ഉത്തരവിന് പുല്ലുവില; റോഡു കയ്യേറ്റം തുടരുന്നു

Wednesday 16 September 2015 7:41 pm IST

ആലപ്പുഴ: ജില്ലാകളക്ടറുടെ ഉത്തരവു കാറ്റില്‍പറത്തി റോഡരികില്‍ കൈയേറ്റം തുടരുന്നു. ദേശീയപാതയോരത്തും പൊതുമരാമത്ത് റോഡുകളുടെയും ഇരുവശങ്ങളിലുമുള്ള അനധികൃത കൈയേറ്റം അടിയന്തരമായി നീക്കണമെന്ന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും കൈയേറ്റം ഒഴിപ്പിക്കാന്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളോ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോ പോലീസോ തയാറായിട്ടില്ല. ദേശീയപാതയോരത്തു മത്സ്യക്കച്ചവടവും വ്യാപകമാണ്. തേങ്ങ, കരിക്ക്, പഴം, പച്ചക്കറി വില്‍പ്പനകളും തകൃതിയായി നടക്കുന്നു. പരസ്യബോര്‍ഡുകളും രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും ഫഌക്‌സ് ബോര്‍ഡുകളും ദേശീയപാതയോരം കൈയടക്കി. ഗതാഗതത്തിനും ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലും പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കരുതെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊക്കെ കടലാസിലൊതുങ്ങുകയാണ്. കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലാക്കാന്‍ ഉദ്യോഗസ്ഥരാരും ശ്രമിക്കാത്താതിനാല്‍ റോഡരികിലെ കൈയേറ്റങ്ങള്‍ വര്‍ധിക്കുകയാണ്. സംസ്ഥാന പാതയോരങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. അമ്പലപ്പുഴ-തിരുവല്ല റോഡിലും എ-സി റോഡിലും അനധികൃത കൈയേറ്റം വ്യാപകമായിരിക്കുകയാണ്. കാല്‍നടയാത്രയ്ക്കും ഗതാഗതത്തിനും തടസമാകുന്ന രീതിയിലാണ് ഇവിടെ കൈയേറ്റം. ഓടയും നടപ്പാതയും കൈയേറിയുള്ള വഴിയോരക്കച്ചവടം പോലീസും അറിഞ്ഞമട്ടില്ല. കൈയേറ്റം അടിയന്തരമായി ഒഴിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നു കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാലിതു നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഈ രീതി തുടര്‍ന്നാല്‍ അനധികൃത കൈയേറ്റം ഇനിയും വ്യാപകമാകാനാണ് സാധ്യത. അടിയന്തരമായി ഈ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സാധാരണക്കാരന് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീര്‍ പി. ഡബ്ലിയു.ഡി(റോഡ്‌സ്) വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.