നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Tuesday 15 September 2015 10:46 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി എടപ്പാള്‍ കവപ്ര മാറത്ത് നാരായണന്‍ നമ്പൂതിരിയെ (43) തിരഞ്ഞെടുത്തു. യോഗ്യരായവരുടെ പേരുകളെഴുതി നമസ്‌കാര മണ്ഡപത്തിലെ വെള്ളി കുംഭത്തിലിട്ട ശേഷം നിലവിലെ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയാണ് നറുക്കെടുത്തത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ്, ദേവസ്വം ഭരണസമിതിയംഗങ്ങളായ എന്‍. രാജു, അഡ്വ: എ. സുരേശന്‍, അഡ്വ: എം. ജനാര്‍ദ്ദനന്‍, കെ. ശിവശങ്കരന്‍, പി.വി. ബിനേഷ്, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ കെ. കൃഷ്ണന്‍കുട്ടി, ക്ഷേത്രം മാനേജര്‍മാരായ ആര്‍. പരമേശ്വരന്‍, ശങ്കര്‍, ക്ഷേത്രം മുഖ്യ രക്ഷാധികാരി ഇ. ദിവാകരന്‍, നൂറുകണക്കിന് ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു, ഉച്ചപൂജ കഴിഞ്ഞ് നടതുറന്ന സമയത്ത് തിരഞ്ഞെടുപ്പ് നടന്നത്. എടപ്പാള്‍ കവപ്രമാറത്ത് മനക്കല്‍ നീലകണ്ഠന്‍നമ്പൂതിരിയുടേയും, എടപ്പാള്‍ അമേറ്റൂര്‍ മനക്കല്‍ ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനാണ്. മുത്തച്ഛന്‍ നാരായണന്‍ സോമയാജിപ്പാടില്‍ നിന്നാണ് പൂജാവിധിക്രമങ്ങള്‍ സ്വായത്തമാക്കിയത്. 12 തവണ മേല്‍ശാന്തി നിയമനത്തിന് അപേക്ഷനല്‍കിയിട്ടുണ്ടെങ്കിലും, ആദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തിരൂരിലെ കൈനിക്കര വടക്കേടത്ത് മനക്കല്‍ ബിന്ദു അന്തര്‍ജനമാണ് ഭാര്യ. 15 വര്‍ഷമായി വട്ടംകുളം സിപിഎന്‍. യു.പി സ്‌ക്കൂളിലെ ഹിന്ദി അദ്ധ്യാപകനായി ജോലിനോക്കുന്ന നിയുക്ത മേല്‍ശാന്തി, മുംബൈ മാട്ടുംഗ, കവപ്ര ശിവക്ഷേത്രം, കുറ്റിപ്പുറം പിഷാരിക്കല്‍ ഭഗവതിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ ശാന്തി പ്രവര്‍ത്തി ചെയ്തിട്ടുണ്ട്. ഏകമകന്‍ അദ്വൈദ്. ക്ഷേത്രത്തില്‍ 15 ദിവസത്തെ ഭജനത്തിന് ശേഷം ഈ മാസം 31ന് രാത്രി അത്താഴപൂജക്ക് ശേഷം, അടയാള ചിഹ്നമായ ശ്രീകോവിലിന്റെ താക്കോല്‍ കൂട്ടം വാങ്ങി ചുമതലയേല്‍ക്കും. ഒക്‌ടോബര്‍ ഒന്നുമുതല്‍ ആറുമാസകാലത്തേക്കാണ് മേല്‍ശാന്തി നിയമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.