്‍ നട്ടും ഹനുമാന്റെ വരവിന് പ്രതീക്ഷിച്ചുനിന്നു. അങ്ങിനെ ക്ഷമനശിച്ച് മനമുടഞ്ഞ് ആകാംക്ഷാഭരിതരായി നില്‍ക്കുന്ന അവരുടെ കാതുകളില്‍ മൂന്നുലോകവും ഉലയുന്ന രീതിയിലുള്ള ഒരു അലര്‍ച്ചയുടെ തീവ്രനാദം വന്നലച്ചു. ശബ്ദം കേട്ട അവര്‍ എല്ലാവരും മാരുതി കാര്യംസാധിച്ചതിന്റെ ലക്ഷണമാണ് ആ തീവ്രനാദമെന്ന് തമ്മില്‍തമ്മില്‍ പറഞ്ഞു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ പര്‍വതത്തിന്റെ മുകളില്‍ വാതാത്മജന്‍ പ്രത്യക്ഷനായി. കണ്ടിതുസീതയെ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം 'നിപപാതമഹേന്ദ്രസ്യ ശിഖരേ പാദപാകുലേ' വൃക്ഷങ്ങള്‍ നിറഞ്ഞ മഹേന്ദ്രപര്‍വത ശിഖരത്തില്‍ തിരിച്ചുവന്നിറങ്ങി. (സുന്ദരകാണ്ഡം 57:29) മഹേന്ദ്രപര്‍വതത്തില്‍ ഇറങ്ങിയ ശേഷം അദ്ദേഹം വാനരന്മാരോടായി പറഞ്ഞു. രാമാനുഗ്രഹത്താല്‍ സീതയെ ദര്‍ശിക്കാന്‍ സാധിച്ചു. രാവണന്റെ ലങ്കയും ഉദ്യാനവും ഞാന്‍ നശിപ്പിച്ചു. രാവണനെക്കണ്ട് സംസാരിക്കുകയും ചെയ്തു. വിവരങ്ങള്‍ ഉടനെ അറിയിക്കുന്നതിനായി നമുക്ക് ഉടനെ പുറപ്പെടാം. ഇതുകേട്ട് വാനരനായകന്മാര്‍ ഓരോരുത്തരായി ഹനുമാനെ ആലംഗനം ചെയ്തു. ചിലര്‍ ഹനുമാന്റെ വാലിന്റെ അഗ്രം ചുംബിക്കുകയും ചെയ്തു. അവരെല്ലാവരും ശ്രീരാമചന്ദ്രനെ കാണുന്നതിനായി പ്രസ്രവണപര്‍വതത്തിലേക്ക് യാത്രതിരിച്ചു. ഹനുമാനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് വാനരസംഘം ഘോഷയാത്ര പോലെ പോകുന്നത്. വിശപ്പും ദാഹവും മൂലം ക്ഷീണിച്ച വാനരസമൂഹം മാര്‍ഗ്ഗമദ്ധ്യേയുള്ള മധുവനത്തില്‍ കയറി. മധുവനം സുഗ്രീവന്റെ കൊട്ടാരംവകയായിരുന്നു. അംഗദാനുജ്ഞയോടെ കൃതാര്‍ത്ഥോന്മത്തരായ വാനരന്മാര്‍ സസ്യസമ്പൂര്‍ണ്ണമായ ആ രാജകീയോദ്യാനത്തില്‍ കടന്ന് പക്വഫലമൂലാദികളെല്ലാം ഭക്ഷിച്ച് മധുപാനം ചെയ്ത് വിശപ്പും ദാഹവുമകറ്റി അവര്‍ ആഹ്ലാദിച്ചു. ദധിമുഖന്‍ എന്ന സുഗ്രീവന്റെ മാതുലനായ ഒരു വാനരനായിരുന്നു ആ മധുവനത്തെ സുഗ്രീവശാസന പ്രകാരം പാലനം ചെയ്തുവന്നിരുന്നത്. അതിക്രമിച്ചുകടന്ന വാനരന്മാരെ തടയുന്നതിനായി ദധിമുഖന്‍ തന്റെ കീഴിലുള്ള കാവല്‍ക്കാരായ ദണ്ഡധരന്മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. ദധിമുഖന്റെ നിര്‍ദ്ദേശാനുസരണം തടയുന്നതിന് സമീപിച്ച അവരെ വാനരന്മാര്‍ തച്ചോടിച്ചു. വാനരന്മാരുടെ മുഷ്ടിപ്രഹരങ്ങള്‍ സഹിക്കാന്‍ കഴിയാതെ അവര്‍ ഓടിമറഞ്ഞു. ദധിമുഖന്‍ ഉടന്‍തന്നെ സുഗ്രീവസവിധത്തിലെത്തി അംഗദാദി വാനരന്മാര്‍ മധുവനത്തില്‍ പ്രവേശിച്ച് അഴിഞ്ഞാടി എല്ലാം നശിപ്പിച്ചെന്നും അതുതടയാന്‍ ചെന്ന കാവല്‍ക്കാരെ മര്‍ദ്ദിച്ചോടിച്ചെന്നും പരാതിപ്പെട്ടു. തന്റെ മാതുലനായ ദധിമുഖന്റെ പരാതികള്‍ കേട്ടപ്പോള്‍ സുഗ്രീവന്‍ സന്തോഷത്താല്‍ മതിമറന്ന് രാമനെ സമീപിച്ചുകൊണ്ടു പറഞ്ഞു. ആഞ്ജനേയാദികള്‍ കാര്യവും സാധിച്ചുവരുന്നുണ്ട്. കാര്യം സാധിച്ചില്ലായിരുന്നെങ്കില്‍ അവര്‍ മധുവനം തകര്‍ക്കുകയില്ലെന്നല്ല അതില്‍ പ്രവേശിക്കുകകൂടി ചെയ്യുകയില്ല. ദധിമുഖനോടായി സുഗ്രീവന്‍ പറഞ്ഞു. അങ്ങ് പോയി അവരോട് ഉടന്‍ വരാന്‍ പറയുക. മറ്റുകാര്യങ്ങളില്‍ യാതൊരു ഖേദവും വേണ്ട. സുഗ്രീവനിര്‍ദ്ദേശമനുസരിച്ച് ദധിമുഖന്‍ ഉടന്‍തന്നെ ചെന്ന് അംഗദാദികളോട് വിവരം പറഞ്ഞു. ശ്രീരാമന്‍ സുഗ്രീവന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് സന്തുഷ്ടചിത്തനായി. അപ്പോഴേക്കും ഹനുമാന്‍ അംഗദന്‍ ജാംബവന്‍ തുടങ്ങിയവര്‍ രാമസവിധത്തിലെത്തിച്ചേര്‍ന്നു. ശ്രീരാമന്റെ പാദങ്ങളില്‍ അവര്‍ വീണുവണങ്ങി. സീതാസന്ദര്‍ശന വിവരങ്ങള്‍ വിസ്തരിച്ചുപറഞ്ഞ് ഹനുമാന്‍ ചൂഡാമണി രാമകരങ്ങളില്‍ ഏല്പിച്ചു. ചൂഡാമണി വാങ്ങി അതിനെ നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട് രാമന്‍ സീതാസ്മരണയില്‍ മുഴുകി വിലപിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.