പാലാ: മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന് മുന്‍ പ്രസിഡന്റും പ്രതിനിധിസഭാംഗവുമായ കെ.കെ.പങ്കജാക്ഷന് നായരുടെ നിര്യാണത്തിലൂടെ സമുദായ സേവനത്തിന്റെ സൗമ്യ സാന്നിദ്ധ്യമാണ് വിടവാങ്ങിയത്.
ഒന്നര വ്യാഴവട്ടക്കാലം മീനച്ചില്‍ യൂണിയന് പ്രസിഡന്റ് സ്ഥാനത്തിരുന്ന് നേതൃത്വം വഹിക്കുകയും പ്രതിനിധിസഭാംഗം എന്ന നിലയില്‍ ഉത്തരവാദിത്വമുള്ള മാതൃകാ നേതാവായും പ്രവര്‍ത്തിച്ചു. യൂണിയനിലെ എല്ലാ കരയോഗാംഗങ്ങളേയും വ്യക്തിപരമായി അറിയുന്നത്ര ആത്മബന്ധം സ്ഥാപിച്ച നേതാവായിരുന്നു. കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര പ്രസിഡന്റായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇടനാട് ശക്തിവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ നേതൃസ്ഥാനം വഹിച്ചുകൊണ്ടാണ് സമുദായ സേവന രംഗത്തേക്ക് കടന്നത്. മൂന്നു പതിറ്റാണ്ട് കാലം കരയോഗം പ്രസിഡന്റ് എന്ന നിലയില്‍ സേവനമനുഷ്ഠിച്ചു. മികച്ച അദ്ധ്യാപകനായിരുന്നു. കുറിച്ചിത്താനം ശ്രീകൃഷ്ണ വിലാസം ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്ന കെ.കെ.പങ്കജാക്ഷന് സാറിന് ആയിരക്കണക്കിന് ശിഷ്യ സമ്പത്തുമുണ്ട്.
ഇടനാട്ടില് സ്വകാര്യ സ്കൂള്‍ അദ്ധ്യാപക സഹകരണസംഘം സ്ഥാപിക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തു.സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. മികച്ച വിഷ ചികിത്സകനായിരുന്നു കെ.കെ.പങ്കജാക്ഷന് സാര്‍, പേപ്പട്ടി വിഷത്തിനുവരെ അദ്ദേഹത്തിന് പ്രതിവിധിയുണ്ടായിരുന്നു. സമുദായ സേവനംപോലെ ഇതും സൗജന്യസേവനമായിരുന്ന ജനകീയ നേതാവായിരുന്നു.
മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ചെത്തിമറ്റത്തെ യൂണിയന് ആസ്ഥാനത്തും ഇടനാട്ടിലെ വസതിയിലുമെത്തി അന്തിമോപചാരമര്‍പ്പിക്കാന്‍ സമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടേയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ യൂണിയന് ആസ്ഥാനത്ത് എത്തി അന്തിമോപചാരം അര്‍പ്പിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് സി.പി.ചന്ദ്രന്‍നായര്‍, വൈസ് പ്രസിഡന്റ് ഷാജി പയനാല്‍, സെക്രട്ടറി രഘു, എച്ച്.ആര്‍ഡി സെക്രട്ടറി കെ.ആര്.രാജന്, ബിജെപി സംസ്ഥാന നേതാക്കളായ അഡ്വ.എന്‍.കെ. നാരായണന് നമ്പൂതിരി, പ്രൊഫ.ബി.വിജയകുമാര്‍, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, ജി.രഞ്ജിത്ത്, പാലാ നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്, കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് നടയത്ത്, ജില്ലാ പഞ്ചായത്ത് അംഗം സജി മഞ്ഞക്കടമ്പില്‍, എസ്എന്‍ഡിപിയോഗം യൂണിയന് സെക്രട്ടറി അഡ്വ.കെ.എം. സന്തോഷ് കുമാര്‍, പി.സി.ജോര്‍ജ്ജ് എംഎല്‍എ, മീനച്ചില്‍ ഹിന്ദുമഹാസംഗമം പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി.മുരളീധരന്, ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴിക്കുളം എന്നിവര്‍ അനുശോചിച്ചു. സംസ്ക്കാരത്തിന് ശേഷം വസതിയില്‍ അനുശോചനയോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: