കൊച്ചി കായലിലെ കൊടും ക്രൂരത

Sunday 13 September 2015 9:23 pm IST

അപകടത്തില്‍പ്പെട്ട ബോട്ട് കരക്കടുപ്പിക്കുന്നു

അഴിമതിയില്‍ മുങ്ങിയ ഒരു ഭരണത്തിന്റെ ക്രൂരമായ പ്രതിഫലനമാണ് ഫോര്‍ട്ടുകൊച്ചി ബോട്ടുദുരന്തത്തിലെത്തിച്ചത്.ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ നിഷ്‌ക്രിയവും കെടുകാര്യസ്ഥതയുമായി ഭരണനേതൃത്വം മുന്നോട്ടുപോയതിന്റെ പരിണതഫലമാണ് ബോട്ട് അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈപ്പിനില്‍നിന്ന് 2015 ആഗസ്റ്റ് 26ന് ബുധനാഴ്ച ഫോര്‍ട്ടുകൊച്ചിയിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇത് 11 സാധാരണക്കാരുടെ ജീവനാണ് അപഹരിച്ചത്.

വളരെ ബലക്ഷയമുള്ള ഈ ബോട്ടില്‍ യാത്രാസമയത്ത് വേണ്ടത്ര സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നും ജനങ്ങളുടെ ജീവന് അധികാരികള്‍ യാതൊരു വിലയും നല്‍കിയില്ലെന്നതും ജനങ്ങളെ അലട്ടുന്ന പ്രശ്‌നമായി മാറിയിരിക്കുന്നു.യാത്രാബോട്ടില്‍ വന്നിടിച്ച ഇന്‍ബോര്‍ഡു വള്ളം അശാസ്ത്രീയമായി പണികഴിപ്പിച്ചതാണെന്നതും ഈ വള്ളത്തിന്റെ വീല്‍ഹൗസില്‍ ഇരിക്കുന്ന സ്രാങ്കിന് മുന്നിലെ കാഴ്ചകള്‍ നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. ജീവന് അധികാരികള്‍ യാതൊരു വിലയും നല്‍കിയില്ലെന്നതും ജനങ്ങളെ അലട്ടുന്ന പ്രശ്‌നമായി മാറിയിരിക്കുന്നു.

യാത്രാബോട്ടില്‍ വന്നിടിച്ച ഇന്‍ബോര്‍ഡു വള്ളം അശാസ്ത്രീയമായി പണികഴിപ്പിച്ചിട്ടുള്ളതാണെന്നതും ഈ വള്ളത്തിന്റെ വീല്‍ഹൗസില്‍ ഇരിക്കുന്ന സ്രാങ്കിന് മുന്നിലെ കാഴ്ചകള്‍ നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ലെന്നതും അപകടകാരണമായി വിലയിരുത്തുന്നുണ്ട്. നേവല്‍ ആര്‍ക്കിടെക്റ്റ് വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണമായതിനാല്‍ ഇന്‍ബോര്‍ഡ് വള്ളത്തിന്റെ നിയന്ത്രണത്തില്‍ ചുക്കാനുണ്ടായിരുന്നില്ല എന്നുവേണം അനുമാനിക്കുവാന്‍.

ഭരണത്തിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ അഴിമതിയും സാധാരണ ജനങ്ങളെ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നുവെന്നതിന് ഉത്തമോദാഹരണമാണ് ഫോര്‍ട്ടുകൊച്ചി ബോട്ടുദുരന്തം.ഭരണം ശരിയല്ലെങ്കില്‍ ഭാവിതലമുറയ്ക്ക് മാത്രമല്ല ഈ തലമുറയ്ക്കും അത് ദുരന്തകാരണമാകും എന്നതും തിരിച്ചറിയേണ്ടതുണ്ട്. ഇന്നിപ്പോള്‍ ഫോര്‍ട്ടുകൊച്ചി ബോട്ടുദുരന്തം ഭരണപക്ഷവും പ്രതിപക്ഷവും തദ്ദേശതെരഞ്ഞെടുപ്പിന് ആയുധമാക്കുന്ന കാഴ്ചയാണ് കാണാനാകുക. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷവും 1994 മുതല്‍ നടന്ന ജങ്കാര്‍ സര്‍വീസുകളുടെയും ഫെറി സര്‍വീസുകളുടെയും കരാറുകളും അന്വേഷണ വിധേയമാക്കണമെന്ന് ഭരണപക്ഷവും ആവശ്യപ്പെടുന്നു.

