വാനരസേനയുടെ ശക്തി

Monday 14 September 2015 8:17 pm IST

പിന്നീട് വിലാപത്തില്‍നിന്നും മുക്തനായ രാമനോട് ഹനുമാന്‍ സീത പറഞ്ഞ അടായളവാക്യവും പറഞ്ഞുകൊടുത്തു. അതിനുശേഷം ഉദ്യാനം നശിപ്പിച്ചതും രാവണപുത്രനായ അക്ഷകുമാരനേയും മറ്റു രാക്ഷസസൈന്യങ്ങളേയും വധിച്ചതും ലങ്ക അഗ്നിക്കിരയാക്കിയ കാര്യവും ഹനുമാന്‍ രാമനെ ഉണര്‍ത്തിച്ചു. എല്ലാം കണ്ടുംകേട്ടും വിശ്വാസമുറച്ച ശ്രീരാമചന്ദ്രന്‍ മനസ്സന്തോഷത്തോടുകൂടി ഗാഢംഗാഢം ഹനുമാനെ ആശ്ലേഷിച്ച് അനുഗ്രഹിച്ചു. അതിനുശേഷം ശ്രീരാമന്‍ ഹനുമാന്റെ പ്രവൃത്തികളെ ആദരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. ലക്ഷ്ണ ദേവകള്‍ക്കുപോലും സാധിക്കാന്‍ പ്രയാസമുള്ള കാര്യങ്ങളാണ് മാരുതി ചെയ്തത്. നൂറു യോജന വിസ്താരമുള്ള സമുദ്രം ചാടിക്കടക്കുക രാക്ഷസവീരന്മാരെ വധിക്കുക, ലങ്ക ചുട്ട് ഭസ്മമാക്കുക ഇതെല്ലാം നിസ്സാരകാര്യങ്ങളല്ല. ഇതുപോലെയുള്ള ഇപ്രകാരമുള്ള ഭക്തനായ സേവകന്‍ ഒരുകാലത്തും ഒരിടത്തും കാണുകയില്ല. പക്ഷെ പ്രശ്‌നം അതല്ല. എന്നേയും നിന്നേയും നമ്മുടെ വംശത്തേയും സുഗ്രീവനേയും സീതയെ അന്വേഷിച്ച് കണ്ടെത്തിയതുമൂലം ഹനുമാന്‍ രക്ഷിച്ചു എന്നുള്ളത് ശരിയാണ്. എന്നാല്‍ ധാരാളം മുതലകളും മകരമത്സ്യക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്ന സമുദ്രം കടന്നുചെന്ന് രാവണനെ പടയോടുകൂടി നിഗ്രഹിച്ച് സീതയെ കാണുന്നതും രക്ഷിക്കുന്നതും എങ്ങിനെയാണ്; എന്നാണ്. വ്യാകുലചിത്തനായിത്തീര്‍ന്ന ശ്രീരാമനെ ആശ്വസിപ്പിച്ചുകൊണ്ട് പ്രതീക്ഷയുടെ ബലംപകര്‍ന്നുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടുകൂടി സുഗ്രീവന്‍ പറഞ്ഞു. സമുദ്രലംഘനം നടത്തി ലങ്കയെ ചുട്ടുചാമ്പലാക്കി രാവണനെ രാക്ഷസകുലത്തോടെ നശിപ്പിച്ച് ഞാന്‍ ദേവിയേയും മോചിപ്പിച്ച് കൊണ്ടുവരുന്നതാണ്. അതിനെപ്പറ്റി അങ്ങ് ചിന്താധീനനായിത്തീരേണ്ടതില്ല. ചിന്ത എപ്പോഴും കാര്യവിഘ്‌നം വരുത്തുന്നതാണ്. ആര്‍ക്കും ജയിക്കാന്‍ പറ്റാത്തവരാണ് എന്റെ വാനരസേനകള്‍. അവരോട് എന്തു പറഞ്ഞാലും അവര്‍ അനുസരിക്കും. തീയില്‍ ചാടാന്‍ പറഞ്ഞാല്‍ മടികൂടാതെ അവര്‍ അതും നിര്‍വഹിക്കും. പക്ഷെ ഇപ്പോള്‍ പ്രശ്‌നം അതൊന്നുമല്ല. സമുദ്രത്തെ കടക്കാനുള്ള വഴി നമ്മള്‍ ഉടന്‍തന്നെ കണ്ടെത്തണം. നമ്മള്‍ ലങ്കയില്‍ എത്തിപ്പെട്ടാല്‍ രാവണന്‍ മരിച്ചു എന്നതിന് സംശയമില്ല. കാരണം നമ്മുടെ ജയം സുനിശ്ചിതമാണ്. കാരണം എത്ര വലിയ യുദ്ധമായാലും അങ്ങയോട് എതിരിട്ടു ജയിക്കാന്‍ ഈ ത്രിഭുവനത്തില്‍ ആരുംതന്നെയില്ല. അതുകൊണ്ട് ഒന്നുകില്‍ സമുദ്രത്തെ അസ്ത്രപ്രയോഗത്താല്‍ വറ്റിക്കുക അല്ലെങ്കില്‍ സേതുബന്ധനം നടത്തി (ചിറകെട്ടി) മറുകരയ്‌ക്കെത്തുക. ശക്തിയോടും യുക്തിയോടുംകൂടിയ മിത്രാത്മജന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ മുമ്പില്‍ തൊഴുതുനില്‍ക്കുന്ന ഹനുമാനോട് ലങ്കയെക്കുറിച്ചും ലങ്കയിലെ കോട്ട, മതില്‍ കിടങ്ങ് തുടങ്ങി ലങ്കാപുരിയുടെ ഘടനയെന്തെന്ന് വിവരിക്കുവാന്‍ ആവശ്യപ്പെട്ടു. ഹനുമാന്‍ ലങ്കയെക്കുറിച്ച് വിവരിക്കാന്‍ തുടങ്ങി. സമുദ്രമധ്യത്തില്‍ ത്രികുടാചലം ആ പര്‍വതത്തിന്റെ മൂര്‍ദ്ധാവില്‍ ലങ്കാനഗരം. ദൂരെനിന്ന് വീക്ഷിക്കുന്നവര്‍ക്കുപോലും ലങ്കാനഗരി സുവര്‍ണ്ണശോഭയോടെ തിളങ്ങുന്നത് കാണാന്‍ കഴിയും. എഴുന്നൂറ് യോജന വിസ്താരം അതിനു ചുറ്റും പുത്തന്‍ കനകമതില്‍. നാലു ഭാഗത്തായി ഏഴുനിലകള്‍ വീതമുള്ള ഭംഗിയേറുന്ന ഗോപുരങ്ങള്‍. ആ ഗോപുരം കടന്നാല്‍ രാജധാനിയിലെത്തുന്നതിനു മുമ്പായി വീണ്ടും അങ്ങിങ്ങ് ഏഴു ചുറ്രുമതിലുകളും അവയ്ക്ക് നാലുഗോപുരങ്ങള്‍ വീതം 28 ഗോപുരങ്ങള്‍ വേറേയുമുണ്ട്. എല്ലാ മതിലുകളോടും ചേര്‍ന്ന് കിടങ്ങുകളും യന്ത്രപ്പാലങ്ങളും ഉണ്ട്. കിഴക്കുഭാഗത്തെ ഗോപുരം കാക്കുന്നതിന്നായി പതിനായിരം രാക്ഷസന്മാരെ നിറുത്തിയിട്ടുണ്ട്. ദക്ഷിണഗോപുരത്തില്‍ ആറായിരം പേരും പടിഞ്ഞാറു ഗോപുരത്തിനു ഒരു ലക്ഷം പേരും വടക്കേ ഗോപുരത്തിന് ഒരു കോടി രാക്ഷസരും കാവല്‍ക്കാരായിട്ടുണ്ട്.  