കോഴിക്കോട് നഗരത്തില്‍ വീണ്ടും തീപ്പിടിത്തം

Monday 14 September 2015 11:04 pm IST

കോഴിക്കോട് പാളയത്ത് കെവി കോംപ്ലക്‌സിലെ തീപ്പിടിത്തം അണയ്ക്കാനുള്ള ശ്രമം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് തീപ്പിടിത്തം. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് കെവി കോംപ്ലക്‌സിലെ അഞ്ചാം നിലയിലുള്ള സീസണ്‍സ് റെഡിമെയ്ഡ്‌സില്‍ തീപ്പിടിത്തമുണ്ടായത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിലെ എട്ടോളം യൂണിറ്റുകളെത്തി ഒന്നരമണിക്കൂറോളം എടുത്താണ് തീ അണച്ചത്. കടകളിലേക്ക് സാധനങ്ങള്‍ ഇറക്കാനായി എത്തിയ ചുമട്ടുതൊഴിലാളികളാണ് ആദ്യം തീ കണ്ടത്. രാത്രി 8.30 ഓടെയാണ് ഉടമകള്‍ കടയടച്ച് പോയത്. കടയടച്ച് നിമിഷങ്ങള്‍ക്കകമാണ് തീപ്പിടുത്തമുണ്ടായത്.

തീപ്പിടിത്തമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മാങ്കാവ് കുറ്റിയില്‍ താഴം സ്വദേശികളായ   വിജയകുമാര്‍, ബാലന്‍, രാജേന്ദ്രന്‍, സുരേഷ്ബാബു, സുജീഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തീ പിടിച്ച കട. കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതിനെതുടര്‍ന്ന് പാളയത്തും സമീപ പ്രദേശത്തും യാത്രക്കാരും നാട്ടുകാരും തടിച്ചു കൂടി. ഡിവിഷണല്‍ അസിസ്റ്റന്റ് ഓഫീസര്‍ അരുണ്‍ഭാസ്‌കര്‍, സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ വി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി, സിറ്റി പോലീസ് കമ്മീഷണര്‍  പി. എ. വത്സന്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ എ.ജെ. ബാബു, ജോസി ചെറിയാന്‍ എന്നിവരും സംഭവസ്ഥലത്തെത്തി. തീപ്പിടിത്തതിനിടയായ സാഹചര്യങ്ങളെക്കുറിച്ച് ഇന്ന് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എഡിജിപി എന്‍.ശങ്കര്‍ റെഡ്ഢി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചുമട്ടുതൊഴിലാളികളും കടകളിലെ ജീവനക്കാരും നടത്തിയ പരിശ്രമഫലമായാണ് മറ്റു കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാന്‍ സാധിച്ചത്.

കെട്ടിടത്തില്‍ ഫിക്‌സഡ് ഫയര്‍ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. നിരവധി തവണ ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ കടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ സംവിധാനം  ഒരുക്കിയിരുന്നില്ല.

രണ്ടു മാസം മുമ്പ് മിഠായിത്തെരുവിലുണ്ടായ തീപ്പിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.