അപകടം ഉണ്ടായ യാത്രാബോട്ടിന്റെ കരാര്‍ പുതുക്കിയത് കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യപ്രകാരമാണെന്ന് പ്രതിപക്ഷവും യാത്രാബോട്ടില്‍ വന്നിടിച്ച മത്സ്യബന്ധനബോട്ടിന്റെ ഉടമസ്ഥരില്‍ ഒരാള്‍ കമ്മ്യൂണിസ്റ്റുകാരനാണെന്നും ഭരണപക്ഷവും പരസ്പരം ആരോപിക്കുന്നു. 11 യാത്രക്കാര്‍ മരിച്ച കാര്യമോ, അവരുടെ കുടുംബങ്ങള്‍ക്കുള്ള കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനോ നഗരസഭാംഗങ്ങള്‍ക്ക് നേരമില്ല. മരിച്ചവര്‍ക്ക് വിലയിട്ടത് അഞ്ച് ലക്ഷം രൂപയാണ്. ജീവിതം തുടങ്ങിയ ചെറുപ്പക്കാര്‍ക്കും ജീവിതഭാരം താങ്ങാന്‍ ഉണ്ടായിരുന്നവര്‍ നഷ്ടപ്പെട്ട അവരുടെ വീട്ടുകാര്‍ക്കും പോയത് പോയി. ഓണനാളുകളില്‍ അപകടം ഉണ്ടായിട്ടും 11 പേര്‍ അപകടത്തില്‍ മിരിച്ചിട്ടും ഒട്ടനവധിപേര്‍ ആശുപത്രികളില്‍ ചികിത്സയിലായിരുന്നിട്ടും നഗരസഭയുടെ ഓണാഘോഷത്തില്‍ ഒരു മുടക്കവും വരുത്തിയില്ല എന്നത് മനുഷ്യത്വരഹിതമായിപ്പോയി.

വിമാന അപകടമായിരുന്നെങ്കില്‍ ഒരുപക്ഷേ ഒരാഴ്ച ദുഃഖാചരണംപോലും നടത്തുമായിരുന്ന സര്‍ക്കാരും ഫോര്‍ട്ടുകൊച്ചി ബോട്ടുദുരന്തത്തില്‍ അകപ്പെട്ടവരെ അവര്‍ വെറും സാധാരണക്കാരായതുകൊണ്ട് അര്‍ഹിക്കുന്ന വിലപോലും നല്‍കാതെ അവഗണിച്ചിരിക്കുകയാണ്. പരസ്പരം പഴിചാരി രാഷ്ട്രീയ ലാഭം കൊയ്യുവാന്‍ മെനക്കെട്ടിരിക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും പാവപ്പെട്ടവന്റെ ദുരന്തത്തില്‍ പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണെടുത്തത്. ജനങ്ങള്‍ ഇത് തിരിച്ചറിയണം.
പാര്‍ട്ടികളുടെ പേരില്‍ ഏത് കുറ്റിച്ചൂലുകളെ നിര്‍ത്തിയാലും വോട്ടുചെയ്ത് ജയിപ്പിക്കുന്ന സാധാരണക്കാര്‍ വീണ്ടും വീണ്ടും വിഡ്ഢികളാകുകയാണ്.

ആരെങ്കിലും നമ്മെ ഭരിക്കട്ടെയെന്നും ഭരിക്കുന്നവര്‍ ഖജനാവ് കൊള്ളയടിക്കുമെന്നും ഭരണം കയ്യിട്ടുവാരുവാനുള്ള അവസരമാക്കുമെന്നും സാധാരണ ജനങ്ങളുടെ തിരിച്ചറിയുവാനുള്ള സൂചികകളാണ് ഫോര്‍ട്ടുകൊച്ചി ബോട്ട് അപകടംപോലുള്ള സംഭവങ്ങള്‍. ഭരണതലത്തിലെ കെടുകാര്യസ്ഥതകള്‍ നമ്മെ നേരിട്ട് ബാധിക്കുമെന്നും നാം തിരിച്ചറിയണം. അതുകൊണ്ട് പദവികളുടെ ‘പവര്‍’ മാത്രം ഉപയോഗിക്കുകയും അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുകയും ഉദ്ഘാടനങ്ങളില്‍ മാത്രം മുഴുകുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ തിരസ്‌കരിക്കുകയും ജനപക്ഷ നേതാക്കളെ തിരിച്ചറിയുകയും വേണം. അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.പക്ഷേ രാഷ്ട്രീയ ഇടപെടലുകളും സ്വജനപക്ഷപാതവും അഴിമതിയുംമൂലം വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുവാനും ജനങ്ങള്‍ക്ക് നീതിയും വികസനവും ലഭ്യമാക്കുവാനും ഉതകുന്ന നേതാക്കളെയാണ് നമുക്കാവശ്യം.

