ഐ‌എസ് റിക്രൂട്ട്‌മെന്റ്: കേരളത്തിലെ ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Wednesday 16 September 2015 4:18 pm IST

തിരുവനന്തപുരം: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ ആദ്യത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്ന് യു‌എഇ സ്ഥിരീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയവഴി ആളുകളെ റിക്രൂട്ട്‌ചെയ്യാന്‍ ശ്രമിച്ചതിനാണ് റിയാദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ സിറിയയിലാണെന്ന് സംശയം. കരിപ്പൂര്‍ പോലീസാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം ഐഎസ് ബന്ധം സംശയിച്ചു നാലുപേരെ ഇന്റലിജന്‍സ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്ത നാലു പേരില്‍ ഒരാള്‍ റിയാദിന്റെ സഹോദരനാണ്. ചോദ്യം ചെയ്‌തവരില്‍ രണ്ടുപേരെ പിന്നീട് വിട്ടയച്ചിരുന്നു. ഗള്‍ഫില്‍ ഐഎസ് ബന്ധം ആരോപിച്ച് നിരവധി ഭാരതീയരെ തിരിച്ചയച്ചിരുന്നു. ഇവരില്‍ മലയാളികളും ഉണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിയാദ് സിറിയയിലുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളികളെ ഉപയോഗിക്കുന്നുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.