നദികളെ സംരക്ഷിക്കാന്‍ 'താമര' ഒരുങ്ങുന്നു

Monday 14 September 2015 10:43 pm IST

കണ്ണൂര്‍: പുഴകളും നദികളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന പ്രമേയം അവതരിപ്പിച്ച് പരിസ്ഥിതി സിനിമക്കുളള ഫിലിം ക്രിട്ടിക്ക് അവാര്‍ഡ് നേടിയ 'താമര' എന്ന സിനിമ പ്രദര്‍ശത്തിനൊരുങ്ങുന്നു. കണ്ണൂര്‍ വാടിക്കല്‍ സ്വദേശിയായ പ്രകാശന്‍ വാടിക്കല്‍ സംവിധാനം ചെയ്ത സിനിമക്ക് പൂര്‍ണമായും നദിയില്‍ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. അപര്‍ണ നായര്‍ക്കൊപ്പം മുഖ്യവേഷം ചെയ്തത് പ്രശസ്ത നാടക നടനായ പ്രകാശ് ചെങ്ങലാണ്. നദീശുചീകരണം എന്ന ആശയത്തിന്റെ ഭാഗമായി സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ കൂടിയായ വിജയ് ബിജു കണ്ണൂര്‍-പാപ്പിനിശ്ശേരി ബോട്ടുജെട്ടി മുതല്‍ പറശ്ശിനി മടപ്പുര വരെ നിര്‍ത്താതെ സാഹസികമായി നീന്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴയങ്ങാടിക്കടുത്ത് മുട്ടില്‍ കടവിലാണ് പൂര്‍ണമായും സിനിമയുടെ ചിത്രീകരണം നടന്നത്. വിജയ് ബാബു, അനിലേഷ്, ചട്ടിക്കന്‍ മാധവന്‍, ഹിബ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രമേഷ് നമ്പ്യാര്‍ സംഗീതവും ഡോ.പ്രശാന്ത് കൃഷ്ണന്‍ ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. സുമേഷ് ശാസ്ത ക്യാമറയും രമേശ് കലാസംവിധാനവും ജിത്തു മേക്കപ്പും വികാസ് ഉണ്ണി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന സിനിമ നന്മ കലാക്ഷേത്ര ഒക്‌ടോബറില്‍ തീയ്യറ്ററിലെത്തിക്കും. നദീസംരക്ഷണത്തിനായി നിര്‍മ്മിച്ച സിനിമയെക്കുറിച്ചറിഞ്ഞ് കേന്ദ്ര നദീവികസന, ഗംഗാശുചീകരണ വിഭാഗം മന്ത്രി ഉമാഭാരതി സിനിമയുടെ നിര്‍മാതാവായ വിജീഷ് മണിയെ നേരിട്ട് വിളിച്ചുവരുത്തി അണിയറ പ്രവര്‍ത്തകരെ അനുമോദിച്ചു. സിനിമ കാണാനുള്ള ആഗ്രഹവും മന്ത്രി പ്രകടിപ്പിച്ചതായി അവര്‍ പറഞ്ഞു. സിനിമയുടെ ഇംഗ്ലീഷ് സബ് ടൈറ്റില്‍ മന്ത്രി ആവശ്യപ്പെട്ടു. ഭാരതത്തിലെ മറ്റ് പ്രാദേശിക ഭാഷകളിലും നദീ ശുചീകരണം ആസ്പദമാക്കിയ ഈ സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി അറിയിച്ചതായി വിജിഷ് മണി അറിയിച്ചു. സിനിമയുടെ ശീര്‍ഷക ഗാനമായ അമ്മേ ഗംഗേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. കാവുകളുടെ സംരക്ഷണവും പരിസ്ഥിതിയും വിഷയമാക്കി നിര്‍മ്മിച്ച പേടിത്തൊണ്ടന്‍ എന്ന സിനിമയുടെ നിര്‍മാതാവും വിജേഷ് മണിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.