ലഡാക്കില്‍ ഭാരതവുമായി സംഘര്‍ഷമില്ലെന്ന് ചൈന

Monday 14 September 2015 11:23 pm IST

ബീജിങ്: ജമ്മു കശ്മീരിലെ ലഡാക്കില്‍ ഭാരത സേനയുമായി സംഘര്‍ഷമുണ്ടായിട്ടില്ലെന്ന് ചൈന. ചൈനീസ് സൈന്യം അതിര്‍ത്തി കടന്നെത്തി നിര്‍മ്മിച്ച കൂടാരം ഭാരതം പൊളിച്ചുമാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഞങ്ങളുടെ കൈവശമുള്ള ഭാഗത്ത് മാത്രമേ സൈന്യം ചുമതലകള്‍ നിര്‍വഹിക്കുന്നുള്ളു. ഭാരത സൈന്യവുമായി ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല, ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു. അതിര്‍ത്തിയിലെ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ചൈന പ്രതിജ്ഞാബന്ധമെന്നും ലീ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലീയുടെ വാക്കുകളെ പതിവു പല്ലവിയായി മാത്രമേ ഭാരതം കണക്കുകൂട്ടുന്നുള്ളു. 2013 ശേഷം അതിര്‍ത്തി കടന്നുള്ള നിര്‍മ്മാണങ്ങള്‍ക്ക് ചൈനീസ് സൈന്യം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഭാരതത്തിന് അവകാശപ്പെട്ട ഇടങ്ങളില്‍ കൂടാരങ്ങള്‍ അടക്കമുള്ള നിര്‍മ്മാണങ്ങള്‍ നടത്തിയശേഷം പ്രദേശം തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയാണ് ചൈനീസ് പട്ടാളത്തിന്റെ രീതി. അത്തരം നിര്‍മ്മിതികളെ പൊളിച്ചുമാറ്റുന്ന ഭാരത സൈനികര്‍ ചൈനയ്ക്ക് ചുട്ടമറുപടിയും നല്‍കാറുണ്ട്. ബര്‍ട്ട്‌സെ മേഖലയില്‍ കടന്നുകയറി ഓള്‍ഡ് പെട്രോള്‍ താവളത്തിലെ ഭാരത സൈനികരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം ചൈന ഉപേക്ഷിച്ചിട്ടില്ല. അതിനൊപ്പം പാക് അധീന കശ്മീരില്‍ ചൈന അനധികൃതമായി കയ്യടക്കിയിട്ടുള്ള മേഖലയെ ബന്ധിപ്പിക്കുന്ന കാരക്കോറം പാതയില്‍ പരിശോധന നടത്തുന്നതില്‍   നിന്ന് ഭാരതത്തെ തടയുകയും അവരുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.