പ്രതിരോധ കുത്തിവെപ്പുകളോടുള്ള എതിര്‍പ്പ് ആരോഗ്യവകുപ്പിന് തലവേദന

Tuesday 15 September 2015 10:54 pm IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു. പ്രതിരോധ കുത്തിവെപ്പുകളോട് ഒരു വിഭാഗം ആളുകള്‍ മുഖംതിരിക്കുന്നത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഇതുവരെ ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം നാലായി. വെട്ടത്തൂര്‍ അന്‍വാറുല്‍ഹുദാ അറബിക് കോളേജില്‍നിന്ന് രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. പതിമൂന്ന് വയസ്സുകാരനായ ഈ കുട്ടി ബംഗാള്‍ സ്വദേശിയാണ്. ആദ്യദിനം പരിശോധനക്കായി തൊണ്ടയില്‍നിന്ന് സ്രവം എടുത്തെങ്കിലും മതിയായ അളവില്ലാത്തതിനാല്‍ ഫലം കൃത്യമായില്ല. വീണ്ടും സ്രവമെടുത്തു പരിശോധന നടത്തിയാണ് രോഗം സ്ഥിതീകരിച്ചത്. നിലവില്‍ ജില്ലയിലെ വെട്ടത്തൂര്‍, കോട്ടുമല അനാഥമന്ദിരങ്ങളില്‍നിന്നുള്ള 19 വിദ്യാര്‍ഥികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ളത്. രോഗം സ്ഥിരീകരിക്കാത്ത 15 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് പനിയും കടുത്ത തൊണ്ടവേദനയും ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളുണ്ട്. ഇതിനാലാണ് മെഡിക്കല്‍ കോളേജില്‍ കിടത്തിച്ചികിത്സ നല്‍കുന്നത്. കുത്തിവെപ്പെടുക്കാത്തവരിലേക്ക് വേഗത്തില്‍ രോഗമെത്തുമെന്നതിനാല്‍ പ്രതിരോധ വാക്‌സിന്‍ നല്‍കേണ്ടതാണ്. വെട്ടത്തൂര്‍, കോട്ടുമല അനാഥമന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ക്കെല്ലാം പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുത്തിരുന്നു. എന്നാല്‍, വെട്ടത്തൂര്‍ അനാഥാലയത്തിലെ കുട്ടികള്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കാനായത്. വാക്‌സിന്‍ എത്തിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും കോട്ടുമലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കാനായിട്ടില്ല. കുട്ടികളുടെ രക്ഷിതാക്കളില്‍നിന്ന് പൂര്‍ണസമ്മതം ലഭിക്കാത്തതാണ് കാരണം. മലപ്പുറം ജില്ലയിലെ ഒരു വിഭാഗം മുസ്ലീം മതവിശ്വാസികള്‍ പ്രതിരോധ കുത്തിവെപ്പുകളെ എതിര്‍ക്കുന്നത് ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കുന്നു. മതവിശ്വാസത്തിന് എതിരാണെന്ന ചില മുസ്ലീം സംഘടനകളുടെ പ്രചരണമാണ് ഇതിന് പിന്നില്‍. രോഗപ്രതിരോധവും മതവിശ്വാസവും തമ്മില്‍ കൂട്ടികുഴക്കുകയാണ് ചിലര്‍. കൃത്യമായി ആളുകളിലേക്ക് പ്രതിരോധ വാക്‌സിനുകള്‍ എത്തിക്കാനാവാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വലയുന്നു. പുതിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ആരോഗ്യവകുപ്പ് ഉദ്ഘാടന ചടങ്ങ് നടത്തും. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ഒരു തന്ത്രം കൂടിയാണിത്. ഉദ്ഘാടകന്‍ ഏതെങ്കിലും മതപണ്ഡിതനായിരിക്കും. അദ്ദേഹം സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ആളുകള്‍ കുത്തിവെയ്‌പ്പെടുക്കാന്‍ തയ്യാറാകും. ഏതാനും ചില മതനേതാക്കള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ മതവിശ്വാസവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സന്ദേശം നല്‍കാന്‍ മുന്നോട്ട് വരുന്നുണ്ട്. മലയാളത്തില്‍ 'തൊണ്ടമുള്ള്' എന്നറിയപ്പെടുന്ന ഡിഫ്തീരിയ സാധാരണയായി ഒന്നു മുതല്‍ അഞ്ച് വയസ്സുവരേയുള്ള കുട്ടികളെയാണ് ബാധിക്കുക. ഇപ്പോള്‍ പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗം മൂലം രോഗബാധയുണ്ടാകുന്ന കുട്ടികളുടെ പ്രായം 5നു മുകളിലായിട്ടുണ്ട്. രോഗമുണ്ടാക്കുന്നത് കൊറൈനി, ബാക്ടീരിയം ഡിഫ്തീരിയ ബാക്ടീരിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍മാത്രം കണ്ടെത്തിയിട്ടുള്ള ഈ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചര്‍മ്മത്തിലാണ് പെരുകുന്നത്. സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറുകണികകളിലൂടെ അടുത്തുള്ളവര്‍ക്ക് ശ്വസനവായുവിലൂടെയാണ് രോഗം പകരുന്നത്. രോഗിയുടെ സ്രവങ്ങള്‍ പുരണ്ട ഗ്ലാസ്സുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍, അണുനാശിനിയില്‍ മുക്കാത്ത തെര്‍മോമീറ്റര്‍ ഇവ വഴിയും രോഗം പകരാവുന്നതാണ്. ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ദരിദ്രസാഹചര്യങ്ങളിലും രോഗം പകരാന്‍ സാധ്യത കൂടുതലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.