പുറക്കാട് കടല്‍ക്ഷോഭം: ഏഴോളം വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍

Sunday 13 September 2015 8:51 pm IST

അമ്പലപ്പുഴ: പുറക്കാട് വീണ്ടും കടല്‍ക്ഷോഭം രൂക്ഷമായി. ഏഴോളം വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. പുറക്കാട് അഞ്ചാലും കാവ്, പഴയങ്ങാടി പ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം നാശം വിതക്കുന്നത്. നിരന്തരമായി തുടരുന്ന കടല്‍ക്ഷോഭം മൂലം നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞു വരുന്നതിനിയിലുണ്ടായ കടല്‍ക്ഷോഭം തീരദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കടല്‍ ഭിത്തിക്ക് പടിഞ്ഞാറ് മുന്നൂറോളം വീടുകളുണ്ട്. ഇവരെ പുനരധിവസിപ്പിക്കാമെന്ന ഉറപ്പ് അധികൃതര്‍ നല്‍കിയെങ്കിലും വേണ്ട നടപടികള്‍ ഒന്നുമായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമാണെങ്കിലും അധികൃതര്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പഴയങ്ങാടി ഭാഗത്ത് മുന്‍പുണ്ടായ കടല്‍ക്ഷോഭം മൂലം മത്സ്യതൊഴിലാളികള്‍ ഒഴിഞ്ഞു പോയ വീടുകള്‍ പൂര്‍ണ്ണമായും കടലെടുത്തതിനുശേഷമാണ് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായത്. പുതുവല്‍ ശുഭകന്‍, സുദേവന്‍, അബുബേക്കര്‍, സിന്ധു, സൈനബ, സഹദേവന്‍, ബാബു എന്നിവരുടെ വീടുകളാണ് ഏതു നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലായത്. കഴിഞ്ഞ ദിവസം മുതല്‍ കടല്‍ക്ഷോഭം ഉണ്ടാകുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ മുതലാണ് രൂക്ഷമായത്. തകര്‍ച്ചാഭീഷണിയിലായ വീടുകളിലെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുമായി വീടുവിട്ടുപോകേണ്ട അവസ്ഥയിലാണ്. ഇവിടെയുള്ള കുട്ടികളുടെ പഠിത്തവും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടു മാസങ്ങളായി പുറക്കാട് കരിനില വികസന ഏജന്‍സി, കരൂര്‍ ഗവ: എല്‍പിഎസ് എന്നിവിടങ്ങളിലായി നിരവധി കുടുംബങ്ങള്‍ താമസിച്ചുവരുകയാണ്. വാടക വീടുകളില്‍ താമസിച്ചു വരുന്നവരുമുണ്ട്. ഇനിയും വീടുകള്‍ നഷ്ടപ്പെട്ടാല്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള ഇടം കണ്ടത്തേണ്ട അവസ്ഥയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.