മേലനങ്ങി പണിയെടുക്കാതെ ജനങ്ങളുടെ നികുതിപ്പണം ഊറ്റിക്കുടിക്കുന്ന സേവന മനസ്‌കതയില്ല. അവരെ ഇനിയെങ്കിലും ഭരണതലത്തില്‍നിന്നും മാറ്റിനിര്‍ത്തുവാന്‍ ജനങ്ങള്‍ തയ്യാറാകണം.ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍പ്പെട്ടവര്‍ക്ക് വീടില്ലെന്നും നഷ്ടപരിഹാരം മാത്രം പോരാ മരിച്ചവരുടെ വീട്ടുകാര്‍ക്ക് വീട് നല്‍കണമെന്നും സമഗ്ര പാക്കേജ് വേണമെന്നും പറഞ്ഞ് ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തിയ പാര്‍ട്ടിക്കാരെയും നാം തിരിച്ചറിയണം. ഭരണം കയ്യില്‍ ഇല്ലാത്തതിനാല്‍ നടക്കാത്ത ഏതുകാര്യവും വിളിച്ചുപറയാമല്ലോ എന്ന ഒരു സൗകര്യമുണ്ടിവര്‍ക്ക്.
നഗരസഭയ്ക്ക് സ്വന്തമായുണ്ടായിരുന്ന ബോട്ട് സര്‍വീസുകള്‍ നിര്‍ത്തലാക്കി ബോട്ടുകള്‍ കരാറടിസ്ഥാനത്തില്‍ കൊടുത്ത് ഫെറി സര്‍വീസ് നടത്തുവാന്‍ തീരുമാനമെടുപ്പിച്ചവരാണിവര്‍.

അപകടം നടന്ന ബോട്ടിന്റെ കരാറുകാര്‍ക്ക് ആദ്യം കരാര്‍ നല്‍കിയതും ഇവരാണ്. ഇതേ കരാറുകാര്‍ അവരുടെ ഭരണകാലത്ത് നടത്തിയ സര്‍വീസുകള്‍ സുരക്ഷിതവും ഇന്ന് അവര്‍ നടത്തുന്നത് പ്രാകൃതവും അരക്ഷിതവുമാണെന്നാണിവരുടെ വാദം. ഇത്തരം ഏറ്റുപറച്ചിലുകളിലെ പൊരുത്തക്കേടുകള്‍ നാം വായിച്ചെടുക്കണം. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ എല്ലാം ശരിയാകുമെന്നാണിവരുടെ കാഴ്ചപ്പാട്. അതോടെ മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം കിട്ടുമോ എന്നുമാത്രമാണ് അറിയുവാനുള്ളത്.

ബോട്ട് അപകടങ്ങളില്‍ ഇതുവരെ നടന്ന അന്വേഷണങ്ങളുടെ ഗതി എന്തായിരുന്നു എന്നത് മനസ്സിലാക്കുന്നത് ഇത്തരുണത്തില്‍ നല്ലതാണ്. 1980 മാര്‍ച്ച് 19 ന് കല്ലഞ്ചേരി കവലയിലുണ്ടായ ബോട്ട് ദുരന്തം. 30 പേര്‍ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ നേര്‍ച്ച സദ്യയോടനുബന്ധിച്ചുണ്ടായ ഈ ബോട്ടപകടത്തില്‍ മരിച്ചു. അന്വേഷണം എങ്ങുമെത്തിയില്ല. ചില കുടുംബങ്ങള്‍ ഇതോടെ വേരോടെ പിഴുതെറിയപ്പെട്ടു. വല്ലാര്‍പാടം ബോട്ട് ദുരന്തമുണ്ടായത് 1983 സെപ്തംബര്‍ 25 നാണ്. 18 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ക്ക് മാത്രം നഷ്ടം. 2002 ജൂലായ് 27 ന് നടന്ന കുമരകം ബോട്ടു ദുരന്തത്തില്‍ മരിച്ചത് 29 പേര്‍. കൂടുതല്‍പേരെ ബോട്ടില്‍ കുത്തിനിറച്ചതും ബോട്ടുജീവനക്കാരുടെ അനാസ്ഥയും ബോട്ടിന്റെ മോശം കണ്ടീഷനും അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടകാരണമെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.