ഏകദേശം അത്രതന്നെ ആളുകള്‍ അന്ത:പുരം കാവലിനുമുണ്ട്. മന്ത്രശാലക്ക് കാവലായി അതിനിരട്ടിയോളം പേരുണ്ട്. സ്വര്‍ണ്ണനിര്‍മ്മിതമായ ഭോജനശാലയും, നാടകശാല, നടപ്പന്തല്‍, കുളിപ്പുര മദ്യാപനത്തിനായി നിര്‍ജനമായ നിര്‍മ്മലശാല തുടങ്ങിയവകളുണ്ട്. ലങ്കയുടെ അലങ്കാര ഭംഗികളെക്കുറിച്ച് എളുപ്പത്തില്‍ വിവരിക്കാവുന്നതല്ല. പക്ഷെ അങ്ങയുടെ അനുഗ്രഹത്താല്‍ അവിടെ ഉണ്ടായിരുന്ന സൈന്യങ്ങളില്‍ നാലിലൊന്ന് ഞാന്‍ നശിപ്പിക്കുകയുണ്ടായി. ഹനുമാന്‍ തുടര്‍ന്നു. അതുകൊണ്ട് കാലതാമസം കൂടാതെ നാം ഉടനെ ലങ്കക്ക് പുറപ്പെടുക. ശക്തിശാലികളായ നമ്മുടെ വാനരനായകന്മാര്‍ നിസ്സംശയം സമുദ്രം കടന്ന് ലങ്കയിലെത്തി രാക്ഷസന്മാരെ കാലപുരിക്കയക്കും. രാവണനേയും വധിച്ച് നമുക്ക് ദേവിയെ തിരികെ കൊണ്ടുപോരാം. മാരുതിയുടെ വാക്കുകള്‍ കേട്ട ശ്രീരാമന്‍ കുറച്ചുനേരം ആലോചിച്ചതിനുശേഷം സുഗ്രീവനോടായി പറഞ്ഞു. സുഗ്രീവ, ഇപ്പോള്‍ വിജയമുഹൂര്‍ത്തമാണ്. ഉത്രം നക്ഷത്രം സീതയുടെ ജന്മനാള്‍ ഉത്രം നാളില്‍ യാത്ര പുറപ്പെട്ടാല്‍ ഉദ്ദിഷ്ടഫലപ്രാപ്തിയുണ്ടാകുമെന്നാണ് ശാസ്ത്രമതം. മാത്രമല്ല എന്റെ വലതുകണ്ണ് തുടിക്കുന്നുണ്ട്. ലക്ഷണമൊക്കയും ജയപ്രദമായിട്ടാണ് കാണുന്നത്. ഇത്രയും സുഗ്രീവനെ നോക്കി പറഞ്ഞശേഷം അദ്ദേഹം വാനരസേനകള്‍ക്കായി പേരെടുത്തു പറഞ്ഞ് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. സൈന്യപരിപാലനം സൈന്യാധിപനായ നീലന്‍ നിര്‍വഹിക്കണം. വാനരസേനയുടെ മുന്‍ഭാഗവും പിന്‍ഭാഗവും രണ്ടുവശവും പരിപാലിക്കുന്നതിന് വീരന്മാരെ നിയോഗിക്കേണ്ട ചുമതല രംഭന്‍ പ്രമഥന്‍ മുതലായവരുടേതാണ്. മുമ്പില്‍ ഞാന്‍ മാരുതിയുടേയും അതിന്നു പിന്നില്‍ സൗമിത്രി അംഗദന്റേയും തോളില്‍ കയറി സഞ്ചരിക്കുന്നതാണ്. മറ്റുള്ള വീരന്മാര്‍ സുഗ്രീവനെപ്പിരിയാതെ ഒപ്പം സഞ്ചരിക്കേണ്ടതാണ്. ജാംബവാന്‍, സുഷേണന്‍, തുംഗന്‍, നളന്‍, ശതബലി മുതലായവര്‍ അസംഖ്യ അംഗങ്ങള്‍ക്കുള്ള വാനരസൈന്യത്തിന് വഴിയില്‍ ക്ലേശങ്ങള്‍ ഉണ്ടാകാതെ സംരക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞ് എല്ലാവരും കൂടി പുറപ്പെട്ടു. വാനരസംഘം ആര്‍ത്തുവിളിച്ചും ചാടിമറിഞ്ഞും ഹര്‍ഷോല്ലാസത്തോടെ ദക്ഷിണസമുദ്രതീരത്തിലേക്കുള്ള യാത്രയില്‍ ഉത്സാഹഭരിതരായി പങ്കെടുത്തു. ഒരു സമുദ്രം തിരതല്ലി വരികയാണോ എന്ന് തോന്നുന്ന വിധത്തില്‍ ആ വാനരസേന കാട്ടില്‍കൂടി കൂട്ടമായി സഞ്ചരിച്ചു. വനങ്ങളില്‍ ഓടിച്ചാടി നടന്നും പക്വഫലങ്ങള്‍ അന്വേഷിച്ച് പറിച്ച് അവ തിന്നുകൊണ്ടും പര്‍വതശരീരികളായ ആ വാനരസംഘം മലകളും നദീതടങ്ങളും പിന്നിട്ട് ദക്ഷിണസമുദ്രത്തിന്റെ വടക്കുഭാഗത്തുള്ള മഹേന്ദ്രപര്‍വതത്തിന്നു സമീപം എത്തിച്ചേര്‍ന്നു. മാരുതിയുടെ ചുമലില്‍ നിന്നും ശ്രീരാമചന്ദ്രന്‍ നിലത്തിറങ്ങി. അംഗദന്റെ ചുമലില്‍ നിന്നും ഇറങ്ങിയ താന്‍ ജ്യേഷ്ഠന്റെ പാദങ്ങളില്‍ വണങ്ങി. സന്ധ്യയോടുകൂടിയാണ് തങ്ങള്‍ സമുദ്രതീരത്ത് എത്തിച്ചേര്‍ന്നത്. സന്ധ്യാവന്ദനം ചെയ്തശേഷം കടല്‍ കടക്കുന്നതിനുള്ള ഉപായത്തെപ്പറ്റി ആലോചിക്കാന്‍ തീരുമാനിച്ചുറപ്പിക്കണമെന്നും സുഗ്രീവനോട് പറഞ്ഞ ശേഷം രാത്രിയില്‍ മായാവികളായ രക്ഷസന്മാരുടെ ശല്യം ഉണ്ടാകാന്‍ ഇടയുള്ളതുകൊണ്ട് അക്കാര്യത്തില്‍ അഗ്നിപുത്രനായ നീലന്‍ പ്രത്യേക ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചു. സന്ധ്യാവന്ദനത്തിനുശേഷം മഹേന്ദ്രപര്‍വതത്തില്‍ എല്ലാവരും വിശ്രമിച്ചു. വാനരവൃന്ദം സമുദ്രം കണ്ട് അമ്പരന്നു. കൂട്ടംകൂട്ടമായി ധാരാളം മുതലകളുള്ളതും ഭീമാകാരമായ ശബ്ദത്തോടുകൂടിയതും ആഞ്ഞടിക്കുന്ന ഉയര്‍ന്ന തിരകളോടുകൂടിയതും ആഴമേറിയതുമായ ഈ കടലിന്റെ അക്കരക്ക് കടക്കുക എന്നത് വളരെ ദുഷ്‌കരമാണെന്നു മാത്രമല്ല സാദ്ധ്യവുമല്ലെന്ന ചിന്ത അവരുടെ ഉത്സാഹത്തെ മന്ദീഭവിപ്പിച്ചു. ചിന്താപരവശരും അന്ധബുദ്ധികളുമായ വാനരന്മാര്‍ ഭൂരിഭാഗവും രാമപാര്‍ശ്വത്തില്‍ ഒതുങ്ങിക്കൂടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.