നിര്‍മ്മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്്  ചെറുകിട ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം കുത്തക കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാര്‍ കൃത്രിമമായി ക്ഷാമമുണ്ടാക്കുന്നതായി ആരോപണം

Tuesday 15 September 2015 10:34 pm IST

  കാസര്‍കോട്:  ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി വരും ദിവസങ്ങളില്‍ നടത്താനിരിക്കുന്ന പ്രക്ഷോഭം നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കും. വന്‍കിട ക്വാറികള്‍ സുഗമമായി പ്രവര്‍ത്തിക്കുമ്പോഴും ചെറുകിട ക്വാറികള്‍ക്ക് മാത്രം പാരിസ്ഥിതിക അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാടില്‍ വന്‍കിട ക്വാറി ഉടമകളെ സഹായിക്കാനാണെന്നും സമരസമിതി ആരോപിക്കുന്നു. ഇതുമൂലം ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്രിമമായി ക്ഷാമമുണ്ടാക്കുകയാണ്. ക്വാറി മേഖലയില്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ സംസ്ഥാനത്തെ നിര്‍മ്മാണമേഖലയെയും ഇത് പ്രതിസന്ധിയിലേക്ക് നയിക്കും. ക്വാറി മാഫിയകളുടെ ഗൂഢാലോചനയോടെ ചെറുകിട ക്വാറികളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഈ വര്‍ഷം മൈനിങ് റൂളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഭേദഗതി പ്രകാരം പാരിസ്ഥിതിക അനുമതിയില്ലാത്ത ചെറുകിട പെര്‍മിറ്റ് ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. കാസര്‍കോട് ജില്ലയെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ആകെ 65 ക്വാറികള്‍ക്കാണ് ആകെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുള്ളത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ക്വാറികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്നും പറയുന്നു. ഇരുപത് വര്‍ഷം വരെ പാരിസ്ഥിതിക അനുമതി വാങ്ങാതെ വന്‍കിട ക്വാറികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് യഥേഷ്ടം ഖനനം നടത്താമെന്നിരിക്കെയാണ് സ്വകാര്യ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികളെ അടച്ചുപൂട്ടിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ബളാലില്‍ 100 ഏക്കര്‍ ഭൂമിയാണ്് തെക്കന്‍ ലോബിയില്‍പ്പെട്ട വന്‍കിടക്കാര്‍ വാങ്ങികൂട്ടിയിരിക്കുന്നത്. ഒന്നും രണ്ടും ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികളെ ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് ജീവിക്കുന്നത്. പത്തും ഇരുപതും തൊഴിലാളികളാണ് ഓരോ ക്വാറിയിലുമുള്ളത്. ഇവരുടെ ജീവിതമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം കുടുംബങ്ങള്‍ ചെറുകിട ഖനന മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവരാണ്. എന്‍സാറ്റ് എന്ന കമ്പനിയെ സഹായിക്കാനാണ് സര്‍ക്കാര്‍ കൃത്രിമ മണല്‍ ക്ഷാമമുണ്ടാക്കുന്നതെന്ന്് ഇവര്‍ ആരോപിക്കുന്നു. ഇതുകാരണം 4000 രൂപ വിലയുള്ള മണല്‍ 12000 രൂപവരെ നല്‍കേണ്ടി വരുന്നു. അഞ്ചു ഹെക്ടര്‍ ഭൂമിയുള്ളവര്‍ക്കാണ് ഖനനത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നത്. അത്ര ഭൂമിയുള്ളവര്‍ സംസ്ഥാനത്തുതന്നെ 100 ല്‍ താഴെയാണ്. അതിനാല്‍ രണ്ട്ïഹെക്ടര്‍ ഭൂമി വരെയുള്ള ചെറുകിട ക്വാറികളെ പരിസ്ഥിക സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, കരിങ്കല്‍ ക്വാറി അസോസിയേഷന്‍, ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍, സി.ഡബഌൂ.എസ്.എ, ലോറി ഓണേഴ്‌സ് അസോസിയേഷന്‍ സംഘടകള്‍ ചേര്‍ന്ന പുതിയ സംഘടനയായ നിര്‍മ്മാണ വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.