ഒത്തുതീര്‍പ്പായില്ല: സമരത്തിലുറച്ച് ഡോക്ടര്‍മാര്‍

Sunday 13 September 2015 8:09 pm IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായില്ല. സര്‍ക്കാരുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നും കടുത്ത അതൃപ്തിയുണ്ടെന്നുമാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞത്. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ ഭാഗമായി കെജിഎംഒഎ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തില്‍ ഇന്നലെ രാവിലെ മുതല്‍ ഉത്തരമേഖല ജോയിന്റ് സെക്രട്ടറി ഡോ ഭവന്‍ ശങ്കറും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ ഷീനാ ജി. സോമനും നിരാഹാരം ആരംഭിച്ചു. നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നത് സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന കെജിഎംഒഎയുടെ ആവശ്യത്തിനും ശക്തികൂടി. അത്യാഹിതവിഭാഗത്തിലും അടിയന്തര ശസ്ത്രക്രിയാ വിഭാഗത്തിലും മാത്രമാണ് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകുന്നത്. ഇത് ഒപി വിഭാഗത്തിലും കിടത്തി ചികിത്സ തേടിയിരിക്കുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും കടുത്ത  പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍ പോസ്റ്റുമോര്‍ട്ടങ്ങളെ സമരം ബാധിച്ചിട്ടില്ല. പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ജോലിക്കെത്തുന്നുണ്ട്. ഡോക്ടര്‍മാരുടെ സമരം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നുമുള്ള നിലപാടിലാണ് ആരോഗ്യവകുപ്പും സര്‍ക്കാരും. നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികളെ അശാസ്ത്രീയമായി മെഡിക്കല്‍ കോളേജുകളാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, പിജി ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, സമയബന്ധിതമായി പ്രമോഷന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ഡോ ഭവന്‍ ശങ്കറും ഡോ ഷീന ജി. സോമനും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.