ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയെ വന്വിജയത്തിലെത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ പ്രവര്‍ത്തകരോട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആഹ്വാനം. മുന്‍ മുഖ്യമന്ത്രിയും ദ്രാവിഡ നേതാവുമായ അണ്ണാദുരൈയുടെ 107-ാം ജന്മദിനാഘോഷ വേളയില്‍ നല്കിയ സന്ദേശത്തിലാണ് പുരട്ചി തലൈവി പ്രവര്‍ത്തകരെ ഊര്ജ്ജ്വസ്വലരാക്കുന്ന ആഹ്വാനം നടത്തിയത്.
അണ്ണായുടെ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വലിയൊരു ദൗത്യം വയ്ക്കുന്നു. എഐഎഡിഎംകെയുടെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ജയം ഉറപ്പാക്കുകയെന്നതാണത്, ജയലളിത പറഞ്ഞു.
1969 ല്‍ അണ്ണാദുരൈയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ അസാധാരണ സാഹചര്യത്തില്‍ എം.ജി. രാമചന്ദ്രന്റെ സഹായത്തോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. എന്നാല്‍ അണ്ണാദുരൈ സ്ഥാപിച്ച പാര്‍ട്ടിയെ ആ വ്യക്തി സ്വന്തം കുടുംബസ്വത്താക്കി മാറ്റി, ബദ്ധവൈരി എം. കരുണാനിധിയെ പേരെടുത്തു പറയാതെ ജയലളിത വിമര്‍ശിച്ചു. അണ്ണായുടെയും എംജിആറിന്റെയും പാതയാണ് താന്‍ പിന്തുടരുന്നതെന്നും ജയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: