നബി സിനിമയ്ക്ക് ഇറാന്റെ പിന്തുണ

Wednesday 16 September 2015 9:59 pm IST

ന്യൂദല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ചിത്രത്തിന് പിന്തുണയുമായി പ്രമുഖ ഇസ്ലാമിക രാജ്യം ഇറാന്‍. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ഒരുക്കിയ ചിത്രം അനിസ്ലാമികമല്ലെന്ന് ന്യൂദല്‍ഹിയിലെ ഇറാന്‍ എംബസി വ്യക്തമാക്കി. മുംബൈയിലെ റാസ അക്കാദമി എന്ന സുന്നി മുസ്ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയ്‌ക്കെതിരെ വിശദീകരണവുമായി റഹ്മാന്‍ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ ഇറാന്റെ നടപടി. ചിത്രം ഇസ്ലാമിക മൂല്യങ്ങളെ അപമാനിക്കുന്നില്ലെന്ന് എംബസി വിശദീകരിക്കുന്നു. കണ്ട ശേഷമേ അഭിപ്രായം പറയാവു. അല്ലാതെയുള്ളത് ശരിയായ നടപടിയല്ല. ഇസ്ലാമിനെ പ്രതിരോധിക്കുന്നതില്‍ എന്നും ജാഗ്രത പുലര്‍ത്തുന്ന രാജ്യമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ചിത്രത്തിന് സംഗീതം നല്‍കിയത് ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെന്നും ഇസ്ലാമിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നുമാണ് റഹ്മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം, ചിത്രം കാണാതെയാണ് റാസ അക്കാദമി ഫത്‌വയുമായി രംഗത്തെത്തിയതെന്ന് വ്യക്തമായി. ഫത്‌വ പുറപ്പെടുവിച്ച മുഫ്തി മഹമൂദ് അഖത്രൂല്‍ ഖദ്രിയോ, താനോ സിനിമ കണ്ടിട്ടില്ലെന്ന് റാസ അക്കാദമി ജനറല്‍ സെക്രട്ടറി സയീദ് നൂറി. കൂടുതല്‍ മതപണ്ഡിതരും ഫത്‌വയ്‌ക്കെതിരെ രംഗത്തെത്തി. ഫത്‌വകള്‍ പുറപ്പെടുവിക്കും മുന്‍പ് കൂടുതല്‍ ശ്രദ്ധ വേണമെന്ന ആവശ്യവും ഇവരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു. ദല്‍ഹിയിലെ മൗലാന വാഹിദുദ്ദീന്‍ ഖാന്‍, മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി മൗലന സഹീര്‍ അബ്ബാസ് റിസ്‌വി തുടങ്ങിയവര്‍ പരസ്യമായി രംഗത്തെത്തിയവരില്‍ പ്രമുഖര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.