കുട്ടനാട്ടില്‍ പുഞ്ചക്കൃഷിക്ക് ഒരുക്കങ്ങളായി; സര്‍ക്കാര്‍ കര്‍ഷകവഞ്ചന തുടരുന്നു

Wednesday 16 September 2015 10:11 pm IST

ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പുഞ്ചക്കൃഷിക്ക് കളമൊരുങ്ങുന്നതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രം നല്‍കി നെല്‍കര്‍ഷകരെ കബളിപ്പിക്കുന്നു. റബ്ബര്‍മേഖലയിലെ വിഷയങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടുന്ന സര്‍ക്കാര്‍ അന്നം നല്‍കുന്ന നെല്‍കര്‍ഷകരെ അവഗണിക്കുകയാണ്. പമ്പിങ് പൂര്‍ണമായും സൗജന്യമാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കകാലയളവില്‍ മന്ത്രി കെ. എം. മാണി കുട്ടനാട്ടിലെത്തിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷം അഞ്ചാകാറായിട്ടും നടപ്പായില്ല. കര്‍ഷകരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തോടാണ് സര്‍ക്കാരിന്റെ ഈ നിഷേധാത്മക സമീപനം. സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങിയ കാലയളവില്‍ പ്രഖ്യാപിച്ച കൈകാര്യച്ചെലവ് തന്നയാണ് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും നല്‍കുന്നത്. ഇതിനിടെ കൂലിച്ചെലവ് പല മടങ്ങ് വര്‍ദ്ധിച്ചു. നിലവില്‍ പന്ത്രണ്ട് രൂപയാണ് കൈകാര്യച്ചെലവായി സര്‍ക്കാര്‍ നല്‍കുന്നത്. ഇത് കുറഞ്ഞത് അന്‍പത് രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. നിലവില്‍ പമ്പിങ് സബ്‌സിഡി അറുന്നൂറെന്നുള്ളത് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. കരാറുകാര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്‍കര്‍ഷകരെ സഹായിക്കുന്നതാനായി കിസാന്‍ ലോട്ടറി തുടങ്ങുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. കര്‍ഷക പെന്‍ഷന്‍ കുടിശിഖ കാലാവധി അഞ്ചുമാസമായി വര്‍ദ്ധിച്ചു. നെല്ലിന്റെ സംഭരണവില 14.50 രൂപയായി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടും വില വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നെല്ലിന്റെ താങ്ങുവില 20 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നതും പ്രഖ്യാപനം മാത്രമായി ഒതുങ്ങി. സംഭരിക്കുന്ന നെല്ലിന്റെ വില ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്ന പ്രഖ്യാപനവും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. എല്ലാ സീസണിലും മാസങ്ങള്‍ വൈകി നിരവധി സമരങ്ങള്‍ക്ക് ശേഷമാണ് കര്‍ഷകര്‍ക്ക് നെല്ലുവില ലഭിക്കാറുള്ളത്. ഇത്തവണ പുഞ്ചകൃഷിയ്ക്ക് തുടങ്ങിയിട്ടും കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കഴിഞ്ഞ പുഞ്ചക്കൃഷി സീസണില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ഈ കാലയളവിലെ പമ്പിങ് സബ്‌സിഡിയും ഇനിയും വിതരണം ചെയ്തിട്ടില്ല. സാധാരണനിലയില്‍ സബ്‌സിഡി അടുത്ത പുഞ്ചക്കൃഷിക്ക് മുമ്പായി വിതരണം ചെയ്യാറുളളതാണ്. എങ്കിലും കര്‍ഷകര്‍ മുറപോലെ ബ്ലേഡു പലിശയ്ക്കുവരെ കടമെടുത്ത് കൃഷി ചെയ്യുകയാണ്. കുട്ടനാട്ടില്‍ കായല്‍മേഖലയില്‍ പുഞ്ചകൃഷിക്ക് പമ്പിങ് തുടങ്ങി. 770 ഏക്കറുള്ള മതികായല്‍, 800 ഏക്കറുള്ള മാരാന്‍ കായല്‍ എന്നിവിടങ്ങളിലാണ് പമ്പിങ് ആരംഭിച്ചത്. എച്ച് ബ്ലോക്ക്, മാര്‍ത്താണ്ഡം, ഇരുപത്തിനാലായിരം, 3,500, 6,000 തുടങ്ങിയ കായല്‍ നിലങ്ങളിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പമ്പിങ് ആരംഭിക്കും. മറ്റ് കായല്‍ നിലങ്ങളിലും സമയബന്ധിതമായി തന്നെ പുഞ്ചക്കൃഷി ആരംഭിക്കാനാകുമെന്ന് കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥ അനുകൂലമായതിനാലും കൃത്യസമയത്തുതന്നെ പമ്പിങ് ആരംഭിച്ചതിനാലും പുഞ്ചക്കൃഷിയില്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്. മുപ്പതോടെ വെള്ളംവറ്റിച്ച് തുലാം പതിനഞ്ചോടെ വിതയ്ക്കാനാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. അതിനിടെ കുട്ടനാട്ടില്‍ രണ്ടാംകൃഷി വിളവെടുപ്പ് ഈ മാസം ഇരുപതോടെ തുടങ്ങും. പതിനായിരത്തിലേറെ ഹെക്ടറിലാണ് കൃഷി ചെയ്തത്. അന്‍പതിനായിരത്തിലേറെ ടണ്‍ വിളവാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.