കിം ഫലം. 2004 ല്‍ കൊല്ലത്ത് ബോട്ട് മുങ്ങി ബോട്ടു ജീവനക്കാര്‍ മരിച്ചു. അന്വേഷണമുണ്ടായില്ല. 2009 ല്‍ തേക്കടിയില്‍ ജലകന്യകയെന്ന ബോട്ട് മുങ്ങി 45 ടൂറിസ്റ്റുകള്‍ മരിച്ചു. ഏതാണ്ട് മേല്‍പ്പറഞ്ഞതരം അന്വേഷണ റിപ്പോര്‍ട്ട് വന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 2001, 2013 എന്നീ വര്‍ഷങ്ങളിലും ആലപ്പുഴ പുന്നക്കാട് അപകടങ്ങളില്‍ നാലും രണ്ടുംപേര്‍ മരിച്ചെങ്കിലും അന്വേഷണം പ്രഖ്യാപിക്കേണ്ട പോര്‍ട്ട് ഡയറക്ടര്‍ അത് പ്രഖ്യാപിച്ചില്ല. എന്നാല്‍ 2015 ആഗസ്റ്റ് 25 ന് നടന്ന ഫോര്‍ട്ടുകൊച്ചി ബോട്ടുദുരന്തത്തില്‍ തുറമുഖ ട്രസ്റ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍നിയമങ്ങള്‍ ലംഘിച്ച് യാനങ്ങള്‍ നിര്‍മിക്കുന്നതിനെതിരെയും ഫെറി ബോട്ടുകളുടെ ഫിറ്റ്‌നസ് സംബന്ധമായ പരിശോധന നടത്തി നടപടിയെടുക്കേണ്ടതുമായ തുറമുഖ ട്രസ്റ്റ് തന്നെ അപകടത്തില്‍പ്പെട്ട ഇന്‍ബോര്‍ഡ് വള്ളത്തിനും ബോട്ടിനും ഫിറ്റ്‌നസ് നല്‍കിയിട്ടുണ്ടെന്നുമാണ് വാര്‍ത്ത വന്നിരിക്കുന്നത്. അതുകൊണ്ട് തുറമുഖ ട്രസ്റ്റിന്റെ അന്വേഷണത്തില്‍ എന്ത് വിശ്വാസ്യതയാണുള്ളത്?

കൊച്ചി നഗരസഭ, തുറമുഖ ട്രസ്റ്റ് എന്നിവര്‍ ഈ അപകടവുമായി നടക്കുന്ന അന്വേഷണങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. പ്രഹസനമാകുന്ന അന്വേഷണങ്ങള്‍ ഇനിയും നടത്തി ജനങ്ങളെ കബളിപ്പിക്കരുത്. ഇതുവരെ നടന്ന ബോട്ടപകടങ്ങളുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് താഴെ പറയുന്ന വസ്തുതകളാണ്. ജലയാനങ്ങളുടെ കാലപ്പഴക്കം, ജലബന്ധിത അനുബന്ധഭാഗങ്ങളുടെ ബലക്ഷയം, അറ്റകുറ്റപ്പണികളുടെ അഭാവം, യാനങ്ങളുടെ ചട്ടക്കൂടിനുവരുത്തുന്ന ബലക്കുറവ്, ജീവന്‍ രക്ഷിക്കുവാനുള്ള ലൈഫ് ബോയ പോലുള്ള ഉപകരണങ്ങളുടെ അഭാവം, സുരക്ഷിതമായി ബോട്ട് ഓടിക്കുവാനുള്ള ജലപാതകളുടെ അടയാളങ്ങള്‍ ഇല്ലാതിരിക്കുക, യാത്രക്കാരെ കുത്തിനിറച്ച് കയറ്റുക, ജലയാന ജീവനക്കാരുടെ അശ്രദ്ധ, ജോലിയോട് കൂറില്ലായ്മ, അറിവില്ലായ്മ, പരിചയക്കുറവ് തുടങ്ങിയവ. ജലയാനങ്ങളുടെ രൂപകല്‍പ്പനയിലെ തകരാറ്, ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നതിലെ അപാകം.

ജലയാനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ലഭിക്കേണ്ട ട്രെയിനിംഗ് ലഭിക്കാതിരിക്കുക, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കിട്ടാതിരിക്കുക.
റിപ്പോര്‍ട്ടുകള്‍ പലതും വെളിച്ചം കണ്ടെങ്കിലും അപകടങ്ങള്‍ വീണ്ടും നടന്നുകൊണ്ടിരിക്കയാണ്. ജലയാനങ്ങളുടെ കാര്യക്ഷമമായ പരിശോധനയോ അപകടങ്ങള്‍ ഒഴിവാക്കുവാനുള്ള നടപടിയോ ചെയ്യാതെ ഭരണക്കാര്‍ ചുമതലകളില്‍നിന്നും ഒഴിഞ്ഞുമാറുകയാണ്. ഇതാണ് ഫോര്‍ട്ടുകൊച്ചി ദുരന്തങ്ങള്‍ പോലുള്ളവ സംഭവിക്കുന്നതിന് കാരണം. ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയും ഇല്ലാതാക്കുന്നത് നിരപരാധികളായ സാധാരണക്കാരുടെ ജീവനാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.