അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ ജയില്‍ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു

Monday 14 September 2015 3:53 pm IST

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ജയില്‍ ആക്രമിച്ച താലിബാന്‍ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചു. മധ്യ അഫ്ഗാനിലെ ഗസ്‌നിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. നാല് സുരക്ഷ ഉദ്യോഗസ്ഥരെ വധിച്ചശേഷമാണ് തടവുകാരെ തുറന്ന് വിട്ടത്. ആയുധധാരികളായ ആറംഗ താലിബാന്‍ സംഘം ജയിലിന് മുന്നില്‍ ഉഗ്ര സ്ഫോടനം നടത്തിയ ശേഷമാണ് അകത്തേയ്ക്ക് പ്രവേശിച്ചത്. അഫ്ഗാന്‍ സുരക്ഷാ ജീവനക്കാരുടെ യൂണിഫോമാണ് ഇവര്‍ ധരിച്ചിരുന്നത്. എല്ലാ തടവുകാരും രക്ഷപെട്ടതായാണ് സൂചന. 352 തടവുകാര്‍ രക്ഷപെട്ടതായും നാല് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഗസ്‌നി ഡപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് അലി അഹ്മദി സ്ഥിരീകരിച്ചു. ഭീകരര്‍ക്ക് ജയിലിനകത്തേയ്ക്ക് എത്തുന്നതിന് വേണ്ട സഹായം തടവുകാരില്‍ നിന്നും ലഭിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനെത്തിയ ഭീകരരില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മൂന്ന് ചാവേറുകള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വ്യക്തമാക്കി. 400 തടവുകാരെ രക്ഷപെടുത്തിയതായും 40 സുരക്ഷാ ജീവനക്കാരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു. പലപ്പോഴും ജയിലുകളില്‍ താലിബാന്‍ ആക്രമണം നടത്തുകയും ഭീകരര്‍ ഉള്‍പ്പടെയുള്ള തടവുകാരെ രക്ഷിയ്ക്കാറുമുണ്ട്. ഇതേ രീതിയില്‍ പാക് താലിബാനും പാക്കിസ്ഥാനിലെ ജയിലുകളില്‍ ആക്രമണം നടത്താറുണ്ട് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.