ചികിത്സ കിട്ടാതെ മരണം തുടര്‍ക്കഥയാകുന്നു

Monday 14 September 2015 9:26 pm IST

ആലപ്പുഴ: യഥാസമയം ചികിത്സ കിട്ടാതെ മരണം തുടര്‍ക്കഥയായിട്ടും സര്‍ക്കാരും ജില്ലാ ഭരണകൂടവും നോക്കുകുത്തിയാകുന്നു. സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും ആശ്രയകേന്ദ്രങ്ങളായ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയും സര്‍ക്കാര്‍ ആതുരാലയങ്ങളും രോഗികളുടെ കൊലക്കളമാകുന്ന ദുരവസ്ഥയാണുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥ മൂലം മരിച്ചവരുടെ എണ്ണം നിരവധിയാണ്. മറ്റു ചികിത്സാ പിഴവു സംബന്ധിച്ച പരാതികളും കേസുകളും ഏറെയാണ്. പതിവുപോലെ എല്ലാ സംഭവങ്ങളിലും അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇതുവരെ കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പനി ബാധിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച രണ്ടാം കഌസ് വിദ്യാര്‍ത്ഥി മരിച്ച സംഭവമാണ് തില്‍ അവസാനത്തേത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ നെടിയാംപുരയ്ക്കല്‍ ജോണ്‍സന്റെ മകന്‍ നിഖില്‍(7) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യഥാസമയം ചികിത്സ ലഭിക്കാതെ മത്സ്യത്തൊഴിലാളിയായ വാടക്കല്‍ സ്വദേശി സ്റ്റീഫന്‍ മരിച്ചത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മരിച്ച ശേഷമാണ് ഐസിയുവില്‍പോലും പ്രവേശിപ്പിച്ചതത്രെ. ഇതുസംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. ഏതാനും നാള്‍ മുമ്പാണ് ഇവിടെ റേഡിയേഷന്‍ ടേബിളില്‍ നിന്നുവീണ് രോഗി മരിച്ചത്. വലതുകാലൊടിഞ്ഞ രണ്ടു വയസുകാരന്റെ ഇടതുകാലില്‍ പ്ലാസ്റ്ററിട്ട സംഭവവും ഇവിടെയാണ് നടന്നത്. കൂടാതെ എയ്ഡ്‌സ് രോഗിയുടെ മുലപ്പാല്‍ നവജാത ശിശുവിന് നല്‍കിയതും വിവാദമായിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും അധികൃതര്‍ നോക്കുകുത്തികളാണ്. ഇതിനിടെയാണ് കൂനിന്മേല്‍ കുരുപോലെ ഡോക്ടര്‍മാരുടെ സമരവും തുടങ്ങിയത്. സാധാരണക്കാരെയും പട്ടിണിപ്പാവങ്ങളെയുമാണ് ഇവ കൂടുതലും ബാധിക്കുന്നത്. റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കടുത്ത പനിയെത്തുടര്‍ന്ന് ചെട്ടികാട് സാമൂഹ്യരോഗ്യ കേന്ദ്രത്തിലാണ് നിഖിലിനെ ആദ്യം ചികിത്സയ്ക്ക് കൊണ്ടുവന്നത്. ഇവിടെ നിന്നും ഉച്ചയ്ക്ക് 12.30 ഓടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അഡ്മിറ്റ് ചെയ്തശേഷം കുഞ്ഞിന്റെ നില വഷളാകുകയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടിയെ കൊണ്ടുപോകാന്‍ ഇവിടെ ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ 108 ആംബുലന്‍സിനായി കുട്ടിയുടെ ബന്ധുക്കള്‍ വിളിച്ചെങ്കിലും എത്താന്‍ വൈകുകയും കുട്ടി മരിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ ബിജെപിയും യുവമോര്‍ച്ചയും അടക്കം വിവിധ യുവജന സംഘടനകളുടെ പ്രവര്‍ത്തകരെത്തി പ്രതിഷേധം ആരംഭിച്ചു. പിന്നീട് കെ.സി. വേണുഗോപാല്‍ എംപി, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്തശേഷമാണ് ആശുപത്രിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്. കെ.സി. വേണുഗോപാല്‍ എംപി വകുപ്പ്മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ഒരു ദിവസത്തിനുളളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയോട് ആവശ്യപ്പെട്ടു. ദുരന്തമൊഴിയാതെ നെടിയാംപുരക്കല്‍ വീട് മുഹമ്മ: ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേയ്ക്ക് രണ്ടാം ക്ലാസ് വിദ്യാര്‍ഥി നിഖില്‍ യാത്രയായെന്ന യാഥാര്‍ത്ഥ്യം സഹപാഠികള്‍ക്കും സഹോദരന്‍ നിധിനും ഉള്‍ക്കൊള്ളാനാകുന്നില്ല. ദുരിതങ്ങള്‍ വിട്ടുമാറാത്ത നെടിയാംപുരയ്ക്കല്‍ വീട്ടിലേയ്ക്ക് വീണ്ടും ഒരു ദുരന്തം കൂടിയെത്തിയപ്പോള്‍ അത് ഓമനപ്പുഴ ഗ്രാമത്തിന്റെ കൂടി ദു:ഖമായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ ക്രിസ്തുരാജകോളനിയില്‍ നെടിയാംപുരയ്ക്കല്‍ മല്‍സ്യ തൊഴിലാളി ജോണ്‍സന്റെയും അല്‍ഫോന്‍സായുടെയും മകന്‍ നിഖില്‍(7)ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ചികില്‍സ കിട്ടാതെ മരിച്ചത്. ഈ ദമ്പതികളുടെ മൂത്തകുട്ടി സോനാമോള്‍ ഒന്‍പത് വര്‍ഷം മുമ്പ് എട്ടുമാസം പ്രായമുള്ളപ്പോള്‍ ചെമ്പരത്തിപൂമൊട്ട് തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.ഇനി ഈ ദമ്പതികള്‍ക്ക് നാലുവയസുകാരന്‍ നിധിന്‍ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസംവരെ കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചും കളിച്ചും ഓടിനടന്ന നിഖിലിനെ കടുത്ത പനിയെ തുടര്‍ന്ന് വീടിനു സമീപത്തെ ചെട്ടികാട് റൂറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ എത്തിച്ചെങ്കിലും വിദഗ്ധ ചികില്‍സയ്ക്കായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി.ഡോക്ടര്‍മാരുടെ നിസഹകരണ സമരം മൂലം മതിയായ ചികില്‍സ കിട്ടാതെവന്നപ്പോള്‍ ഉച്ചകഴിഞ്ഞ് കുട്ടിയുടെ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഓമനപ്പുഴ സെന്റ് സേവ്യേഴ്‌സ് പള്ളിസെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.